ശമ്പള പരിഷ്കരണം: കാലാവധി നീട്ടണമെന്ന് കമീഷൻ
text_fieldsകൊച്ചി: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്കരിക്കാൻ നിയോഗിച്ച കമീഷൻ കാലാവധി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ചു. മേയ് അഞ്ചിന് അവസാനിക്കുന്ന കാലാവധി ഡിസംബർ 31 വരെ നീട്ടണമെന്നാണ് ആവശ്യം. ലോക്ഡൗൺ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങൾ കാര്യമായി മുന്നോട്ടുപോകാത്ത സാഹചര്യത്തിലാണിത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ ലോക്ഡൗണിൽ കമീഷൻ പ്രവർത്തനം താളംതെറ്റുക കൂടി ചെയ്തതോടെ ശമ്പളപരിഷ്കരണം വൈകുമെന്ന് ഉറപ്പായി.
നിലവിൽ ശമ്പളത്തിനും പെൻഷനുമായി പ്രതിമാസം 4000 കോടി വേണം. പരിഷ്കരണം സർക്കാറിന് വരുത്തിവെക്കുന്ന സാമ്പത്തികബാധ്യത ചെറുതല്ല. എന്നാൽ, അടുത്തവർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇക്കാര്യത്തിൽ ഉദാരസമീപനമാകും സർക്കാർ സ്വീകരിക്കുകയെന്നാണ് സൂചന. മറ്റ് മേഖലകളിലെ സാമ്പത്തിക അച്ചടക്കം ശമ്പള പരിഷ്കരണത്തിെൻറ കാര്യത്തിൽ ഉണ്ടാകാനിടയില്ല. ജീവനക്കാരുടെ സംഘടനകൾ ഉയർത്തുന്ന സമ്മർദം തന്നെയാകും മുഖ്യതടസ്സം. കഴിഞ്ഞ നവംബർ ആറിനാണ് റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. മോഹൻദാസ് ചെയർമാനായി 11ാം ശമ്പള കമീഷനെ നിയോഗിച്ചത്.
ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദേശം. ഫെബ്രുവരി പത്തിന് കമീഷൻ ഓഫിസ് പ്രവർത്തനം തുടങ്ങി. ചോദ്യാവലി പ്രസിദ്ധീകരിക്കുകയും മറുപടി സമർപ്പിക്കാൻ മാർച്ച് 15 വരെ സമയം അനുവദിക്കുകയും ചെയ്തിരുന്നു. ഇത് മേയ് 15 വരെ നീട്ടി. വകുപ്പ് മേധാവികളുമായും സാമ്പത്തികവിദഗ്ധരുമായും പ്രാഥമികചർച്ച നടത്തുക മാത്രമാണ് ചെയ്തതെന്നും ജീവനക്കാരുടെ സംഘടനകളിൽനിന്ന് തെളിവെടുക്കുന്നതടക്കം നടപടികൾ പൂർത്തിയാകാനുണ്ടെന്നും കമീഷൻ ചെയർമാൻ കെ. മോഹൻദാസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ലോക്ഡൗണിൽ നടപടികൾ തടസ്സപ്പെട്ടതിനാലാണ് കാലാവധി നീട്ടിച്ചോദിച്ചത്. സർക്കാറിെൻറ തീരുമാനം അറിഞ്ഞശേഷമാകും തുടർനടപടികൾ എന്നും ചെയർമാൻ അറിയിച്ചു. പത്താംശമ്പള പരിഷ്കരണത്തിെൻറ കാലാവധി കഴിഞ്ഞ ജൂൺ 30ന് അവസാനിച്ചു. അതിനാൽ 2019 ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളം പരിഷ്കരിക്കാനാണ് തീരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.