യൂറോപ്യൻ വിപണിയിൽ ഇന്ത്യക്ക് വൻ നേട്ടം; മാംസ-മത്സ്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതി തുടരാം
text_fieldsന്യൂഡൽഹി: ആഗോള വിപണിയിൽ ഇന്ത്യൻ കയറ്റുമതി മേഖലക്ക് വൻ കുതിപ്പേകുന്ന സുപ്രധാന നേട്ടം. 2026 സെപ്റ്റംബറിന് ശേഷവും ഇന്ത്യയിൽ നിന്നുള്ള മാംസ, മത്സ്യബന്ധന ഉൽപ്പന്നങ്ങൾ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള അനുമതി ഇന്ത്യക്ക് ലഭിച്ചതായി കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ യൂറോപ്യൻ യൂനിയനിലെ 27 രാജ്യങ്ങളിലേക്ക് തടസ്സമില്ലാതെ മത്സ്യ ഉൽപ്പന്നങ്ങൾ, മുട്ട, തേൻ, മൃഗങ്ങളുടെ ഇറച്ചി എന്നിവ കയറ്റി അയക്കാൻ ഇന്ത്യക്കാകും.
ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് വർദ്ധിക്കുന്നതിലെ ആശങ്കകൾ കണക്കിലെടുത്ത് യൂറോപ്യൻ യൂനിയൻ തങ്ങളുടെ ഇറക്കുമതി നിയമങ്ങളിൽ കർശന ഭേദഗതി വരുത്തിയിരുന്നു. 2021-ൽ പുറപ്പെടുവിച്ച റെഗുലേഷൻ (EU) 2021/405-ലാണ് പുതിയ പരിഷ്കാരങ്ങൾ വരുത്തിയത്.
2026 സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, യൂറോപ്പിലേക്ക് മൃഗജന്യ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്ന രാജ്യങ്ങൾക്ക് കടുത്ത നിബന്ധനകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ഈ കർശന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ യോഗ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇപ്പോൾ ഇന്ത്യയെയും ഉൾപ്പെടുത്തിയിരിക്കുന്നത്.
അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചതോടെ 2026 സെപ്റ്റംബറിന് ശേഷവും യൂറോപ്യൻ വിപണിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോകും. യൂറോപ്യൻ യൂനിയന്റെ ഈ തീരുമാനം ഇന്ത്യയുടെ മത്സ്യബന്ധന മേഖലയ്ക്കാണ് ഏറ്റവും വലിയ കരുത്താകുക.
നിലവിലെ യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മൂല്യം ഏകദേശം 1.59 ബില്യൺ യു.എസ് ഡോളറാണ്. പുതിയ അനുമതിയോടെ ഈ വിപണി സുരക്ഷിതമാകുകയും കൂടുതൽ തൊഴിലവസരങ്ങളും വിദേശനാണ്യവും രാജ്യത്തേക്ക് വരുമെന്നാണ് കരുതുന്നത്.
യൂറോപ്യൻ യൂനിയൻ അംഗീകരിച്ച ഏജൻസികളുമായി ചേർന്ന് കയറ്റുമതി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനായി എക്സ്പോർട്ട് ഇൻസ്പെക്ഷൻ കൗൺസിൽ , സമുദ്രോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റി എന്നിവർ സംയുക്തമായി പ്രവർത്തിക്കും. ഇന്ത്യയുടെ ഔദ്യോഗിക സുരക്ഷാ പരിശോധനകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും യൂറോപ്യൻ നിയമങ്ങൾക്ക് അനുസൃതമായ സർട്ടിഫിക്കേഷൻ സംവിധാനങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

