പ്രൗഢി നിറഞ്ഞ ചടങ്ങില്‍ അവര്‍ ‘അപ്പോത്തിക്കിരികളും മാലാഖമാരു’മായി
text_fieldsതൃശൂര്‍: ഗൗണുകളും തലപ്പാവുകളും തീര്‍ത്ത വര്‍ണശോഭ ഉത്സവാന്തരീക്ഷം പകര്‍ന്ന പ്രൗഢഗംഭീര ചടങ്ങില്‍ ഭാവിയിലെ ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പെട്ട ആതുര സേവന രംഗത്തെ ആയിരങ്ങള്‍ ബിരുദം ഏറ്റുവാങ്ങി. കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയുടെ അഞ്ചാമത് ബിരുദദാനം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിര്‍വഹിച്ചു. ബിരുദ കോഴ്സുകളിലെ റാങ്ക് ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണ മെഡല്‍ സമ്മാനിച്ചു. ബിരുദധാരികള്‍ക്ക് സത്യവാചകവും അദ്ദേഹം ചൊല്ലിക്കൊടുത്തു.
സര്‍വകലാശാലാ പരീക്ഷകളില്‍ വിജയികളായ എല്ലാവര്‍ക്കും ഒരുമിച്ച് ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. സര്‍വകലാശാലക്ക് കീഴില്‍ വരുന്ന സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ മേഖലകളിലുള്ള കോളജുകളില്‍നിന്ന് 4277 വിദ്യാര്‍ഥികള്‍ക്കുള്ള ബിരുദപ്രഖ്യാപനമാണ് ചടങ്ങില്‍ നടത്തിയത്. മെഡിസിനില്‍ 1423ഉം ഡെന്‍റല്‍ സയന്‍സില്‍ 252ഉം ആയുര്‍വേദത്തില്‍ 437ഉം സിദ്ധയില്‍ 28ഉം ഹോമിയോപ്പതിയില്‍ 83ഉം നഴ്സിങ്ങില്‍ 487ഉം ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസില്‍ 1194ഉം അലൈഡ് ഹെല്‍ത്ത് സയന്‍സസില്‍ 373 പേരും ഉള്‍പ്പെടെയാണിത്.
ഇവരില്‍ 906 പേര്‍ വ്യത്യസ്ത പഠനമേഖലകളിലുള്ള പി.ജി സൂപ്പര്‍ സ്പെഷ്യാലിറ്റി ബിരുദധാരികളാണ്. 1387 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ഓരോ വിഭാഗവും വ്യത്യസ്ത നിറമുള്ള ഗൗണും തലപ്പാവും അണിഞ്ഞാണ് ചടങ്ങില്‍ പങ്കെടുത്തത്. റാങ്ക് ജേതാക്കളായ കോഴിക്കോട് എ.ഡബ്ള്യു.എച്ച് സ്പെഷല്‍ കോളജിലെ അഭീഷ്ണ അശോക് (ബി.പി.ടി), ഹന ബഷീര്‍ (ബി.എ.എസ്.എല്‍.പി), തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലെ സൂസമ്മ വര്‍ഗീസ് (ബി.എസ്സി ഒപ്ടോമെട്രി), തിരുവനന്തപുരം ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളജിലെ ജി.എസ്. അഞ്ജു (ബി.എ.എം.എസ്), ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളജിലെ കെ.വി. വൃന്ദ (ബി.എസ്.എം.എസ്), തൃശൂര്‍ പി.എസ്.എം കോളജിലെ കെ.എന്‍. നിംസിയ (ബി.ഡി.എസ്), തിരുവനന്തപുരം വിദ്യാധിരാജ ഹോമിയോ മെഡിക്കല്‍ കോളജിലെ എസ്. ഷിവാനി (ബി.എച്ച്.എം.എസ്), തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ അലീന എലിസബത്ത് ആന്‍ഡ്രൂസ് (എം.ബി.ബി.എസ് ), ചാലക്കുടി സെന്‍റ് ജയിംസ് കോളജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസിലെ രേഷ്മ കെ. കുമാര്‍ (ബി. ഫാം) എന്നിവര്‍ക്ക് സ്വര്‍ണമെഡല്‍ സമ്മാനിച്ചു. ബിരുദദാനചടങ്ങിനുശേഷം വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുമായി ഗവര്‍ണര്‍ ആശയവിനിമയം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
