You are here

അർധസത്യങ്ങളിൽ ജീവിക്കാതെ യാഥാർഥ്യത്തിലേക്ക് വരൂ; നദ്ദയോട് ചിദംബരം

19:10 PM
27/06/2020

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട്​ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ ആരോപണങ്ങൾക്ക്​ മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. നദ്ദയുടെ പരാമര്‍ശം അര്‍ധസത്യമാണെന്നും ബി.ജെ.പി നേതാവ്​ യാഥാർഥ്യവുമായി പൊരുത്തപ്പെട​ണമെന്നും പി. ചിദംബരം പറഞ്ഞു. അർധസത്യങ്ങൾ പറയാതെ ഇന്ത്യൻ പ്രദേശത്തേക്ക് ചൈന കടന്നുകയറുന്നത് സംബന്ധിച്ച് കോൺഗ്രസ് ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും അദ്ദേഹം നദ്ദയോട്​ ആവശ്യപ്പെട്ടു. ട്വിറ്ററിലാണ്​ ചിദംബരം മറുപടിയുമായി എത്തിയത്​.

മന്‍മോഹന്‍ സിങ് സര്‍ക്കാറി​​​െൻറ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് പണം വഴിമാറ്റി രാജീവ് ഗാന്ധി ഫൗണ്ടേഷനു സംഭാവനയായി നല്‍കിയെന്നും സാമ്പത്തികമായി ചൈനയ്ക്കു കീഴ്‌പെട്ടാണു പ്രവര്‍ത്തിച്ചിരുന്നതെന്നും നദ്ദ ആരോപിച്ചിരുന്നു.

15 വര്‍ഷം മുമ്പ് രാജീവ് ഗാന്ധി ഫൗണ്ടേഷന് ലഭിച്ച ഫണ്ട് 2020ലെ മോദി സര്‍ക്കാരി​​​െൻറ കാലത്ത് ഇന്ത്യന്‍ അതിര്‍ത്തിയിലുണ്ടായ കടന്നുകയറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെയാണ്​ ?. ‘ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ അര്‍ധ സത്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ആന്‍ഡമാന്‍ ആന്‍ഡ് നികോബാറിലെ സുനാമി പ്രവര്‍ത്തനങ്ങള്‍ക്കായാണ്​ 2005ൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് നല്‍കിയിരുന്നെന്ന സത്യം എന്തുകൊണ്ടാണ് ബി.ജെ.പി ഒളിച്ചുവെക്കാന്‍ ശ്രമിക്കുന്നത്,’ പി. ചിദംബരം ചോദിച്ചു.

ആ 20 ലക്ഷം രാജീവ്​ ഗാന്ധി ഫൗണ്ടേഷൻ തിരിച്ചുകൊടുത്താൽ അതിർത്തിയിൽ ചൈന തുടരുന്ന അതിക്രമം നിർത്തിച്ച്​ എല്ലാ പഴയതുപോലെയാക്കുമെന്ന്​ പ്രധാനമന്ത്രി രാജ്യത്തിന്​ ഉറപ്പുനൽകുമോ...? മിസ്റ്റർ നന്ദ യാഥാർഥ്യവുമായി പൊരുത്തപ്പെടുക. നിങ്ങളുടെ അർധസത്യങ്ങളാൽ വികലമായ ഭൂതകാലത്തിൽ ജീവിക്കാതെ, ഇന്ത്യൻ പ്രദേശത്തേക്ക്​ ചൈനയുടെ കടന്നുകയറ്റത്തെകുറിച്ചുള്ള ചോദ്യങ്ങൾക്ക്​ ഉത്തരം നൽകുക. ചിദംബരം ട്വിറ്ററിൽ കുറിച്ചു.

2005ലെ രാജീവ് ഗാന്ധി ഫൗണ്ടേഷ​​​െൻറ അധ്യക്ഷ സോണിയാഗാന്ധിയായിരുന്നു. ഡോ. മന്‍മോഹന്‍സിങ്​, രാഹുല്‍ഗാന്ധി, പി. ചിദംബരം, പ്രിയങ്ക ഗാന്ധി തുടങ്ങിയവരായിരുന്നു ബോര്‍ഡംഗങ്ങള്‍. ആരോപണങ്ങളെ തള്ളിയ കോണ്‍ഗ്രസ് ബി.ജെ.പി ഇന്ത്യ ചൈന തര്‍ക്കത്തെ വഴിതിരിച്ച് വിടാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞിരുന്നു.

Loading...
COMMENTS