പിണറായി; ഒരു പോരാട്ടദേശം
text_fields
കണ്ണൂര്‍: പിണറായി ഇന്ന് കേവലമൊരു സ്ഥലനാമമല്ല. സംസ്ഥാന മുഖ്യമന്ത്രിയുടെ നാമമായി അതു മാറുമ്പോള്‍ ആ പേരിനുപിന്നില്‍ യുദ്ധത്തിന്‍െറ കഥയുണ്ടെന്നത് കൗതുകം. ദേശീയപ്രസ്ഥാനത്തിന് ശക്തമായ വേരോട്ടമുണ്ടായിരുന്ന പിണറായി ഗ്രാമത്തിന് ആ പേര് വന്നത് നൂറ്റാണ്ടുകള്‍ക്കുമുമ്പ് നാട്ടുരാജാക്കന്മാര്‍ തമ്മിലുണ്ടായ യുദ്ധവുമായി ബന്ധപ്പെട്ടാണെന്ന് ഐതിഹ്യം. കോട്ടയം, കോലത്തുനാട് നാട്ടുരാജാക്കന്മാര്‍ തമ്മിലുണ്ടായ വഴക്ക് ആയിരക്കണക്കിന് യോദ്ധാക്കളുടെ ജീവനപഹരിച്ച ഘോരയുദ്ധമായി പരിണമിച്ചു. യുദ്ധമുഖത്ത് യോദ്ധാക്കള്‍ കൊല്ലപ്പെട്ടുവീണ പ്രദേശം ‘പിണമായി’ എന്നും പിന്നീട് ‘പിണറായി’ എന്നും അറിയപ്പെട്ടുവെന്നാണ് കഥ.
കഷ്ടപ്പാടുകള്‍ക്കിടയിലും പോരാടി മുന്നേറിയ ഇവിടത്തെ യുവനേതാവ് ഈ ജന്മനാടിന്‍െറ പേരില്‍ പ്രശസ്തനായി. ആ കമ്യൂണിസ്റ്റ് നേതാവ്, പിണറായി വിജയന്‍ കേരള മുഖ്യമന്ത്രിയാകുമ്പോള്‍ വാനോളം ഉയര്‍ത്തപ്പെടുന്നത് പിണറായി എന്ന ഗ്രാമം കൂടിയാണ്.
1930കളില്‍ സജീവമായിരുന്ന ദേശീയപ്രസ്ഥാനത്തോടൊപ്പം പിണറായിയിലെ കര്‍ഷക പ്രസ്ഥാനങ്ങളും തോളോടുതോള്‍ ചേര്‍ന്ന് അണിനിരന്നിരുന്നു. എ.കെ.ജിയുടെ നേതൃത്വത്തില്‍ വിദേശവസ്ത്ര ബഹിഷ്കരണ സമരമുറ ഉള്‍പ്പെടെ നടന്ന പിണറായിയില്‍ കൃഷിക്കാരുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട വാരം, പാട്ടം എന്നിവ കുറക്കണമെന്നാവശ്യപ്പെട്ട് 1938ല്‍ കോട്ടയം രാജാവിന്‍െറ കോവിലകത്തേക്ക് കര്‍ഷകത്തൊഴിലാളികളെ അണിനിരത്തി നടത്തിയ ജാഥ ഈ പ്രദേശത്തെ വര്‍ഗസമര ചരിത്രം ഉജ്ജ്വലമാക്കി.
പരമ്പരാഗതമായി കാര്‍ഷിക മേഖലയായിരുന്ന ഗ്രാമത്തില്‍ നൂറുകണക്കിന് ഹെക്ടര്‍ വിസ്തീര്‍ണമുണ്ടായിരുന്ന വിശാലമായ പിണറായി വയല്‍ പില്‍ക്കാലത്ത് മണ്ണിട്ടുനികത്തി പറമ്പുകളാക്കി മാറ്റി. തെങ്ങുകൃഷിയിലും നാളികേര ഉല്‍പാദനത്തിലും മാത്രമല്ല, കള്ളുചത്തെ് വ്യവസായത്തിലും അറിയപ്പെടുന്ന പിണറായി ഗ്രാമത്തില്‍ പില്‍ക്കാലത്ത് രൂപവത്കൃതമായ സഹകരണ സംഘങ്ങള്‍ നാടിന്‍െറ വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
ജന്മിത്തത്തിനെതിരായ ജനമുന്നറ്റത്തിന്‍െറ ഉത്തമദൃഷ്ടാന്തമായിരുന്ന സമരത്തിന്‍െറ തുടര്‍ച്ചയെന്നോണം 1939ല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപംകൊണ്ടത് പിണറായിയിലെ പാറപ്രം സമ്മേളനത്തിലാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനം പിറന്ന ഗ്രാമത്തില്‍നിന്ന് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന് സി.പി.എം ഉന്നതാധികാര സമിതിയായ പോളിറ്റ്ബ്യൂറോയില്‍ വരെ എത്തിയ പിണറായി വിജയന്‍ ഇന്ന് കേരളത്തിലെ പാര്‍ട്ടിയുടെ അവസാന വാക്കാണ്.
സഹകരണഗ്രാമം എന്നുവരെ വിളിക്കാവുന്ന ഈ ഗ്രാമത്തിന്‍െറ സമ്പദ്ഘടനയെ നിയന്ത്രിക്കുന്നതില്‍ പിണറായി വീവേഴ്സ് ഇന്‍ഡസ്ട്രിയല്‍ കോഓപറേറ്റിവ് സൊസൈറ്റി, പിണറായി കോഓപറേറ്റിവ് ബീഡി സൊസൈറ്റി, പിണറായി ക്ഷീരോല്‍പാദക സഹകരണ സംഘം, പിണറായി ടൈല്‍സ് ആന്‍ഡ് സോമില്‍ വര്‍ക്കേഴ്സ് ഇന്‍ഡസ്ട്രിയല്‍ കോഓപറേറ്റിവ് സൊസൈറ്റി തുടങ്ങിയവ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്.