You are here

ടോറസ്​ ലോറി ബൈക്കിന്​ പിന്നിൽ ഇടിച്ച്​ കുടുംബത്തിലെ മൂന്നുപേർ മരിച്ചു

09:29 AM
01/03/2018

കായംകുളം: അമിത വേഗത്തിൽ എത്തിയ ടോറസ്​ ലോറി ബൈക്കിന് പിന്നിൽ ഇടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ആലപ്പുഴ അവലൂക്കുന്ന് കാളാത്ത് വള്ളിക്കാട്ട്പറമ്പിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ രാജമ്മ (60), മകൻ അനിൽകുമാർ (രാജീവ് -40), അനിൽകുമാറി​​െൻറ മകൻ മിഥുൻ (അച്ചു -ആറ്​) എന്നിവരാണ് മരിച്ചത്. കെ.പി റോഡിൽ കുറ്റിത്തെരുവ് ജങ്​ഷന് കിഴക്കുവശത്ത് വ്യാഴാഴ്ച രാവിലെ 7.30ഒാടെയായിരുന്നു അപകടം.

റോഡി​​െൻറ ഇടതുവശം ചേർന്ന് അടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിന് പിന്നിൽ ടോറസ്​ ലോറി ഇടിക്കുകയായിരുന്നു. രാജമ്മയും മിഥുനും ലോറിക്ക് അടിയിലേക്ക് വീണു. ഇവരുടെ ദേഹത്തുകൂടി ലോറി കയറി. പത്തുമീറ്ററോളം ലോറി ഇവരെയും വലിച്ചുകൊണ്ടുപോയി. രാജമ്മ തൽക്ഷണം മരിച്ചു. രാജീവിനെ ആലപ്പുഴ മെഡിക്കൽ കോളജിലും മിഥുനെ കായംകുളം ഗവ. ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. അടൂരിൽ താമസിക്കുന്ന മകൾ രശ്മിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു മൂവരും. ലോറി ൈഡ്രവർ ഓടി രക്ഷപ്പെട്ടു. സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സി.സി ടി.വിയിൽ പതിഞ്ഞ അപകടദൃശ്യം പൊലീസ്​ പരിശോധിച്ചു. ലോറി പൊലീസ്​ കസ്​റ്റഡിയിൽ എടുത്തു. 

വാഹനങ്ങളിൽ പിന്നാലെ വന്നവരും ഓടിക്കൂടിയ നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആലപ്പുഴ ജില്ല മണ്ണ് പരിശോധന കേന്ദ്രത്തിലെ പാർട്ട്​ ടൈം ജീവനക്കാരിയാണ് രാജമ്മ. അവർ കളർകോടാണ്​ താമസിച്ചുവന്നത്​. പ്ലംബർ ആയ രാജീവ് വിദേശത്തായിരുന്നു. ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. കളർകോട് എൽ.പി സ്​കൂളിലെ ഒന്നാംക്ലാസ്​ വിദ്യാർഥിയാണ് മിഥുൻ. മൃതദേഹങ്ങൾ വെള്ളിയാഴ്ച രാവിലെ 11ന് ആര്യാട്​ കാളാത്തുള്ള ബന്ധുവി​​െൻറ വീട്ടുവളപ്പിൽ സംസ്​കരിക്കും.
 

COMMENTS