കേരള ഹൗസ് ബീഫ് റെയ്ഡ്: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി വീണ്ടും കത്തയച്ചു
text_fieldsതിരുവനന്തപുരം: കേരള ഹൗസിലെ ബീഫ് റെയ്ഡിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വീണ്ടും കത്തയച്ചു. റെയ്ഡിൽ പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചകളാണ് കത്തിൽ ചൂണ്ടിക്കാണിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രമേ പരിശോധന നടത്താൻ പടുള്ളുവെന്നും എന്നാൽ പൊലീസ് ആ നിയമം പാലിച്ചിട്ടില്ലെന്നും കത്തിലുണ്ട്. ഡല്‍ഹി പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് സംസ്ഥാനത്തിന് നിയമോപദേശം ലഭിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിരോധിച്ച കന്നുകാലികളുടെ ഇറച്ചി വില്‍ക്കുന്ന സ്ഥലത്ത് പ്രവേശിക്കാനും പരിശോധന നടത്തി പിടിച്ചെടുക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ 1994ലെ ഡല്‍ഹി അഗ്രികള്‍ചറല്‍ കാറ്റില്‍ പ്രിസര്‍വേഷന്‍ ആക്ടിലെ 11ാം വകുപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
നിരോധിക്കപ്പെട്ട മാംസത്തിന്‍െറ വിപണനം നടക്കുന്നെന്ന് ഉത്തമബോധ്യം വന്നാല്‍ 11(1) വകുപ്പ് പ്രകാരം വെറ്ററിനറി ഓഫിസര്‍ക്കോ ചുമതലപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥര്‍ക്കോ മാത്രമേ പരിശോധനക്ക് അധികാരമുള്ളൂ. നോട്ടീസിന്‍െറ അടിസ്ഥാനത്തില്‍ മാത്രമേ ഈ അധികാരം വിനിയോഗിക്കാന്‍ പാടുള്ളൂ. 11(4) പ്രകാരം, കാര്‍ഷികവൃത്തിക്ക് ഉപയോഗിക്കുന്ന കാലികളെ കയറ്റുമതി ചെയ്യുന്നതോ ചെയ്യാന്‍ ഉദ്ദേശിച്ചതോ ആയ വാഹനം തടയാനും പരിശോധിക്കാനുമാണ് പൊലീസിന് അധികാരം. വില്‍പനക്കും വാങ്ങലിനും ഇറച്ചിക്കായും കാലികളെ കടത്തുന്നത് തടയാനാണ് ഈ അധികാരം ഉപയോഗിക്കുന്നത്. വാഹന പരിശോധനക്ക് മാത്രമാണ് പൊലീസിന് അധികാരമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അധികാരപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ നടത്തുന്ന തിരച്ചിലും പിടിച്ചെടുക്കലും സാധുവല്ളെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഷെഡ്യൂള്‍ 2 (എ) വിഭാഗത്തിലെ കന്നുകാലികളുടെ മാംസം ഉണ്ടോയെന്ന് പരിശോധിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്‍െറ ഡല്‍ഹിയിലെ ഓഫിസായ കേരള ഹൗസ് കോമ്പൗണ്ടില്‍ നോട്ടീസ് നല്‍കാതെ ഡല്‍ഹി പൊലീസ് പ്രവേശിച്ചത്.
പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിലുള്ള റെസിഡന്‍റ് കമീഷണറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കേരള ഹൗസ് പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹി പൊലീസിന്‍െറ നടപടി ഡല്‍ഹി അഗ്രികള്‍ചറല്‍ കാറ്റില്‍ പ്രിസര്‍വേഷന്‍ ആക്ടിന് വിരുദ്ധമാണ്. ഇവര്‍ക്ക് നടപടി സ്വീകരിക്കാനാവുന്ന ഒന്നും അവിടെ കണ്ടത്തെിയില്ല. അവരുടേത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 186, 353 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. നിയമം അനുസരിച്ച് പശു, കിടാങ്ങള്‍, കാളകള്‍, വണ്ടിക്കാളകള്‍ എന്നിവയെയാണ് കാര്‍ഷിക കന്നുകാലികളുടെ വിഭാഗത്തില്‍പെടുത്തി ഇറച്ചിവെട്ട് നിരോധിച്ചിരിക്കുന്നത്. കേരള ഹൗസില്‍ പോത്തിറച്ചിയാണ് വിളമ്പിയത്. ഇത് നിരോധിച്ച പട്ടികയിലില്ളെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.