Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസമ്പൂര്‍ണ...

സമ്പൂര്‍ണ പരിഷ്കാരവുമായി ഇറാഖ് പ്രധാനമന്ത്രി

text_fields
bookmark_border
സമ്പൂര്‍ണ പരിഷ്കാരവുമായി ഇറാഖ് പ്രധാനമന്ത്രി
cancel

ബഗ്ദാദ്: അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പ്രതികരണവുമായി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ സമ്പൂര്‍ണ പരിഷ്കരണപദ്ധതി. വൈസ് പ്രസിഡന്‍റ്, ഉപ പ്രധാനമന്ത്രി തുടങ്ങിയ പദവികള്‍ ഇല്ലാതാക്കുന്ന പരിഷ്കാരപദ്ധതിയുമായാണ് പ്രധാനമന്ത്രി മുന്നോട്ട് വന്നിരിക്കുന്നത്. ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് ഫേസ്ബുക്കിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.
ഇറാഖിലെ ശിയാ വിഭാഗത്തിന്‍െറ മുതിര്‍ന്ന നേതാവ് ഗ്രാന്‍ഡ് ആയത്തുല്ല അലി അല്‍ സീസ്താനി കഠിനനടപടികള്‍ എടുക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പദവികള്‍ ഇല്ലാതാക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍ക്ക് ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭ അംഗീകാരംനല്‍കി. എന്നാല്‍ പാര്‍ലമെന്‍റിന്‍െറ അംഗീകാരവും ഭരണഘടനാ ഭേദഗതിയും ആവശ്യമാണ്. അതിനാല്‍ പെട്ടെന്നുള്ള പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ സാധ്യമല്ളെന്നാണ് വിലയിരുത്തല്‍.
എതിരാളിയും നിലവിലെ വൈസ് പ്രസിഡന്‍റുമായ നൂരി അല്‍ മാലികിക്ക് ഭീഷണിയാകുന്നതാണ് പുതിയ പരിഷ്കാരങ്ങള്‍. വൈസ് പ്രസിഡന്‍റ് സ്ഥാനം ഇല്ലാതാക്കുന്നത് മാലികിക്ക് വലിയ തിരിച്ചടിയാകുമെങ്കിലും ദഅ്വാ പാര്‍ട്ടിയിലും പുറത്തുമുള്ള അദ്ദേഹത്തിന്‍െറ സ്വാധീനം പ്രധാനമന്ത്രി അല്‍ അബാദിയുടെ നിലനില്‍പ് അപകടപ്പെടുത്താന്‍ സാധ്യതയുണ്ട്. മന്ത്രിമാരടക്കമുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ അടിമുടി മാറ്റം ആവശ്യമാണെന്ന് അബാദി നിര്‍ദേശിക്കുന്നു.
മന്ത്രിസഭയില്‍ പാര്‍ട്ടി, വിവിധ വിഭാഗങ്ങള്‍ എന്നിവര്‍ക്കുള്ള ക്വോട്ട ഇല്ലാതാക്കി പ്രധാനമന്ത്രി നിയമിക്കുന്ന കമ്മിറ്റി നിര്‍ദേശിക്കുന്നവരെ മാത്രമേ മന്ത്രിയായി തെരഞ്ഞെടുക്കാവൂ എന്നാണ് അബാദിയുടെ പരിഷ്കാരത്തില്‍ പറയുന്നത്. ഉദ്യോഗസ്ഥരുടെ സുരക്ഷാഭടന്മാരുടെ എണ്ണം കുറക്കണമെന്നും അബാദി ആവശ്യപ്പെടുന്നു.
അത്യുഷ്ണത്തിലും വൈദ്യുതിയും വെള്ളവുമില്ലാതെ കഷ്ടപ്പെട്ടിരുന്ന ജനങ്ങള്‍ സര്‍ക്കാറിന്‍െറ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ തെരുവിലിറങ്ങുകയായിരുന്നു. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ജനരോഷത്തിനിരയായിരുന്നു.
പ്രതിഷേധം കുറക്കാനായി പ്രധാനമന്ത്രി മുന്നോട്ടുവെച്ച നടപടികള്‍ തള്ളിയാണ് രാജ്യത്തെ ശിയാ വിഭാഗത്തിന്‍െറ പരമോന്നത നേതാവ് സീസ്താനി വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് വെള്ളിയാഴ്ച ആവശ്യപ്പെട്ടത്. അബാദിയുടെ നിര്‍ദേശങ്ങളെ അനുകൂലിച്ച് പ്രധാനപട്ടണങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു.

Show Full Article
TAGS:
Next Story