ഒന്നിനും വിലയില്ല; നട്ടെല്ലൊടിഞ്ഞ് കര്‍ഷകര്‍
text_fieldsനാളികേരവില കൂപ്പുകുത്തി
ഉള്ള്യേരി(കോഴിക്കോട്): കേരകര്‍ഷകരെ പ്രതിസന്ധിയിലാക്കി നാളികേരവില കുത്തനെ ഇടിയുന്നു. ദിനംപ്രതിയെന്നോണം കിലോക്ക് ഒരുരൂപവെച്ച് കുറഞ്ഞ് ഇപ്പോള്‍ പച്ചത്തേങ്ങയുടെ വില 17 രൂപയിലത്തെി. കഴിഞ്ഞ വെള്ളിയാഴ്ച 22 രൂപവരെ ഉണ്ടായിരുന്നു. 10 മാസംമുമ്പ് 35 രൂപവരെ ലഭിച്ചിരുന്നസ്ഥാനത്താണ് ഈ വിലയിടിവ്. കൊപ്ര ക്വിന്‍റലിന് 6350 രൂപയാണ് വിപണിവില. ആനുപാതികമായി വെളിച്ചെണ്ണവിലയും കുറഞ്ഞിട്ടുണ്ട്. മൂന്നുമാസത്തോളം വലിയ ഏറ്റക്കുറച്ചിലില്ലാതെ 22 രൂപയില്‍ പച്ചത്തേങ്ങയുടെ വില സ്ഥിരമായി നിന്നിരുന്നു.
വെളിച്ചെണ്ണയുടെ ചെലവുകുറഞ്ഞതും കേരളവിലയെക്കാള്‍ കുറവില്‍ തമിഴ്നാട് കൊപ്ര വിപണിയില്‍ ലഭിക്കുന്നതും വിലയിടിവിന് കാരണമായി പറയുന്നു. എന്നാല്‍, വില ഇടിക്കാന്‍ വന്‍കിട കമ്പനികളുടെ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായും സൂചനയുണ്ട്. അതേസമയം, വിപണി കൂപ്പുകുത്തിയിട്ടും വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ഒരുപരിധിവരെ കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്ന കേരഫെഡിന്‍െറ കൊപ്രസംഭരണം ഇപ്പോള്‍ പൂര്‍ണമായും വന്‍കിടക്കാരുടെ കൈകളിലത്തെി. കര്‍ഷകര്‍ക്ക് യഥാസമയം പണം കിട്ടാത്തതിനാല്‍ കൃഷിഭവന്‍ മുഖേനയുള്ള സംഭരണവും ഫലപ്രദമാവുന്നില്ല.
കുത്തനെ ഇടിഞ്ഞ് റബര്‍
കോട്ടയം: ഡിസംബര്‍ തുടങ്ങിയപ്പോള്‍ കിലോക്ക് 103 രൂപ ഉണ്ടായിരുന്ന ആര്‍.എസ്.എസ് അഞ്ച് ഇനത്തിന് മാസം അവസാനിക്കുമ്പോള്‍ 95 രൂപയായി കൂപ്പുകുത്തി. ശനിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ആര്‍.എസ്.എസ് -നാല് റബറിന് 98.50, ആര്‍.എസ്.എസ് -അഞ്ച് 95.50, തരംതിരിക്കാത്തതിന് 88 എന്നനിലയിലാണ് വ്യാപാരം നടന്നത്. ഒട്ടുപാലിന് 56 രൂപയാണ് വില. ഇനിയുള്ള ദിവസങ്ങളില്‍ വില വര്‍ധിക്കാനുള്ള സാഹചര്യം ഇപ്പോഴത്തെനിലയില്‍ ഇല്ളെന്നുമാത്രമല്ല, കുറയാനും സാധ്യതയുണ്ടെന്നാണ് വിപണിവൃത്തങ്ങള്‍ പറയുന്നത്.
രണ്ടുവര്‍ഷം മുമ്പ് ആര്‍.എസ്.എസ് -നാലിന് 164 രൂപയായിരുന്നു. 2011 ഏപ്രിലില്‍ 243 രൂപയും 2010ല്‍ 200 രൂപയായും നിലനിന്ന വിലയാണ് ഇന്നത്തെനിലയിലേക്ക് ദയനീയമായി ഇടിഞ്ഞത്. ഇറക്കുമതിയും അന്താരാഷ്ട്രവിലയിലെ കുറവുമാണ് വിലത്തകര്‍ച്ചക്ക് കാരണം. വിലത്തകര്‍ച്ചയെ തുടര്‍ന്ന് കര്‍ഷകര്‍ ഉല്‍പാദനത്തില്‍നിന്ന് പിന്തിരിഞ്ഞെങ്കിലും ഇറക്കുമതിയുടെ കാര്യത്തില്‍ നിയന്ത്രണമില്ലാത്തതിനാല്‍ വില വര്‍ധിക്കുന്നില്ല. കുറഞ്ഞ വിലയ്ക്ക് കമ്പനികള്‍ക്ക് റബര്‍ ലഭിക്കുകയും ചെയ്യുന്നു. മികച്ച വില കിട്ടിയിരുന്ന മുന്‍വര്‍ഷങ്ങളില്‍ ഒമ്പത് ലക്ഷം മെട്രിക് ടണ്‍ ഉല്‍പാദനം നടന്നയിടത്ത് ഇപ്പോള്‍ അഞ്ചര ലക്ഷമായി താഴ്ന്നു. റബര്‍ ബോര്‍ഡിന്‍െറ കണക്കനുസരിച്ച് ഈ വര്‍ഷം 15 മുതല്‍ 20 ശതമാനം വരെ ഉല്‍പാദനം കുറഞ്ഞിട്ടുണ്ട്.
