എസ്.ഐ പരീക്ഷക്കത്തെിയ വനിതാ ഉദ്യോഗാര്‍ഥിയെ ഇന്‍വിജിലേറ്റര്‍ അധിക്ഷേപിച്ചെന്ന്
text_fieldsതിരുവനന്തപുരം: പി.എസ്.സി നടത്തിയ എസ്.ഐ പരീക്ഷ എഴുതാനത്തെിയ വനിതാ ഉദ്യോഗാര്‍ഥിയെ പരീക്ഷാഹാളില്‍ ഇന്‍വിജിലേറ്റര്‍ അധിക്ഷേപിച്ചതായി പരാതി. ചാല ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരീക്ഷ എഴുതാനത്തെിയ ആറ്റിങ്ങല്‍ സ്വദേശിനി അല്‍ഫോണ്‍സ പി. യേശുദാസിനാണ് ദുരനുഭവമുണ്ടായത്.
ഇതേ സ്കൂളിലെ അധ്യാപികയാണ് അധിക്ഷേപിച്ച ഇന്‍വിജിലേറ്ററെന്ന് ഉദ്യോഗാര്‍ഥി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മതംമാറിയ ഉദ്യോഗാര്‍ഥി പേരില്‍ മാറ്റം വരുത്തിയിരുന്നില്ല. പര്‍ദയും മഫ്തയും ധരിച്ച് പരീക്ഷ എഴുതാനത്തെിയ ഉദ്യോഗാര്‍ഥിയെ തുടക്കംമുതല്‍ ഇന്‍വിജിലേറ്റര്‍ സംശയദൃഷ്ടിയോടെയാണ് സമീപിച്ചത്. മൂന്ന് തിരിച്ചറിയല്‍ കാര്‍ഡ് ഉദ്യോഗാര്‍ഥി ഹാജരാക്കി. എന്നിട്ടും സംശയം പ്രകടിപ്പിച്ചപ്പോള്‍ മഫ്തമാറ്റി പരിശോധനക്ക് തയാറാണെന്ന് അറിയിച്ചു. ഇതിനിടെ സ്കൂളില്‍ പരീക്ഷാ ചുമതലയുള്ള പി.എസ്.സി ജീവനക്കാരന്‍ എത്തി രേഖകള്‍ പരിശോധിച്ച് പരീക്ഷ എഴുതാന്‍ അനുമതി നല്‍കി.
പരീക്ഷ എഴുതിക്കൊണ്ടിരിക്കെ ഇന്‍വിജിലേറ്റര്‍ തന്നെ വ്യക്തിപരമായി പലതവണ അധിക്ഷേപിച്ചെന്ന് ഉദ്യോഗാര്‍ഥി പറയുന്നു. മൂന്ന് വര്‍ഷമായി താന്‍ പി.എസ്.സി പരീക്ഷ എഴുതുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്തരത്തില്‍ അധിക്ഷേപമുണ്ടായതെന്നും അല്‍ഫോണ്‍സ പറഞ്ഞു.