സെയ്ഫ് അലി ഖാൻ കേസ്: ഷെരിഫുലിന്റെ അറസ്റ്റ് ബംഗ്ലാദേശിൽ പ്രചാരണ വിഷയമാക്കാനൊരുങ്ങി പിതാവ്
text_fieldsകൊൽക്കത്ത: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ചെന്ന കേസിൽ, ബംഗ്ലാദേശ് പൗരൻ ഷെരിഫുൽ ഫകീർ അറസ്റ്റിലായതിനെതിരെ കഴിഞ്ഞ ദിവസം പിതാവ് രോഹുൽ അമീൻ രംഗത്തുവന്നിരുന്നു. ഇന്ത്യൻ ഏജൻസികൾ മകനുനേരെ നടത്തുന്ന ‘അതിക്രമങ്ങൾ’ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കാൻ ഒരുങ്ങുകയാണ് രോഹുൽ അമീൻ. ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) പ്രവർത്തകനായ രോഹുൽ അമീൻ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി.
“സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യത്തിലെ ആളുമായി സാദൃശ്യമുണ്ടെന്നതിന്റെ പേരിലാണ് ഇന്ത്യയിലെ പൊലീസ് ഷെരിഷുലിനെ അറസ്റ്റ് ചെയ്തത്. ഞാൻ മിക്കവാറും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ഇന്ത്യയിലെ പൊലീസ് എങ്ങനെയാണ് ബംഗ്ലാദേശികളോട് പെരുമാറുന്നതെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറയും. എന്റെ മകന്റെ കേസ് ഉത്തമോദാഹരണമാണ്. പൊലീസ് പുറത്തുവിട്ട ഫോട്ടോഗ്രാഫിലുള്ളത് അവനല്ല, എന്നിട്ടും സംശയത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ഇന്ത്യയിലേക്ക് അനധികൃതമായി കടന്നതിനാൽ അവനെ എളുപ്പത്തിൽ ലക്ഷ്യമിടാൻ പൊലീസിന് കഴിയുന്നു” -അമീൻ പറഞ്ഞു.
മുംബൈയിലെ നിയമസഹായ സെല്ലിൽനിന്ന് കഴിഞ്ഞ ദിവസം അമീന് സന്ദേശം ലഭിച്ചിരുന്നു. മകനെ പിന്നീട് വിളിക്കുമെന്നും നടക്കുന്നത് കടുത്ത നിയമ പോരാട്ടമാണെന്നും എന്നാൽ വിട്ടുകൊടുക്കാൻ തയാറല്ലെന്നുമാണ് അമീൻ പറയുന്നത്. ബംഗ്ലാദേശിലെ ഝലോഖതി ജില്ലയിൽ ബി.എൻ.പിയുടെ യൂനിയൻ പരിഷദ് വൈസ് പ്രസിഡന്റാണ് അമീൻ. കഴിഞ്ഞദിവസം മകനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കി കുടുക്കാൻ ശ്രമിക്കുകയാണെന്ന് അമീൻ ദേശീയ മാധ്യമത്തോട് പ്രതികരിച്ചിരുന്നു.
“കുറ്റവാളിയെന്ന് സംശയിച്ചാണ് എന്റെ മകനെ അവർ അറസ്റ്റ് ചെയ്തത്, എന്നാൽ സംഭവത്തിനു ശേഷം പൊലീസ് പുറത്തുവിട്ട ഫോട്ടോഗ്രാഫിലുള്ള ആൾ അവനല്ല. ചില സാമ്യതകൾ ഉണ്ടെന്നതിന്റെ പേരിലാണ് അവനെ പിടികൂടിയത്. അനധികൃതമായി ഇന്ത്യയിൽ കടന്നതിനാൽ അവനെ ലക്ഷ്യമിടാൻ വളരെ എളുപ്പമാണ്. ഫോട്ടോയിലുള്ള ആൾക്ക് കണ്ണുവരെ എത്തുന്ന നീണ്ട മുടിയുണ്ട്. എന്നാൽ ഷെരിഫുൽ എപ്പോഴും മുടി ചെറുതാക്കി വെട്ടുകയും മുകളിലേക്ക് ചീകി വെക്കുകയുമാണ് ചെയ്യാറുള്ളത്.
ഞങ്ങൾ പാവങ്ങളാണ്, പക്ഷേ ക്രിമിനലുകളല്ല. ജീവിക്കാനായി ഷെരിഫുൽ ബംഗ്ലാദേശിൽ ബൈക്ക് ടാക്സി ഓടിക്കുകയായിരുന്നു. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്റെ ഭരണകാലത്ത് ഞങ്ങളുടെ ഗ്രാമത്തിൽ വലിയ പ്രശ്നങ്ങളുണ്ടായി. ഷെരിഫുൽ ഖാലിദ സിയയെ പിന്തുണക്കുന്നതിനാൽ വലിയ എതിർപ്പ് നേരിട്ടു. അതോടെ കൂടുതൽ മെച്ചപ്പെട്ട ജോലിയും ജീവിത സാഹചര്യവും കണ്ടെത്തുകയെന്ന ഉദ്ദേശ്യത്തോടെ ബംഗ്ലാദേശ് വിട്ട് ഇന്ത്യയിലേക്ക് എത്തുകയായിരുന്നു” -പിതാവ് രോഹുൽ അമീൻ പറയുന്നു.
രോഹുൽ അമീന്റെ മൂന്ന് മക്കളിൽ രണ്ടാമത്തെ ആളാണ് ഷെരിഫുൽ. മൂത്തയാൾ ധാക്കയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയാണ്. ഇളയ മകൻ സ്കൂൾ വിദ്യാർഥിയാണ്. ഖുൽനയിലെ ചണ മില്ലിലെ ജോലിക്കാരനായിരുന്നു അമീൻ. ഈ ജോലി നഷ്ടപ്പെട്ടതിനു പിന്നാലെ, ഷെരിഫുൾ പത്താംക്ലാസിൽ പഠനം നിർത്തുകയും ജോലി തേടി ഇറങ്ങുകയുമായിരുന്നു. ഷെരിഫുലിന്റെ മോചനത്തിനായി നയതന്ത്ര തലത്തിൽ ഇടപെടാനുള്ള ശ്രമത്തിലാണ് കുടുംബം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.