Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിപണിയിലെ തിരിച്ചടി...

വിപണിയിലെ തിരിച്ചടി മറികടക്കാന്‍ ചൈന യുവാന്‍െറ മൂല്യം കുറച്ചു

text_fields
bookmark_border
വിപണിയിലെ തിരിച്ചടി മറികടക്കാന്‍ ചൈന യുവാന്‍െറ മൂല്യം കുറച്ചു
cancel

ബെയ്ജിങ്: ആഗോള വിപണിയില്‍ അടുത്തിടെയായി ചൈന നേരിട്ട തിരിച്ചടികള്‍ മറികടക്കാന്‍ ചൈന സ്വന്തം നാണയത്തിന്‍െറ വിനിമയ മൂല്യം കുറച്ചു. കയറ്റുമതിയിലെ ഗണ്യമായ കുറവും നിര്‍മാണ മേഖലയിലെ തളര്‍ച്ചയും ചൈനയുടെ സാമ്പത്തിക മേഖലയില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് വിനിമയ മൂല്യം 1.9 ശതമാനം കുറച്ചത്. ഡോളറുമായി മൂന്നു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇതോടെ യുവാന്‍ വീണു (ഡോളറിന് 6.2298 യുവാന്‍). ഒൗദ്യോഗിക- വിപണി നിരക്കുകള്‍ ഏകീകരിച്ച് 1994ല്‍ നടത്തിയ മൂല്യം കുറക്കലിനു ശേഷം ആദ്യമായാണ് ഒറ്റ ദിവസത്തിനിടെ ഇത്രയും വലിയ വീഴ്ച.
അമേരിക്ക കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ചൈനയുടെ പുതിയ നീക്കം ആഗോള വിപണിയില്‍ വന്‍ ആഘാതം സൃഷ്ടിച്ചു. ചൈനീസ് കയറ്റുമതിയെ കൂടുതലായി ആശ്രയിക്കുന്ന യൂറോപ്യന്‍ ഓഹരികളില്‍ വന്‍ ഇടിവുണ്ടായി. കാര്‍ നിര്‍മാതാക്കളായ ബി.എം.ഡബ്ള്യുവിന്‍െറ ഓഹരി 2.7 ശതമാനവും ആഡംബര ഉല്‍പന്ന കമ്പനികളായ സ്വാച്ച്, എല്‍.വി.എം.എച്ച് എന്നിവയുടെത് മൂന്നു ശതമാനത്തിലേറെയും താഴ്ന്നു.
അതേ സമയം, ചൈന മൂല്യം കുറച്ചതോടെ അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെട്ടു. 0.2 ശതമാനമാണ് ഡോളറിന്‍െറ മൂല്യം ഉയര്‍ന്നത്. ആസ്ട്രേലിയന്‍ ഡോളര്‍ ഒരു ശതമാനത്തിലേറെ താഴോട്ടുപോയി. എണ്ണ വിപണിയിലും ഇതിന്‍െറ അനുരണനം അനുഭവപ്പെട്ടു. ബാരലിന് 50.02 ഡോളറാണ് ഇന്നലെ വില.
യൂറോയും ജപ്പാന്‍ നാണയമായ യെന്നുമുള്‍പെടെ നാണയങ്ങള്‍ക്ക് മൂല്യം കുറഞ്ഞപ്പോള്‍ യുവാന്‍ ശക്തിപ്പെട്ടത് ആഗോള വിപണിയില്‍ ചൈനയുടെ കുതിപ്പിന് തടസ്സമായിരുന്നു. പലിശ നിരക്ക് പലതവണയായി കുറച്ച് സമ്പദ്വ്യവസ്ഥക്ക് കരുത്തുപകരാനുള്ള ശ്രമങ്ങളും ഫലം കാണാതെ വന്നതോടെയാണ് നാണയത്തിന്‍െറ മൂല്യം കുറക്കുന്നത്. ഇതു മറ്റു സമ്പദ്വ്യവസ്ഥകളെ ബാധിച്ചേക്കുമെന്നതിനാല്‍ ദക്ഷിണ കൊറിയ ഉള്‍പെടെ കൂടുതല്‍ രാജ്യങ്ങള്‍ വിനിമയ മൂല്യം കുറക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

Show Full Article
TAGS:
Next Story