You are here

ആദായ നികുതിയിൽ വൻ ഇളവ്; പ്രതിരോധ വകുപ്പിന്​​ 1,10,000 കോടി

 • ബാങ്ക് നിക്ഷേപകരുടെ ഇൻഷുറൻസ് പരിരക്ഷ അഞ്ച് ലക്ഷമാക്കി

13:35 PM
01/02/2020
nirmala-sitharaman

ന്യൂഡൽഹി: ​ആദായ നികുതിയിൽ ഇളവ് വരുത്തിയും പൊതുമേഖലാ സ്ഥാപനമായ എൽ.ഐ.സിയുടെ പ്രാഥമിക ഒാഹരികൾ വിൽക്കാനും പ്രതിരോധ വകുപ്പിന്​ 1,10,000 കോടി അനുവദിച്ചും  കേന്ദ്ര സർക്കാറിന്‍റെ ബജറ്റ് പ്രഖ്യാപനം. കഴിഞ്ഞ വർഷത്തെ പ്രതിരോധ ചെലവിനേക്കാൾ ആറു ശതമാനം വർധനവാണ്​ ഇത്തവണ നൽകിയത്​.

5 ലക്ഷം മുതൽ 7.5 ലക്ഷം വരെ വരുമാനമുള്ളവരുടെ ആദായ നികുതി 20 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചു. അഞ്ചം ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതിയില്ല. 

7.5 ലക്ഷം മുതൽ 10 ലക്ഷം വരെയുള്ള വരുമാനത്തിന് നിലവിലുള്ള 20 ശതമാനത്തിൽ നിന്ന് 15 ശതമാനമായും 10 ലക്ഷം മുതൽ 12.5 ലക്ഷം വരെയുള്ള നികുതി 30ൽ നിന്ന് 20 ശതമാനമായും കുറച്ചു. 12.5 ലക്ഷം മുതൽ 15 ലക്ഷം വരെ വരുമാനമുള്ളവർക്ക് 25 ശതമാനം നികുതി നൽകണം. 15 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് 30 ശതമാനം നികുതി തുടരും. 

ജമ്മുവിന്‍റെയും കശ്മീരിന്‍റെയും വികസനത്തിനായി 30,757 കോടി രൂപയും ലഡാക്കിന് മാത്രമായി 5,958 കോടി രൂപയും ബജറ്റിൽ കേന്ദ്രം പ്രഖ്യാപിച്ചു. ബാങ്ക് നിക്ഷേപകരുടെ ഇൻഷുറൻസ് പരിരക്ഷ ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയർത്തി. നികുതിദായകർ രാജ്യത്ത് അപമാനിക്കപ്പെടില്ലെന്നും ഇതിനായി പ്രത്യേക സംവിധാനം കൊണ്ടു വരുമെന്നും ധനമന്ത്രി വ്യക്തമാക്കി.

പ്രത്യാശ-സമൃദ്ധി-കരുതൽ എന്നിവ ലക്ഷ്യമിട്ടുള്ള രണ്ടാം എൻ.ഡി.എ സർക്കാറിന്‍റെ ആദ്യ സമ്പൂർണ ബജറ്റാണ് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മൻ പാർലമെന്‍റിൽ അവതരിപ്പിച്ചത്. സമ്പദ് രംഗത്തെ അട്ടിത്തറ ശക്തമാണെന്നും വരുമാനവും വാങ്ങൽ ശേഷിയും കൂട്ടുന്നതാണ് പുതിയ ബജറ്റെന്നും കേന്ദ്ര സർക്കാറിന്‍റെ വരുമാനം വർധിപ്പിക്കാനുള്ള നിർദേശങ്ങൾ ബജറ്റിലുണ്ടെന്നും കേന്ദ്ര ധനമന്ത്രി അവകാശപ്പെട്ടു. 

