You are here

യൂറോപ്യൻ രാജ്യങ്ങളേക്കാൾ മികച്ച രീതിയിൽ യു.പി കോവിഡിനെ നേരിട്ടു- പ്രധാനമന്ത്രി

13:26 PM
26/06/2020
PM-modi.jpg

ന്യൂഡൽഹി: കോവിഡ് നേരിടുന്നതിൽ വിദേശരാജ്യങ്ങളേക്കാൾ മികച്ച പ്രവർത്തനമാണ് ഉത്തർപ്രദേശ് കാഴ്ചവെച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്തർ സംസ്ഥാന തൊഴിലാളികൾക്കുള്ള യു.പി സർക്കാരിന്‍റെ തൊഴിൽ പദ്ധതിയായ ആത്മനിർഭർ യു.പി റോസ്ഗാർ യോജന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇംഗ്ളണ്ട്, സ്പെയിൻ, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ഒരിക്കൽ ലോകത്തെ അടക്കിഭരിച്ചിരുന്നത്. ഈ നാല് രാജ്യങ്ങളിലേയും ജനസംഖ്യ ഒരുമിച്ച് ചേർത്താൽ 24 കോടി വരും. എന്നാൽ ഇന്ത്യയിലെ യു.പിയിൽ മാത്രം 24 കോടി ആളുകളുണ്ട്. ഈ നാല് രാജ്യങ്ങളിലും കൂടി 1,30,00 പേർ കോവിഡ് മൂലം മരിച്ചു. അതേ സമയം യു.പിയിലെ മരണനിരക്ക് 600 ആണ്. ഇതിൽ നിന്നും യു.പി എത്ര ഫലപ്രദമായാണ് കോവിഡിനെ നേരിടുന്നതെന്ന് മനസ്സിലാക്കാവുന്നതാണെന്നും മോദി പറഞ്ഞു.  

മാസ്കുകളും പ്രതിരോധ പ്രവർത്തനങ്ങളും കൃത്യമായി പാലിക്കണമെന്നും ഗരീബ് കല്യാൻ റോസ്ഗാർ യോജന രാജ്യത്തെ സ്വയംപര്യാപ്തമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യം കൊവിഡിന്‍റെ പിടിയിൽ നിന്ന് എന്ന് മോചനം നേടുമെന്ന് വ്യക്തമല്ല. പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മൾ ധീരമായി നിലനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. 

വിവിധ സംസ്ഥാനങ്ങളിൽ തിരിച്ചെത്തിയ യുപിയിലെ തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ആത്മനിർഭർ യു.പി റോസ്ഗാർ യോജന പദ്ധതി. 

Loading...
COMMENTS