തിരുവനന്തപുരം: സിനിമ- സീരിയൽ താരത്തിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഡല്‍ഹി സാഗര്‍പുര്‍ സ്വദേശി ഭാഗ്യരാജ് (22)ആണ് പിടിയിലായത്. പ്രത്യേക അന്വേഷണസംഘം ഡല്‍ഹിയില്‍ നിന്നുമാണ ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്ത, സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് കന്യാകുമാരി സ്വദേശി മണികണ്ഠന് ശങ്കറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സിറ്റി പോലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. നടി പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികളെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് നടി പ്രവീണ പ്രതികരിച്ചു. സഹപ്രവർത്തകരായ പല നടികൾക്കുമെതിരെ ഇത്തരത്തിലുള്ള അതിക്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഭൂരിഭാഗം പ്രതികരിക്കാൻ തയ്യാറാകാത്തതാണ് കുറ്റവാളികൾക്ക് പ്രോത്സാഹനമാകുന്നത്. എല്ലാവരും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായാൽ പരാതിയുമായി രംഗത്തെത്തണമെന്ന് അവർ കൂട്ടിച്ചേർത്തു.