തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണമെത്തിച്ചത് ഭക്ഷ്യവസ്തുക്കളെന്ന പേരിലാണെന്ന് കസ്റ്റംസിെൻറ റിമാൻഡ് റിപ്പോർട്ടിൽ. തിരുവനന്തപുരത്തേക്ക് ബാഗേജ് അയച്ചത് യു.എ.ഇയിൽ ഭക്ഷ്യവസ്തുക്കളുടെ സ്റ്റോർ നടത്തുന്ന ഫാസിൽ എന്നയാളാണെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു.
കാർഗോ ബുക്ക് ചെയ്തത് ഫാസിലും ക്ലിയറൻസിനുള്ള പണം നൽകിയത് സരിത്തുമാണ്. കേസിലെ ഒന്നാം പ്രതിയായ സരിത്തിെൻറ നിർദേശപ്രകാരമാണ് ഫാസിൽ കാർഗോ ബുക്ക് ചെയ്ത് ഭക്ഷ്യവസ്തുക്കൾ പാക്ക് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ബാഗേജിൽ സ്വർണം വെച്ചത് ഫാസിൽ തന്നെയാണോ എന്ന കാര്യത്തിൽ അന്വേഷണം നടത്തേണ്ടതുണ്ട്.
കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും അതിനാൽ തന്നെ വിശദമായ അന്വേഷണം ആവശ്യമാണെന്നും കസ്റ്റംസ് പറയുന്നു. സരിത്തിെൻറ റിമാൻഡ് റിപ്പോർട്ടിലാണ് കസ്റ്റംസ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഡിപ്ലോമാറ്റിക് കാർഗോ വഴി സാധനങ്ങൾ അയച്ചത് സംബന്ധിച്ചും അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
15 കോടി രൂപയോളം വിലമതിക്കുന്ന 30 കിലോ സ്വർണമാണ് കസ്റ്റംസ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥയും ഐ.ടി വകുപ്പിന് കീഴിെല കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചറിൽ ഓപറേഷൻസ് മാനേജറുമായിരുന്ന സ്വപ്ന സുരേഷാണ് സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകയെന്നാണ് കേസിൽ പിടിയിലായ സരിത്തിെൻറ മൊഴി. സ്വപ്ന സുരേഷ് ഒളിവിലാണ്.