സിറിയയില്‍ 230 പേരെ ഐ.എസ് തട്ടിക്കൊണ്ടുപോയി
text_fieldsബൈറൂത്: മധ്യ സിറിയയിലെ ഹിംസ് പ്രവിശ്യയില്‍ ഐ.എസ് തീവ്രവാദികള്‍ 230 പേരെ തട്ടിക്കൊണ്ടുപോയി. അല്ഖര്യതൈന് ഗ്രാമത്തില്‍വെച്ച് കഴിഞ്ഞദിവസമാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നും ഇവരില്‍ നിരവധി ക്രിസ്ത്യന്‍ കുടുംബങ്ങളുമുണ്ടെന്നും ബ്രിട്ടന് ആസ്ഥാനമായുള്ള സിറിയന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു. പൗരാണിക നഗരമായ പാല്മിറക്കും ഖലമൂന്‍ പര്വതനിരക്കുമിടയിലുള്ള ഗ്രാമമാണ് ഖര്‍യതൈന്‍. തട്ടിക്കൊണ്ടുപോകലിനെ ആംനസ്റ്റി ഇന്റര്‍നാഷനല്‍ അപലപിച്ചു. 200ലധികം പേരെ തട്ടിക്കൊണ്ടുപോയ സംഭവം രാജ്യത്തെ പൗരന്മാര്ക്ക് ആശങ്കയുണ്ടാക്കുന്നതും രാജ്യത്തെ സങ്കീര്‍ണമായ സംഘര്ഷാവസ്ഥയെയുമാണ് കാണിക്കുന്നതെന്ന് ആംനസ്റ്റി സിറിയ ഗവേഷകന് നൈല്‍ സമോണ്സ് പറഞ്ഞു.
ഐ.എസ് തീവ്രവാദികള്‍ നഗരത്തില്‍ പ്രവേശിച്ച് നിര്‍ബന്ധിച്ച് വീടുകളില്‍നിന്ന് ഇറക്കി തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ സിറിയയിലെ വടക്കുകിഴക്കന്‍ മേഖലയില്‍നിന്ന് 220 സിറിയന്‍ ക്രിസ്ത്യാനികളെ ഐ.എസ് തട്ടിക്കൊണ്ടുപോയിരുന്നു. ഇവരില്‍ 19 പേരെ പ്രായശ്ചിത്ത മൂല്യം നല്‍കിയതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു.
സിറിയയില്‍ 2011ല്‍ ആരംഭിച്ച ആഭ്യന്തര സംഘര്‍ഷത്തില്‍ ഇതുവരെയായി രണ്ടര ലക്ഷത്തോളം പേര് കൊല്ലപ്പെട്ടതായാണ് കണക്ക്. ഇവരില്‍ 12,000 കുട്ടികളുണ്ട്. 88,616 സിറിയന്‍ സൈനികര്‍ മരിച്ചതായും സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 30,000ത്തിലേറെ പേരെ കാണാതായിട്ടുണ്ട്. ഇവരില്‍ 20,000ത്തോളം പേര് ജയിലുകളിലടക്കപ്പെട്ടതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.