ആരോഗ്യ മേഖലക്ക് 69,000 കോടിയും വിദ്യാഭ്യാസ മേലഖക്ക് 99,300 കോടിയും ബജറ്റിൽ വകയിരുത്തി. മുതിര്‍ന്ന പൗരന്‍മാര്‍ക്കും വികലാംഗര്‍ക്കുമായി 9,500 കോടിയും പോഷകാഹാര പദ്ധതികള്‍ക്കായി 35,600 കോടിയും സാംസ്കാരിക മന്ത്രാലയത്തിന് 3,100 കോടിയും വിനോദ സഞ്ചാര മേഖലക്ക് 2,500 കോടിയും നൽകും. സ്വച്ഛ് ഭാരത് മിഷന്‍ - 1,23,000 കോടി, പട്ടികജാതിക്ഷേമം - 85,000 കോടി, പട്ടിക വര്‍ഗക്ഷേമം - 53,700 കോടി, വ്യവസായ വികസനം - 27,300 കോടി, ഊര്‍ജം - 22,000 കോടി, നൈപുണ്യ വികസനം - 3,000 കോടി, പൊതുഗതാഗതം - 1.7 ലക്ഷം കോടി എന്നിങ്ങനെയാണ് മറ്റ് മേഖലകൾക്കായി ബജറ്റിൽ വകയിരുത്തി.  

ജി.എസ്.ടിയാണ് കേന്ദ്ര സർക്കാറിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്കാരമായി ബജറ്റിൽ ചൂണ്ടിക്കാട്ടിയത്. ഇതിലൂടെ ഒരു ലക്ഷം കോടി രൂപയുടെ നേട്ടം കൈവരിച്ചു. ജി.എസ്.ടിയിലൂടെ 16 ലക്ഷം പുതിയ നികുതിദായകരെ ലഭിച്ചു. ഒരു കുടുംബത്തിന്‍റെ മാസചെലവില്‍ നാലു ശതമാനം വരെ ലാഭിക്കാന്‍ ജി.എസ്‍.ടി കാരണമായി. ബാങ്കുകളുടെ കിട്ടാകടം കുറച്ചു. ഇതിലൂടെ കിട്ടാകടത്തിൽ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി.
 
പാവപ്പെട്ടവർക്കുള്ള പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കി. പാവപ്പെട്ടവർക്ക് നേരിട്ട് പണമെത്തിച്ചത് ഗുണം ചെയ്തു. 'എല്ലാവർക്കുമൊപ്പം, എല്ലാവരുടേയും വികസനം' എന്ന സര്‍ക്കാര്‍ മന്ത്രം പദ്ധതികളുടെ സ്വീകാര്യത കൂട്ടി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശ നിക്ഷേപം ഗണ്യമായി വർധിച്ചു. ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. 27.1 കോടി ജനങ്ങളെ ദാരിദ്രത്തിൽ നിന്ന് മോചിപ്പിച്ചെന്നും ധനമന്ത്രി. 

കാർഷിക മേഖലക്കായി 16 കർമ്മപദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചു. കർഷകർക്കായി പ്രത്യേക സൗരോർജ പദ്ധതി നടപ്പാക്കും. കാര്‍ഷിക ഉൽപന്നങ്ങളുടെ ചരക്കു നീക്കത്തിനായി കിസാന്‍ റെയില്‍ പദ്ധതി നടപ്പാക്കും. ഇതിന്‍റെ ഭാഗമായി പ്രത്യേക ബോഗികൾ ഉൾപ്പെടുത്തും. കർഷകരുടെ വരുമാനം രണ്ട് വർഷം കൊണ്ട് ഇരട്ടിയാക്കും. 

പൊതുകടം കുറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്‍റെ കടം 2019ലെ 52.2 ശതമാനത്തില്‍ നിന്നും 48.7 ശതമാനമായി കുറഞ്ഞു. കാര്‍ഷിക വരുമാനം 18.2 ശതമാനത്തില്‍ നിന്ന് 16.5 ശതമാനമായി. കാര്‍ഷിക യന്ത്രവല്‍ക്കരണം, കന്നുകാലി വളര്‍ത്തല്‍, മത്സ്യബന്ധനം തുടങ്ങിയവക്ക് ഊന്നല്‍ നൽകും. 

മിഷൻ ഇന്ദ്രധനുഷ് പദ്ധതിയിൽ 12 രോഗങ്ങൾ കൂടി ഉൾപ്പെടുത്തി. ആരോഗ്യമേഖലക്ക് 69,000 കോടി വകയിരുത്തും. 2025ഒാടെ ക്ഷയരോഗ നിർമാർജനം സാധ്യമാക്കും. 120 ജില്ലകളിൽ ആയുഷ്മാന്ത്സ ഭാരത് പദ്ധതി. 120 ജില്ലകളിൽ ആധുനിക മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ നിർമല സീതാരാമൻ വ്യക്തമാക്കി. 

