തിരുവനന്തപുരം: ഐ.ടി സെക്രട്ടറിയായിരുന്ന കാലത്ത് എം. ശിവശങ്കര്‍ വകുപ്പിലും അനുബന്ധ സ്ഥാപനങ്ങളിലുമായി നടത്തിയ മുഴുവന്‍ നിയമനങ്ങളും ധനകാര്യ പരിശോധനവിഭാഗം അന്വേഷിക്കും. ഇതുസംബന്ധിച്ച് സർക്കാർ നിർേദശം നല്കി. കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിയും ധന അഡീഷനല്‍ ചീഫ് സെക്രട്ടറിയും നടത്തിയ അന്വേഷണത്തിെൻറ റിപ്പോര്‍ട്ടില്‍ ഐ.ടി വകുപ്പിലെ നിയമനങ്ങള്‍ പരിശോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
സ്വപ്ന സുരേഷിന് ഐ.ടി വകുപ്പിനു കീഴിലുള്ള സ്പേസ് പാര്‍ക്കില്‍ നിയമനം നല്കാന് ശിപാര്‍ശ ചെയ്തത് ശിവശങ്കര്‍ ആണെന്ന് കഴിഞ്ഞദിവസം സസ്പെന്ഷന് ഉത്തരവില്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഐ.ടി വകുപ്പിന് കീഴിലെ മുഴുവന്‍ സ്ഥാപനങ്ങളിെലയും നിയമനങ്ങളും കണ്‍സള്‍ട്ടന്‍സി വിവരങ്ങളും അന്വേഷിക്കണമെന്ന് സി.പി.ഐ മന്ത്രിമാരും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിെൻറ ഓഫിസിലെ ജീവനക്കാരെയും മാറ്റി. പേഴ്സനല്‍ അസിസ്റ്റൻറ് വി. രാജേന്ദ്രനെ പരിസ്ഥിതിവകുപ്പ് ജോയൻറ് സെക്രട്ടറിയുടെ ഓഫിസിലേക്ക് സ്ഥലംമാറ്റി. ഐ.ടി സെക്രട്ടറിയുടെ ഓഫിസിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻറ് ഗ്രേഡ്- ഒന്നായ ആര്. ശശികലയെ വ്യവസായവകുപ്പിലേക്കും മാറ്റിനിയമിച്ചു.