You are here

ടിക്ടോക് താരം സ്വന്തം സലൂണിൽ കൊല്ലപ്പെട്ട നിലയില്‍;  അയൽവാസി കൊന്നതെന്ന്​ വീട്ടുകാർ

21:25 PM
29/06/2020

ചണ്ഡീഗഢ്: ഹരിയാനയിലെ പ്രമുഖ ടിക്ടോക് താരമായ യുവതിയെ സ്വന്തം സലൂണിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. റോത്തക്​ സ്വദേശിയായ ശിവാനിയാണ്​ കൊല്ലപ്പെട്ടത്.

അയൽവാസിയായ ആരിഫ്​ ആണ്​ കൊലപാതകത്തിന്​ പിന്നിലെന്ന്​ ശിവാനിയുടെ വീട്ടുകാർ പരാതി നൽകി. ഒളിവിൽ പോയ ആരിഫിനായി പൊലീസ്​ തെരച്ചിൽ ശക്​തമാക്കി. 

ഞായറാഴ്ച രാവിലെയാണ് കുണ്ട്​ലി ടി.ഡി.ഐ സിറ്റിയിൽ ശിവാനി നടത്തുന്ന ‘ടച്ച്​ ആൻഡ്​ കെയർ’ സലൂണിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ബ്യൂട്ടി പാർലറി​​െൻറ പാർട്​ണറായ നീരജ്​ ഞായറാഴ്​ച രാവിലെ സ്​ഥാപനം തുറന്നപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന്​ നടത്തിയ തിരച്ചിലിലാണ്​ ശിവാനിയുടെ മൃതദേഹം കണ്ടെത്തുന്നത്​.

സലൂണിലെ മുറിക്കുള്ളിലെ കട്ടിലിനടിയിൽ ബെഡിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്​ രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നു. സലൂണിൽ താമസിക്കുന്ന നീരജ്​ ഈ മുറിയിൽ തന്നെയാണ്​ കിടന്നിരുന്നത്​. ജൂൺ 26 മുതൽ ശിവാനിയെ കാണാതായെന്ന്​ കേൾക്കുന്നുണ്ടെങ്കിലും ആ മുറിയിൽ തന്നെ മരിച്ച്​ കിടക്കുന്നുണ്ടെന്ന്​ തനിക്ക്​ അറിയില്ലായിരുന്നെന്നാണ്​ നീരജ്​ പറയുന്നത്​. ശിവാനിയുടെ വീട്ടുകാരെയും ​പൊലീസിനെയും വിവരമറിയിച്ചതും നീരജാണ്​.  

ടിക്​ടോക്കിൽ ഒന്നേമുക്കാൽ ലക്ഷം ഫോളോവേഴ്​സുള്ള താരമാണ്​ ശിവാനി. അയൽക്കാരനായ ആരിഫ്​ ഏറെക്കാലമായി ശിവാനിയോട്​ പ്രണയാഭ്യർഥന നടത്തുന്നു​ണ്ടെന്നും ശല്യപ്പെടുത്തുന്നുണ്ടെന്നും പിതാവ്​ വിനോദ്​ പറയുന്നു. മൂന്ന്​ വർഷമായി തുടരുന്ന ശല്യം സഹിക്കാനാകാതെ ശിവാനിയുടെ കുടുംബം ​പൊലീസിൽ പരാതി നൽകിയിരുന്നു. മാപ്പു പറഞ്ഞാണ്​ അന്ന്​ ആരിഫ്​ കേസിൽ നിന്ന്​ ഒഴിവായത്​. എന്നാൽ, ഇതി​​െൻറ പേരിൽ കഴിഞ്ഞ 15 ദിവസമായി ഇരുവരും തമ്മിൽ വഴക്ക്​ നടന്നെന്ന്​ വിനോദ്​ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 

ജൂൺ 26ന് ആരിഫ് ശിവാനിയെ കാണാൻ സലൂണിലെത്തിയിരുന്നു. ഇക്കാര്യം ശിവാനി സഹോദരി ശ്വേതയെ ഫോൺ ചെയ്​ത്​ അറിയിച്ചിരുന്നതാണ്​. അന്നേദിവസം തന്നെ ശിവാനി കൊല്ലപ്പെട്ടതായാണ്​ പ്രാഥമിക നിഗമനം. അന്ന്​ ശിവാനി രാത്രി വൈകിയും തിരികെ വീട്ടിൽ വന്നില്ല. പിന്നീട്​ താൻ ഹരിദ്വറിലാണെന്നും ചൊവ്വാഴ്​ചയേ മടങ്ങി വരൂയെന്നും സഹോദരി ഭാരതിക്ക്​ ശിവാനിയുടെ വാട്​സ്​ആപ്പ്​ നമ്പറിൽ നിന്ന്​ സന്ദേശം വന്നു. ഇത്​ ആരിഫ്​ അയച്ചതാണെന്നാണ്​ ശിവാനിയ​ുടെ അമ്മ ഗീത ആരോപിക്കുന്നത്​. 

ശിവാനി കൊല്ലപ്പെട്ട ശേഷവും ടിക്ടോക് അക്കൗണ്ടിൽനിന്ന് വിഡിയോകൾ പോസ്​റ്റ്​ ചെയ്​തിരുന്നു. മൃതദേഹം കണ്ടെത്തുന്നതിന്​ എട്ട്​ മണിക്കൂർ മുമ്പും വി​ഡിയോ പോസ്​റ്റ്​ ചെയ്​തതായി പൊലീസി​​െൻറ ശ്രദ്ധയിൽ​പ്പെട്ടിട്ടുണ്ട്​. ഇത്​ ശിവാനി ജീവിപ്പിച്ചിരിപ്പുണ്ടെന്ന് തോന്നിപ്പിക്കാൻ ആരിഫ് പോസ്​റ്റ്​ ചെയ്​തതാണെന്നാണ്​ പൊലീസി​​െൻറ നിഗമനം. 

അടുത്തിടെ 16കാരിയായ ടിക്​ടോക്​ താരം സിയ കക്കറിനെ ആത്​മഹത്യ ചെയ്​ത നിലയിൽ കണ്ടെത്തിയിരുന്നു. 

Loading...
COMMENTS