അതേസമയം, ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബജറ്റ് പ്രസംഗം പൂർത്തിയാക്കാൻ ധനമന്ത്രി നിർമല സീതാരാമന് കഴിഞ്ഞില്ല. ഇതേതുടർന്ന് പ്രസംഗം അവസാനിപ്പിച്ചു. രണ്ട് മണിക്കൂറും 40 മിനിറ്റും നീണ്ടതായിരുന്നു ധന മന്ത്രിയുടെ ബജറ്റ് പ്രസംഗം. 

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

ആദായ നികുതി ഘടന (പഴയ നികുതി ബ്രാക്കറ്റിൽ)

 • 5 ലക്ഷം വരെ വരുമാനം -നികുതിയില്ല
 • 5 ലക്ഷം മുതൽ 7.5 ലക്ഷം വരെ വരുമാനം -10 ശതമാനം (20%)
 • 7.5 ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനം - 15 ശതമാനം (20%) 
 • 10 ലക്ഷം മുതൽ 12.5 ലക്ഷം വരെ വരുമാനം - 20 ശതമാനം (30%)
 • 12.5 ലക്ഷം മുതൽ 15 ലക്ഷം വരെ വരുമാനം - 25 ശതമാനം
 • 15 ലക്ഷത്തിന് മുകളിൽ വരുമാനം - 30 ശതമാനം

കാർഷികമേഖല

 • കാർഷിക മേഖലക്ക്​ 2.89 ലക്ഷം കോടി 
 • ജലസേചന മേഖലക്ക്​ 1.6 ലക്ഷം കോടി
 • ജൈവകൃഷിക്കായി ഓൺലൈൻ വിപണി ശക്​തിപ്പെടുത്തും
 • വ്യോമയാന മന്ത്രാലയവുമായി സഹകരിച്ച്​ കൃഷി ഉഡാൻ പദ്ധതി
 • കാർഷിക വായ്​പ 15 ലക്ഷം കോടിയായി ഉയർത്തും
 • വെയർഹൗസുകളുടേയും കോൾഡ്​ സ്​റ്റോറേജുകളുടെയും മാപ്പിങ്​ നബാർഡ്​ നിർവഹിക്കും
 • ഓരോ ഗ്രാമങ്ങളിലും കാർഷിക ഉൽപന്നങ്ങളുടെ ശേഖരത്തിനായി സംവിധാനം
 • 15 ലക്ഷം കർഷകരെ സൗരോർജത്തി​ന്‍റെ ഉ​പയോക്​താക്കളാക്കും
 • കർഷക ക്ഷേമത്തിനായി 16 ഇന കർമ്മ പദ്ധതി
 • 20 ലക്ഷം കർഷകർക്ക്​ സോളാർ പമ്പ്​സെറ്റുകൾ സ്ഥാപിക്കാൻ സഹായം
 • 2022നുള്ളിൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കും
 • കർഷകർക്കായി പ്രത്യേക സൗരോർജ പദ്ധതി നടപ്പാക്കും. 
 • കാര്‍ഷിക ഉൽപന്നങ്ങളുടെ ചരക്കു നീക്കത്തിനായി കിസാന്‍ റെയില്‍ പദ്ധതി (പ്രത്യേക ബോഗികൾ)

