Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലങ്കയില്‍ മികച്ച...

ലങ്കയില്‍ മികച്ച പോളിങ്; പ്രതീക്ഷയോടെ രാജപക്സയും വിക്രമസിംഗെയും

text_fields
bookmark_border
ലങ്കയില്‍ മികച്ച പോളിങ്; പ്രതീക്ഷയോടെ രാജപക്സയും വിക്രമസിംഗെയും
cancel

കൊളംബോ: ശ്രീലങ്കയില്‍ എട്ടാം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. മുന്‍ പ്രസിഡന്‍റ് മഹിന്ദ രാജപക്സയും നിലവിലെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും അങ്കംകുറിക്കുന്ന തെരഞ്ഞെടുപ്പില്‍ 70 ശതമാനത്തിലേറെ വോട്ടര്‍മാര്‍ അവസരം ഉപയോഗപ്പെടുത്തിയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വോട്ടെടുപ്പ് പൂര്‍ത്തിയായ ഉടന്‍ ആദ്യം തപാല്‍ ബാലറ്റുകളും പിന്നീട് മറ്റുള്ളവയും എണ്ണും. വോട്ടെടുപ്പില്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും ആവേശകരമായ പോരാട്ടത്തെ ഉച്ചക്കു ശേഷമത്തെിയ മഴയും തടസ്സപ്പെടുത്തിയില്ല. ട്രിങ്കോമാലി, കാന്‍ഡി, നുവാര എലിയ എന്നിവിടങ്ങളില്‍ പോളിങ് 75 ശതമാനം കടന്നപ്പോള്‍ തമിഴ് സാന്നിധ്യം ശക്തമായ വടക്കന്‍ പ്രവിശ്യയില്‍, വിശിഷ്യാ ജാഫ്നയില്‍ തണുത്ത പ്രതികരണമായിരുന്നു. ചില കിഴക്കന്‍ മേഖലകളിലും പോളിങ് മോശമായിരുന്നുവെന്ന് സൂചനയുണ്ട്.
കഴിഞ്ഞ ഏഴു പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകളിലും ശരാശരി 75 ശതമാനം പോളിങ് നടന്ന ശ്രീലങ്കയില്‍ അവസാനമായി നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ അത്  81.52 ശതമാനത്തിലത്തെിയിരുന്നു.
22 തെരഞ്ഞെടുപ്പ് ജില്ലകളായി വിഭജിക്കപ്പെട്ട രാജ്യത്ത് 225 സീറ്റുകളിലേക്ക് 6151 പേരാണ് മത്സരരംഗത്തുള്ളത്. വിക്രമസിംഗെ മത്സരിക്കുന്ന യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടിയും (യു.എന്‍.പി) രാജപക്സയുടെ യുനൈറ്റഡ് പീപ്ള്‍സ് ഫ്രീഡം അലയന്‍സും (യു.പി.എഫ്.എ) തമ്മിലാണ് പ്രധാന മത്സരം. രാജപക്സ വിജയിക്കുകയും യു.പി.എഫ്.എ കേവല ഭൂരിപക്ഷം നേടുകയും ചെയ്താല്‍ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാന്‍ പ്രസിഡന്‍റ് സിരിസേന നിര്‍ബന്ധിതനാകും. ഇതാകട്ടെ, പുതിയ അധികാര വടംവലിയിലേക്ക് രാജ്യത്തെ തള്ളിയിടും.
ഒന്നര കോടിയിലേറെ വോട്ടര്‍മാര്‍ക്കായി 12,314 പോളിങ് സ്റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ 155 രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ 30,000 പ്രതിനിധികള്‍ എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി വിക്രമസിംഗെ കൊളംബോയിലും രാജപക്സ ജന്മഗ്രാമമായ ഹംബന്‍ടോടയിലും വോട്ട് രേഖപ്പെടുത്തി.

Show Full Article
TAGS:
Next Story