മത്തി വക നഷ്ടം 150 കോടി
text_fieldsകൊച്ചി: ഇഷ്ട മത്സ്യമായ മത്തി കിട്ടാതായതോടെ കഷ്ടത്തിലായത് സാധാരണക്കാര്‍ മാത്രമല്ല; സര്‍ക്കാറും. കറിച്ചട്ടിയില്‍നിന്ന് മത്തി അപ്രത്യക്ഷമായതിനൊപ്പം സംസ്ഥാനത്തുണ്ടായ വരുമാന നഷ്ടം 150 കോടി രൂപയാണ്. ഒപ്പം മത്സ്യബന്ധന മേഖലയില്‍ 28 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടവും. മത്തിയുടെ വിലയില്‍ 60 ശതമാനത്തിന്‍െറ വര്‍ധനയുണ്ടാവുകയും ചെയ്തു.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മത്തിക്ഷാമം മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. മത്സ്യമേഖലയെ മെച്ചപ്പെടുത്തുന്നതിന് ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ സി.എം.എഫ്.ആര്‍.ഐയില്‍ ഗവേഷണ സ്ഥാപനങ്ങളുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് മത്തിക്ഷാമത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചത്.
അതിര്‍ത്തി കടന്നുള്ള മത്സ്യബന്ധനം, പ്രജനനസമയത്തിലെ മാറ്റം, എല്‍നിനോ പ്രതിഭാസം, അമിതമായ തോതില്‍ കുഞ്ഞുങ്ങളെ പിടിച്ചെടുക്കല്‍ തുടങ്ങിയവയാണ് ജനകീയ മത്സ്യമായ മത്തി കുറയുന്നതിനുള്ള പ്രധാന കാരണങ്ങളായി കണ്ടത്തെിയത്. 2010-12 കാലയളവില്‍ വന്‍തോതില്‍ കുഞ്ഞുങ്ങളെ പിടിച്ചത് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ മത്തി കുറയുന്നതിന് പ്രധാന കാരണമായി. ഈ വര്‍ഷവും മത്തിവര്‍ധനക്ക് സാധ്യതയില്ല. സി.എം.എഫ്.ആര്‍.ഐ ഫിഷറി എണ്‍വയണ്‍മെന്‍റ് ആന്‍ഡ് മാനേജ്മെന്‍റ് ഡിവിഷന്‍ മേധാവി ഡോ വി. കൃപയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. മത്തിക്ഷാമത്തിന് പരിഹാരമായി മത്സ്യക്കുഞ്ഞുങ്ങളെ പിടിച്ച് കടത്തുന്നതിനുള്ള നിരോധം കൂടുതല്‍ ശക്തമാക്കണമെന്നാണ് നിര്‍ദേശം. മത്സ്യബന്ധന വലയുടെ നീളവും ആഴവും കുറക്കണമെന്നും നിര്‍ദേശമുണ്ട്.