അടിസ്ഥാനമേഖല

 • വിദേശ രാജ്യങ്ങളിലെ വിദ്യാർഥികൾക്കായി സ്​​റ്റഡി ഇൻ ഇന്ത്യ പദ്ധതി
 • പരിസ്ഥിതി സൗഹാർദ വികസനത്തിന്​ 4400 കോടി
 • രാകിഗ്രാഹി, ഹസ്​തിനാപുർ, ശിവസാഗർ, ദോളവിര, ആദിചല്ലനൂർ എന്നീ ചരിത്ര സ്ഥലങ്ങളെ വികസിപ്പിക്കും
 • ജാർഖണ്ഡിൽ ട്രൈബൽ മ്യൂസിയം
 • മാരിടൈം മ്യൂസിയം അഹമ്മദാബാദിൽ സ്ഥാപിക്കും
 • മുതിർന്ന പൗരൻമാർക്ക്​ 9000 കോടി
 • ആറ്​ ലക്ഷം അങ്കൻവാടി ജീവനക്കാർക്ക്​ സ്​മാർട്ട്​ഫോണുകൾ
 • വൈദ്യുതി മേഖലക്കായി പ്രീപെയ്​ഡ്​ മീറ്ററുകൾ
 • ഒരു ലക്ഷം പഞ്ചായത്തുകളിൽ ഇൻറ​ർനെറ്റ്​ സംവിധാനം
 • ക്വാണ്ടം ടെക്​നോളജിക്ക്​ 5000 കോടിയുടെ പദ്ധതി
 • പൊതുസ്ഥാപനങ്ങളിൽ ഡിജിറ്റൽ കണക്​ടവിറ്റി
 • സ്വകാര്യ കമ്പനികൾക്ക്​ ഡാറ്റ സെന്‍റർ പാർക്ക്
 • റെയിൽപാതക്കരികിൽ സോളാർ പാനലുകൾ
 • 100 വിമാനത്താവളങ്ങൾ കൂടി വികസിപ്പിക്കും
 • 148 കിലോ മീറ്റർ ബംഗളൂരു സബർബൻ പാതക്ക്​ 8000 കോടി
 • റെയിൽവേ വികസനത്തിന്​ സ്വകാര്യ പങ്കാളിത്തം
 • 27000 കീലോ മീറ്റർ റെയിൽവേപാത വൈദ്യുതികരിക്കും
 • 2024നകം 6000 കീലോ മീറ്റർ ​പുതിയ ഹൈവേ
 • 900 കിലോമീറ്റർ സാമ്പത്തിക കോറിഡോർ 
 • 200 കിലോമീറ്റർ തീരദേശ കോറിഡോർ
 • 103 ലക്ഷം കോടിയുടെ നാഷണൽ ഇൻഫ്രാസ്​ട്രക്​ചർ പൈപ്പ്​ ലെൻ പദ്ധതി
 • ഇലക്​ട്രോണിക്​ ഉപകരണങ്ങൾ, മൊബൈൽ ഫോൺ ഉൽപാദനം വർധിപ്പിക്കും
 • സംസ്ഥാനങ്ങളുമായി സഹകരിച്ച്​ അഞ്ച്​ സ്​മാർട്ട്​സിറ്റികൾ
 • നിക്ഷേപകർക്ക്​ പ്രത്യേക സെൽ
 • പരിവർത്തിത ഊർജ മേഖലക്ക് 20,000 കോടി
 • ഡൽഹി വായൂ മലനീകരണം തടയാൻ 4,400 കോടി

ആരോഗ്യ മേഖല

 • ആരോഗ്യ മേഖലക്ക് 69,000 കോടി 
 • മിഷൻ ഇന്ദ്രധനുഷ് പദ്ധതിയിൽ 12 രോഗങ്ങൾ കൂടി ഉൾപ്പെടുത്തി
 • 2025ഒാടെ ക്ഷയരോഗ നിർമാർജനം സാധ്യമാക്കും
 • 120 ജില്ലകളിൽ ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കും
 • 120 ജില്ലകളിൽ ആധുനിക മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കും
 • 112 ജില്ലകളില്‍ പുതിയ എം പാനൽ ആശുപത്രികള്‍ സ്ഥാപിക്കും
 • ജില്ലാ ആശുപത്രികളെ മെഡിക്കൽ കോളജുകളാക്കാൻ (പി.പി.പി മോഡൽ) കേന്ദ്രം സഹായം
 • മെഡിക്കൽ ഉപകരണങ്ങളുടെ നികുതി ആശുപത്രികളുടെ വികസനത്തിന് വിനിയോഗിക്കും
 • സ്വകാര്യ-പൊതു സഹകരണത്തോടെ ജില്ലാ ആശുപത്രികളെ മെഡിക്കൽ കോളജുകളാക്കും

വിദ്യാഭ്യാസ മേഖല

 • അധ്യാപകർ, നേഴ്​സുമാർ, പാരാമെഡിക്കൽ സ്​റ്റാഫ്​ എന്നിവർക്ക്​ പ്രത്യേക ബ്രിഡ്​ജ്​ കോഴ്​സ്​
 • വിദേശ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠിക്കാൻ സ്റ്റഡി ഇന്ത്യ പദ്ധതി 
 • വിദ്യാഭ്യാസ മേഖലക്കായി 99,300 കോടി
 • നാഷണൽ ഫോറൻസിക്​ സയൻസ്​ യൂനിവേഴ്​സിറ്റി 
 • പൊലീസ്​ യൂനിവേഴ്​സിറ്റി
 • ബിരുദതലം മുതൽ ഓൺലൈൻ വിദ്യാഭ്യാസം പ്രോൽസാഹിപ്പിക്കും
 • ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അപ്രൻറീഷിപ്പ്
 • പുതിയ വിദ്യാഭ്യാസ നയം ഉടൻ പ്രഖ്യാപിക്കും

