Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെമ്പിലെ ഭൂമിയിളവ്:...

ചെമ്പിലെ ഭൂമിയിളവ്: അനുമതി നല്‍കിയ മന്ത്രിസഭാ യോഗത്തിലും നിയമവിരുദ്ധമെന്ന് കുറിപ്പ്

text_fields
bookmark_border
ചെമ്പിലെ ഭൂമിയിളവ്: അനുമതി നല്‍കിയ മന്ത്രിസഭാ യോഗത്തിലും നിയമവിരുദ്ധമെന്ന് കുറിപ്പ്
cancel

തിരുവനന്തപുരം: വൈക്കം താലൂക്കിലെ ചെമ്പില്‍ ‘സമൃദ്ധി വില്ളേജ് പ്രോജക്ടി’ന് ഭൂമിയിളവ് നല്‍കിയത് മന്ത്രിസഭായോഗത്തിലെ കുറിപ്പ് അവഗണിച്ച്. ഇളവ് നല്‍കുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗത്തില്‍വെച്ച കുറിപ്പിലെ ആദ്യഭാഗം. 150.73 ഏക്കര്‍ ഭൂമിയില്‍ പദ്ധതിക്ക് അനുമതി നല്‍കാന്‍ ചേര്‍ന്ന യോഗത്തില്‍വെച്ച കുറിപ്പ്, ക്രമക്കേട് പരിശോധിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ അന്വേഷണത്തില്‍ തിരിഞ്ഞുകുത്തും.

രണ്ടരപ്പേജുള്ള കുറിപ്പിലെ ഒന്നരപ്പേജിലും ഭൂമി തണ്ണീര്‍ത്തടവും പുറമ്പോക്കുമാണെന്ന വിശദീകരണമാണ്. എന്നാല്‍, 1500 കോടി നിക്ഷേപവും ആയിരക്കണക്കിന് തൊഴിലവസരവും വരുമെന്ന വ്യവസായവകുപ്പിന്‍െറ നിര്‍ദേശം പരിഗണിച്ചാണ് ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. അതിനാല്‍ ചെമ്പിലെ ഉത്തരവ് വിവാദമായിട്ടും പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. മെത്രാന്‍ കായല്‍പോലെ അതേ കുടത്തില്‍നിന്ന് പുറത്തുവന്ന ഭൂതംതന്നെയാണ് ചെമ്പിലെ ഉത്തരവും.

സമൃദ്ധി ഗ്രൂപ് 2013ല്‍ ഭൂമി ഇളവിന് സര്‍ക്കാറിനെ സമീപിച്ചിരുന്നു. അന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ‘ടൗണ്‍ഷിപ്പിന് പോക്കുവരവ് ചെയ്തിട്ടുള്ള മുഴുവന്‍ നിലങ്ങളും 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്‍െറ പരിധിയില്‍ ഉള്‍പ്പെടുന്നതാണെന്നും ഇത് നിയമപ്രകാരം സംരക്ഷിക്കേണ്ടതാണെന്നും സ്ഥലങ്ങള്‍ പരിവര്‍ത്തനം ചെയ്താല്‍ ആവാസവ്യവസ്ഥയെ ബാധിക്കുമെന്നും’ അറിയിച്ചതായി മുഖ്യമന്ത്രി കുറിപ്പില്‍ രേഖപ്പെടുത്തി. പദ്ധതിയുടെ പൊതുതാല്‍പര്യം തിട്ടപ്പെടുത്താനും കഴിഞ്ഞില്ല.

എന്നാല്‍, കമ്പനി 2015ല്‍ സര്‍ക്കാറിനെ വീണ്ടും സമീപിച്ചു. പദ്ധതിക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടറുടെമേല്‍ സമ്മര്‍ദമുണ്ടായി. എന്നിട്ടും കലക്ടര്‍ വസ്തുതകള്‍ മറച്ചുവെച്ചില്ല. മുമ്പ് നല്‍കിയ റിപ്പോര്‍ട്ട് വസ്തുതാപരമാണെന്നും 58.03 ഹെക്ടര്‍ ഭൂമി രേഖയിലും കാഴ്ചയിലും നിലമാണെന്നുമുള്ള റിപ്പോര്‍ട്ട് നല്‍കി. അതേസമയം, വ്യവസായ വികസന കോര്‍പറേഷനാണ് പദ്ധതി പരിശോധിച്ച് അനുമതി നല്‍കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്. അവരാകട്ടെ വിനോദ സഞ്ചാരം, വിദ്യാഭ്യാസം, വിവര സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലുണ്ടാവുന്ന മുതല്‍മുടക്കാണ് ചൂണ്ടിക്കാണിച്ചത്.

Show Full Article
TAGS:CHENBU LAND THEFT 
Next Story