സൗമിനി ജെയിന്‍ കൊച്ചി മേയര്‍
text_fieldsകൊച്ചി: ലത്തീൻ കത്തോലിക്ക നേതൃത്വത്തിെൻറ ശാഠ്യത്തിന് വഴങ്ങി മേയർ സ്ഥാനാർഥിയെ തീരുമാനിച്ച നടപടി കെ.പി.സി.സി തള്ളി. ഇതോടെ രണ്ടാംവട്ടം കോർപറേഷൻ കൗൺസിലറായ സൗമിനി ജയിനെ മേയർ സ്ഥാനത്തേക്ക് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ നിശ്ചയിച്ചതായി ഡി.സി.സി പ്രസിഡൻറ് വി.ജെ. പൗലോസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സഭ നോമിനിയായ ഷൈനിമാത്യു, ആഗ്ലോ ഇന്ത്യൻ പ്രതിനിധി ഡെലീന പിൻഹീറോ എന്നിവരെ തള്ളിയാണ് തീരുമാനം. പുതുമുഖമായ ഷൈനി മാത്യുവിനെ ആദ്യ രണ്ടര വർഷവും ശേഷിച്ച രണ്ടര വർഷം സൗമിനിയെ മേയറാക്കാനും തിങ്കളാഴ്ചയെടുത്ത തീരുമാനമാണ് കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ മാറ്റിമറിച്ചത്. പാർലമെൻററി പാർട്ടിയിലെ പരിചയം പരിഗണിക്കാതെ എടുത്ത തീരുമാനം അംഗീകരിക്കില്ലെന്നായിരുന്നു സുധീരെൻറ നിലപാട്. സമുദായ താൽപര്യമല്ല യോഗ്യതയും സീനിയോറിറ്റിയുമാണ് നോക്കേണ്ടതെന്നും അദ്ദേഹം നിലപാടെടുത്തു.
ലത്തീൻ കത്തോലിക്ക സഭ ബിഷപ്പും ആർച്ച് ബിഷപ്പും അടക്കം മുന്നോട്ട് വെച്ച ഷൈനിയുടെ പേര് തള്ളിക്കളയാനാകില്ലെന്നും ഇതുണ്ടായാൽ നിയമസഭ തെരഞ്ഞെടുപ്പിലടക്കം കോൺഗ്രസിന് ദോഷം ചെയ്യുമെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടിയെങ്കിലും സുധീരൻ പിൻവാങ്ങാൻ തയാറായില്ല. വീതംവെപ്പ് പോലും പറ്റില്ലെന്നും പരിചയ സമ്പത്തും സീനിയോറിറ്റിയുമാകണം തീർത്തും മാനദണ്ഡമെന്നും ഇത് മറികടക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം കർശന നിർദേശം നൽകി. അതേസമയം, മൂന്നാം വട്ടം കൗൺസിലറായ ഡെലീന പിൻഹീറോ എന്നിട്ടും തഴയപ്പെട്ടു. സൗമിനിയെയാണ് മേയർ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയതെന്ന ന്യായമാണ് ഇതിന് മറയാക്കിയത്.
സൗമിനിയുടെ പേര് സുധീരനും താൽപര്യമുണ്ടായിരുന്നതായാണ് സൂചന. ഷൈനിയെ ആദ്യവും സൗമിനിയെ രണ്ടാമതും മേയറാക്കാൻ തീരുമാനിച്ചതിന് പിന്നാലെ ഇത് അംഗീകരിക്കില്ലെന്നും താനാണ് പാർട്ടിയിലും പാർലമെൻററി പാർട്ടിയിലും സീനിയറെന്ന വാദവുമായി ഡെലീന രംഗത്തെത്തിയിരുന്നു.
ലത്തീൻ സമുദായത്തിൽനിന്ന് തന്നെയാകണം മേയർ എന്ന നിലപാട് ലത്തീൻ സഭ നേതൃത്വം എടുത്തതോടെയാണ് മേയറെ നിശ്ചയിക്കുന്നത് കീറാമുട്ടിയായത്.
അതിനിടെ ജില്ലാപഞ്ചായത്ത് പ്രസിഡൻറായി ആശ സനിൽ, വൈസ് പ്രസിഡൻറായി ബി.എ അബ്ദുൽ മുത്തലിബ് എന്നിവരെ നിർത്താനും എ–ഐ ഗ്രൂപ്പുകൾ ധാരണയായി. ഐ വിഭാഗക്കാരിയായ ആശ, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡൻറാണ്. മുത്തലിബ് കെ.പി.സി.സി സെക്രട്ടറിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
