You are here

ആരോപണം തന്നിലേക്ക് തിരിയുമോ എന്ന് കടകംപള്ളി ഭയപ്പെടുന്നു -പി.ടി തോമസ്

11:30 AM
15/02/2020
ptthomas

തിരുവനന്തപുരം: കേരളാ പൊലീസിനെതിരായ സി.എ.ജി റിപ്പോർട്ട് ചോർന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ആരോപണം തള്ളി കോൺഗ്രസ് നേതാവ് പി.ടി തോമസ് എം.എൽ.എ. ഉണ്ട മോഷണത്തിന് പെഴ്സണൽ സ്റ്റാഫിനെ പിടിച്ചതിന്‍റെ വികാരമാണ് കടകംപള്ളിയുടെ പ്രതികരണത്തിന് കാരണം. സംഭവം തന്നിലേക്ക് തിരിയുമോ എന്ന ഭയമാണ് കടകംപള്ളിക്ക് ഉള്ളതെന്നും പി.ടി തോമസ് പറഞ്ഞു. 

നിയമസഭയിൽ താൻ പറയുന്ന കാര്യങ്ങൾ പഠിച്ചും ആസൂത്രിതമായും ആണ്. വഴിപ്പോക്കൻ പറയുന്നത് കേട്ട് താൻ ആരോപണം ഉന്നയിക്കാറില്ല. സി.എ.ജി റിപ്പോർട്ട് ചോർത്തേണ്ട ആവശ്യം തനിക്കില്ല. പൊലീസ് തലപ്പത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ടെന്നും പി.ടി തോമസ് ചൂണ്ടിക്കാട്ടി. 

ആരോപണവുമായി മന്ത്രി കടകംപള്ളി മുന്നോട്ടു പോവുകയാണെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തും. അതിനുള്ള രേഖകൾ പൊലീസ് ആസ്ഥാനത്ത് നിന്ന് തനിക്ക് ലഭിക്കും. വലിയ ക്രമക്കേട് നടത്തിയത് കൊണ്ടാണ് ലോക്നാഥ് ബെഹ്റയുടെ പേര് സി.എ.ജി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 

യു.ഡി.എഫ് കാലത്തെ കാര്യങ്ങളും അന്വേഷിക്കാൻ പറഞ്ഞത് പ്രതിപക്ഷ നേതാവ് ആണ്. യു.ഡി.എഫ് ഭരണത്തിലെ അഴിമതി കണ്ടെത്താൻ പിണറായി സർക്കാർ അധികാരത്തിലേറിയപ്പോൾ മന്ത്രി എ.കെ ബാലന്‍റെ നേതൃത്വത്തിൽ സബ് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. എന്നാൽ, ഒരു അഴിമതി പോലും പുറത്തു കൊണ്ടുവരാൻ ഇടത് സർക്കാറിന് സാധിച്ചിട്ടില്ലെന്നും പി.ടി തോമസ് ചൂണ്ടിക്കാട്ടി. 


 

Loading...
COMMENTS