You are here

കോവിഡിനിടയിലും വൈദ്യുതി മോഷണം; 16 ലക്ഷം പിഴ

  • മോഷണത്തിൽ റിട്ട. വൈദ്യുതി വകുപ്പ് ജീവനക്കാരനും 

12:35 PM
25/07/2020
electricity-theft

തൊടുപുഴ: കോവിഡ് കാലത്തും ജില്ലയിൽ വൈദ്യുതി മോഷണത്തിന്​ മുടക്കമുണ്ടായില്ല. വൈദ്യുതിവകുപ്പ് ആൻറി പവർ തെഫ്‌റ്റ് സ്ക്വാഡ് വാഴത്തോപ്പ് യൂനിറ്റ് നടത്തിയ പരിശോധനകളിൽ മൂന്നുമാസത്തിനിടെ 16,22,330 രൂപയാണ്​ പിഴയിനത്തിൽ ലഭിച്ചത്​. വൈദ്യുതി മോഷണത്തിൽ റിട്ട. വൈദ്യുതി വകുപ്പ് ജീവനക്കാരനടക്കം ഉൾപ്പെട്ടിട്ടുണ്ട്​.

ഈ സാമ്പത്തിക വർഷം ഏപ്രിൽ ഒന്നുമുതൽ ജൂൺ 30 വരെ നടത്തിയ പരിശോധനകളിൽ അഞ്ച്​ വൈദ്യുതി മോഷണവും രണ്ട്​ വൈദ്യുതി ദുരുപയോഗവും കണ്ടെത്തി. തൊടുപുഴ, കല്ലൂർക്കാട്, ഉപ്പുതറ തുടങ്ങിയ മേഖലകളിലാണ്​ ക്രമക്കേടുകൾ കണ്ടെത്തിയത്. ആകെ 154 ഇടങ്ങളിലാണ്​ ഇക്കാലയളവിൽ മിന്നൽ പരിശോധന നടത്തിയത്.

ജില്ലയിലെ ഉൾനാടൻ ഗ്രാമപ്രദേശങ്ങളിലും എസ്​റ്റേറ്റ്​ മേഖലകളിലുമാണ് മോഷണം ഏറെയും നടന്നത്. അധികൃതരുടെ ശ്രദ്ധ പെട്ടെന്ന് എത്തിപ്പെടില്ല എന്നതുതന്നെ കാരണം. വൈദ്യുതി ലൈനിൽനിന്ന്​ േനരിട്ട്​ വൈദ്യുതി എടുക്കുന്നതാണ്​ പലരുടെയും രീതി. വലിയ തോട്ടങ്ങളിലൂടെയും മറ്റും കടന്നുപോകുന്ന വൈദ്യുതി ലൈനിൽനിന്നും വൈദ്യുതി മോഷ്​ടിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി.

പ്രധാനമായും പമ്പിങ് ആവശ്യത്തിനാണ് ഇത്തരത്തിൽ വൈദ്യുതി മോഷ്​ടിക്കുന്നതെന്നാണ്​ വിവരം. ഈ വർഷം പിടികൂടിയ വൈദ്യുതി മോഷണങ്ങളിലൊന്ന് ഇത്തരത്തിൽ ഉള്ളതായിരുന്നു. മീറ്ററിൽ റീഡിങ് വരാത്തവിധം വൈദ്യുതി മോഷ്​ടിച്ചതിനാണ്​  നാലു പേർ പിടിയിലായത്. ലോക്ഡൗൺ നിയന്ത്രണങ്ങൾ പരിശോധനകളെ ബാധിച്ചിരുന്നു. 

അതേസമയം, വൈദ്യുതി മോഷണവും ദുരുപയോഗവും തടയാൻ വരും ദിവസങ്ങളിൽ പരിശോധന ഊർജിതമായി തുടരാനാണ്​ സ്ക്വാഡി​​െൻറ തീരുമാനം. വൈദ്യുതി മോഷണത്തെക്കുറിച്ച്​ വിവരം ലഭിക്കുന്നവർ 04862-235281, 9446008164 ഇവയിൽ ഏതെങ്കിലും നമ്പറിൽ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.

Loading...
COMMENTS