കോഴിക്കോട്: അഞ്ചരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി കെട്ടിട സമുച്ചയം പാട്ടത്തിെനടുത്ത അലിഫ് ബിൽഡേഴ്സ് ഉടമയടക്കം രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് കുനിയിൽകടവ് റോഡിലെ അലിഫ് ബില്‍ഡേഴ്സ് മാനേജിങ് പാർട്ണർ മൊയ്തീൻ കോയ, മലപ്പുറം കാവനൂര്‍ അരീക്കോട് സ്വദേശി വട്ടക്കണ്ടതൊടി നിയാസ് എന്നിവര്‍ക്കെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തത്. മലപ്പുറം കിഴക്കുംപാടം സ്വദേശിയും പ്രവാസിയുമായ മുഹമ്മദ് യൂനസിെൻറ പരാതിയിലാണ് കേസ്.
2016ൽ സൗദിയിലെ ക്വാറി ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 5.67 കോടി തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. സൗദിയില്‍ അറബ് പൗരെൻറ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ വ്യാജ രേഖകൾ കാണിച്ചായിരുന്നു ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞത്.
2017 മാര്‍ച്ച് മൂന്നു വരെ പല തവണകളായി നേരിട്ടും ബാങ്ക് മുഖേനയുമാണ് യൂനുസ് ഇത്രയും തുക കൈമാറിയത്. എന്നാല്‍, പറഞ്ഞ ബിസിനസ് ആരംഭിക്കാതെ കൈപ്പറ്റിയ തുകയുപയോഗിച്ച് പ്രതികള്‍ സ്വന്തമായി മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി വ്യാപാര സമുച്ചയം പാട്ടത്തിനെടുക്കുകയും ബന്ധുക്കളുടെ പേരില്‍ വസ്തുക്കള്‍ വാങ്ങിക്കൂട്ടുകയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
നടക്കാവ് ഇൻസ്പെക്ടർ ആര്. ഹരിപ്രസാദാണ് കേസന്വേഷിക്കുന്നത്. കെ.എസ്.ആർ.ടി.സി ടെർമിനലുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനില്‍ക്കെയാണ് കെട്ടിടം പാട്ടത്തിനെടുത്ത അലിഫ് ബില്‍ഡേഴ്സിനെതിരെ പൊലീസ് കേസെടുത്തത്. അതേസമയം, കേസ് സംബന്ധിച്ച് അലിഫ് അധികൃതർ പ്രതികരിക്കാൻ തയാറായില്ല.