കുരുമുളകും താഴോട്ട്
കൊച്ചി: റബറിന് പിന്നാലെ കുരുമുളക് വിലയും കുത്തനെ താഴുന്നു. എറണാകുളം മൊത്ത വിപണിയില്‍ കഴിഞ്ഞ അഞ്ചുദിവസത്തിനിടെ ക്വിന്‍റലിന് 1700 രൂപയുടെ കുറവാണ് ഉണ്ടായത്.
തിങ്കളാഴ്ച മൊത്തവിപണിയില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ അണ്‍ഗാര്‍ബ്ള്‍ഡ് 65,900, പുതിയത് 64,400, ഗാര്‍ബ്ള്‍ഡ് 68,900 എന്നിങ്ങനെയായിരുന്നു മൊത്ത വില. എന്നാല്‍, ശനിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ അണ്‍ഗാര്‍ബ്ള്‍ഡ് 64,200, പുതിയത് 62,700, ഗാര്‍ബ്ള്‍ഡ് 67,200 എന്നിങ്ങനെയായി താഴ്ന്നു. നവംബര്‍ ആദ്യവാരം ദീപാവലിക്ക് കിലോ 700 രൂപവരെ ഉയര്‍ന്നിരുന്നു. അതാണ് ഒന്നരമാസംകൊണ്ട് പടിപടിയായി 642 രൂപയിലേക്കാണ് താഴ്ന്നിരിക്കുന്നത്. ദീപാവലി കഴിഞ്ഞതോടെ ഉത്തരേന്ത്യയില്‍ ആവശ്യകത കുറഞ്ഞതാണ് വിലയിടിവിന് കാരണമായി പറയുന്നത്.
കേരളത്തില്‍ ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് കുരുമുളക് വിളവെടുപ്പ് സീസണ്‍. വിളവെടുപ്പ് ആരംഭിച്ച് ഒരുമാസം കഴിയുമ്പോഴേക്കും വിപണിയില്‍ കൂടുതല്‍ കുരുമുളക് എത്തിത്തുടങ്ങും. ഇതോടെ വിലയില്‍ വീണ്ടും കുറവുണ്ടാകുമെന്നാണ് കര്‍ഷകര്‍ക്കിടയില്‍ ആശങ്ക പരന്നിരിക്കുന്നത്. കിലോക്ക് 800 രൂപയെങ്കിലും ലഭിച്ചാലേ മുതലെങ്കിലും ഒക്കുകയുള്ളൂ എന്ന് കര്‍ഷകര്‍ പറയുന്നു.
നേന്ത്രക്കുലക്ക് 22; കഴിഞ്ഞ തവണ 40
കല്‍പറ്റ: കനത്ത വിലയിടിവില്‍ നട്ടംതിരിയുകയാണ് നേന്ത്രവാഴകര്‍ഷകര്‍. കഴിഞ്ഞ സീസണില്‍ കിലോക്ക് 35-40 വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 22 രൂപയാണ് വില. നേന്ത്രവാഴയുടെ പ്രധാനകേന്ദ്രമായ വയനാട്ടില്‍ വര്‍ഷംതോറും കൃഷി കുറഞ്ഞുവരുകയാണ്. അമിതമായ രാസവളപ്രയോഗം മണ്ണിന്‍െറ പുളിപ്പ് കൂട്ടിയതോടെയാണ് ഉല്‍പാദനത്തില്‍ ഇടിവ് വരുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഒരു വാഴ കൃഷി ചെയ്യാന്‍ 160 രൂപ വരെയാണ് കര്‍ഷകന് ചെലവ്. 6-7 കിലോ തൂക്കമുള്ള കുലയാണ് ഒരു വാഴയില്‍നിന്ന് ശരാശരി ലഭിക്കുക. ഇതിനാല്‍, ഇപ്പോഴത്തെ 22 രൂപകൊണ്ട് ചെലവായ തുക പോലും കര്‍ഷകന് കിട്ടാത്ത സ്ഥിതിയാണ്.
പൈനാപ്പിളിന് നാലിലൊന്നായി
കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പൈനാപ്പ്ള്‍ വില നാലിലൊന്നായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം കിലോക്ക് 45 രൂപ വരെ ഉയര്‍ന്ന പൈനാപ്പ്ളിന്‍െറ വിലയാണ് കുത്തനെ ഇടിഞ്ഞത്. മുന്തിയ ഇനത്തിന് ഇപ്പോള്‍ 12.50 രൂപയാണ് ലഭിക്കുന്നത്. അല്ലാത്തവക്ക് പത്ത് രൂപയില്‍ താഴെയാണ് കിലോ വില. ഉത്തരേന്ത്യയില്‍ ആവശ്യകത കുറഞ്ഞതാണ് പൈനാപ്പ്ളിന്‍െറ വിലത്തകര്‍ച്ചക്ക് കാരണമായി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