ബാങ്കിങ്​ മേഖല 

 • ആഭ്യന്തര കമ്പനികൾക്കും കോർപറേറ്റ്​ നികുതി ഇളവ്​ 
 • സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ പ്രവാസികള്‍ക്ക് നിക്ഷേപിക്കാം
 • ഐ.ടി റി​ട്ടേൺ ലളിതമാക്കും
 • ആധാർ സമർപ്പിച്ചാൽ പാൻകാർഡ്​ നൽകും
 • ഡിവിഡൻറ്​ ഡിസ്​ട്രിബ്യൂഷൻ ടാക്​സ്​ ഇളവ്​
 • ഐ.ഡി.ബി.ഐ ബാങ്കി​ന്‍റെ കൂടുതൽ ഓഹരിയും വിറ്റഴിക്കും
 • പൊതുമേഖലാ സ്ഥാപനമായ എൽ.ഐ.സിയുടെ പ്രാഥമിക ഒാഹരികൾ വിൽക്കും
 • കമ്പനീസ്​ ആക്​ട്​ ഭേദഗതി ചെയ്യും
 • ചെറുകിട വ്യവസായങ്ങൾക്ക്​ വായ്​പ നൽകാൻ പുതിയ പദ്ധതി
 • ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് ധനലഭ്യത ഉറപ്പാക്കും
 • ഹൗസിങ്​ ഫിനാൻസുകളിൽ ധനലഭ്യത ഉറപ്പാക്കും
 • പെൻഷൻ ട്രെസ്​റ്റ്​ രൂപീകരിക്കും
 • സഹകരണ ബാങ്കിങ്​ ശക്​തിപ്പെടുത്തും
 • രാജ്യത്ത് കോമൺ എലിജിബിറ്റി ടെസ്​റ്റിനായി പരിശീലന കേന്ദ്രങ്ങൾ

റെയിൽവേ മേഖല

 • പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്താൻ കൂടുതൽ തേജസ് ട്രെയിനുകൾ
 • പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 150 പുതിയ ട്രെയിനുകള്‍
 • 148 കിലോമീറ്റർ ബംഗളൂരു സബർബൻ പാതക്ക് 8000 കോടി
 • റെയിൽ പാതകൾക്കരികിൽ സോളാർ പാനലുകൾ സ്ഥാപിക്കും
 • കാര്‍ഷിക ഉൽപന്നങ്ങളുടെ ചരക്കു നീക്കത്തിനായി കിസാന്‍ റെയില്‍ സജ്ജമാക്കും
 • റെയിൽവേ വികസനത്തിന്​ സ്വകാര്യ പങ്കാളിത്തം
 • 550 സ്റ്റേഷനുകളിൽ കൂടി വൈഫൈ സൗകര്യം
 • 27,000 കി.മീ. റെയില്‍വേ ലൈന്‍ വൈദ്യൂതീകരിച്ചു

തുക വകയിരുത്തിയ മേഖലകൾ 

 • സ്വച്ഛ് ഭാരത് മിഷന്‍ -  1,23,000 കോടി
 • പൊതുഗതാഗതം - 1.74 ലക്ഷം കോടി
 • വിദ്യാഭ്യാസ മേലഖ 99,300 കോടി
 • പട്ടികജാതിക്ഷേമം - 85,000 കോടി
 • ആരോഗ്യ മേഖല 69,000 കോടി
 • പട്ടിക വര്‍ഗക്ഷേമം - 53,700 കോടി
 • പോഷകാഹാര പദ്ധതി 35,600 കോടി
 • വ്യവസായ മേഖല - 27,300 കോടി 
 • പരിവർത്തിത ഊർജ മേഖല - 20,000 കോടി
 • ഊര്‍ജം - 22,000 കോടി
 • മുതിര്‍ന്ന പൗരന്‍മാർ, വികലാംഗര്‍ - 9,500 കോടി
 • സാംസ്കാരിക മന്ത്രാലയം 3,100 കോടി
 • നൈപുണ്യ വികസനം - 3,000 കോടി
 • വിനോദ സഞ്ചാര മേഖല - 2,500 കോടി
 • ടെക്സ്റ്റൈൽ മേഖല - 1,480 കോടി
Loading...
COMMENTS