സിൽവർലൈൻ സമരം കോൺഗ്രസ് പുനരാരംഭിക്കുന്നു
text_fieldsതിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരെ സമരം പുനരാരംഭിക്കാനൊരുങ്ങി കോൺഗ്രസ്. വെള്ളിയാഴ്ച ചേരുന്ന നിർവാഹകസമിതി യോഗത്തിന് മുന്നോടിയായി നടന്ന കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിലാണ് സമരകാര്യത്തിൽ ധാരണ. ഇന്നത്തെ നിർവാഹകസമിതി യോഗം അന്തിമ തീരുമാനമെടുക്കും. കർഷകസമരത്തിന് സമാനമായവിധം മാർച്ച് മധ്യത്തോടെ സിൽവർലൈനെതിരായ സമരം പുനരാരംഭിക്കാനാണ് ഭാരവാഹികളുടെ യോഗത്തിലെ ധാരണ. പ്രാദേശിക തലത്തിൽ ആരംഭിച്ച്, പദ്ധതിമൂലം ജനങ്ങൾ കൂടുതൽ ദുരിതം നേരിടേണ്ടിവരുമെന്ന് കരുതപ്പെടുന്ന മൂന്നോ നാലോ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നിരന്തര സമരം നടത്തും.
പുതിയ ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പ്രഖ്യാപനം മൂന്നോ നാലോ ദിവസത്തിനകം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് യോഗത്തിൽ അറിയിച്ചു. ജില്ലകളിൽ നിന്നുള്ള ഭാരവാഹികളുടെ കരട് പട്ടിക അന്തിമമാക്കും മുമ്പ് അതത് ജില്ലകളിൽ നിന്നുള്ള കെ.പി.സി.സി ഭാരവാഹികളുമായി കൂടിയാലോചന വേണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നെങ്കിലും വ്യക്തമായ ഉറപ്പ് അക്കാര്യത്തിൽ നേതൃത്വം നൽകിയില്ല.
യൂനിറ്റ്തല കമ്മിറ്റി(സി.യു.സി)യുടെ കാര്യത്തിൽ ലക്ഷ്യമിട്ടതിന്റെ 60 ശതമാനം കൈവരിക്കാൻ സാധിച്ചുവെന്ന് കെ.പി.സി.സി പ്രസിഡന്റ് യോഗത്തിൽ അറിയിച്ചു. ശേഷിക്കുന്ന 40 ശതമാസംകൂടി മാർച്ചിനകം രൂപവത്കരിക്കും. മൊത്തം ഒരു ലക്ഷം സി.യു.സി രൂപവത്കരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ആലപ്പുഴ ജില്ലയുടെ സംഘടന ചുമതലയിൽനിന്ന് തന്നെ മാറ്റിയതിലെ അതൃപ്തി പ്രതാപവർമ തമ്പാൻ യോഗത്തിൽ സൂചിപ്പിച്ചുവെങ്കിലും മറ്റ് ഭാരവാഹികൾ ആരും അതേപ്പറ്റി പരാമർശിക്കാൻ തയാറായില്ല. വി.ഡി. സതീശൻ-രമേശ് ചെന്നിത്തല മൂപ്പിളത്തർക്കവും യോഗത്തിൽ ആരും പരാമർശിച്ചില്ല. രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ഡയറി പ്രകാശന ചടങ്ങിൽ സതീശനും ചെന്നിത്തലയും പങ്കെടുത്തിരുന്നു. ഇന്ന് രാവിലെ പത്തരക്കാണ് പാർട്ടിയിലെ മുഴുവൻ പ്രധാനനേതാക്കളും പങ്കെടുക്കുന്ന കെ.പി.സി.സി നിർവാഹകസമിതി ചേരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

