കിടപ്പുരോഗിയായ ഭർത്താവിന്‍റെ കഴുത്തറുത്ത് വീട്ടമ്മ ജീവനൊടുക്കി
text_fieldsകുളമാവ് (ഇടുക്കി): കിടപ്പുരോഗിയായ ഭർത്താവിന്‍റെ കഴുത്തറുത്തശേഷം വീട്ടമ്മ തൂങ്ങിമരിച്ചു. കരിപ്പലങ്ങാട് കൊളപ്പുറത്ത് സുകുമാന്‍റെ (69) കഴുത്തറുത്ത ശേഷം ഭാര്യ മിനിയാണ് (54) ജീവനൊടുക്കിയത്. പൊലീസ് ആശുപത്രിയിൽ എത്തിച്ച സുകുമാരൻ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് സംഭവം.
മക്കളില്ലാത്ത ദമ്പതികൾ കരിപ്പലങ്ങാട്ടെ വീട്ടിലാണ് താമസം. നാലുവർഷം മുമ്പ് മറവിരോഗം ബാധിച്ച സുകുമാരൻ എട്ടുമാസം മുമ്പ് വീണ് പരിക്കേറ്റതോടെ കിടപ്പുരോഗിയായി. സുകുമാരനെ നോക്കാൻ ഹോം നഴ്‌സിനെ ഏർപ്പെടുത്തിയിരുന്നു. ബുധനാഴ്ച രാവിലെ ഹോം നഴസ് സോണിയ വീട്ടിലെത്തിയപ്പോൾ ഗേറ്റും വീടും പൂട്ടിയിട്ട നിലയിൽ കണ്ടു. തുടർന്ന് അയൽവാസികളെ വിവരം അറിയിച്ചു. അയൽവാസികൾ എത്തിയപ്പോൾ വീട് ഉള്ളിൽനിന്ന് പൂട്ടിയ നിലയിലായിരുന്നു. അറിയിച്ചതനുസരിച്ച് പൊലീസെത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോൾ മിനിയെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലും സുകുമാരനെ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച നിലയിലും കണ്ടു. ഉടൻ സുകുമാരനെ പൊലീസ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
കഴുത്തിൽ 32 തുന്നിക്കെട്ടുണ്ട്. രക്തം കട്ടപിടിച്ചതിനാൽ മുറിവ് മാരകമായില്ല. വൈകീട്ടോടെ സുകുമാരനെ വീട്ടിലേക്ക് പറഞ്ഞയച്ചു. മിനിയുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

