അഹ്മദാബാദ്: ഗുജറാത്തിൽ കന്നുകാലി വളർത്തൽ പ്രോത്സാഹിപ്പിക്കാനെന്ന് അവകാശപ്പെട്ട് പശു ടൂറിസവുമായി സംസ്ഥാന ഗൗസേവ ആയോഗ്. സന്ദർശകർക്ക് ഗുജറാത്തിലെ മികച്ച കാലിത്തൊഴുത്തിലേക്ക് രണ്ടുദിവസത്തെ യാത്രയും പശുവിെൻറ ചാണകം, മൂത്രം എന്നിവ ഉപയോഗിച്ച് വിവിധ ഉൽപന്നങ്ങളുണ്ടാക്കുന്നത് പരിചയപ്പെടുത്തുകയുമാണ് ഇതിെൻറ ലക്ഷ്യമെന്ന് ഗുജറാത്ത് ഗൗസേവ ആയോഗ് ചെയർമാൻ വല്ലഭ് കത്തിരിയ പറഞ്ഞു.
പശുവളർത്തലിലൂടെ മികച്ച വരുമാനമുണ്ടാക്കാമെന്നതിെനക്കുറിച്ച് പലരും അജ്ഞരാണെന്നും പശുവിെൻറ മൂത്രവും ചാണകവും ഉപയോഗിച്ച് ബയോഗ്യാസും മരുന്നുകളും നിർമിക്കാമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു. മതവിശ്വാസവും സാമ്പത്തിക ഘടകവും ഒന്നിച്ചുചേർത്തുകൊണ്ടാണ് പശു ടൂറിസത്തിന് ഗൗസേവ ആയോഗ് രൂപം നൽകിയിട്ടുള്ളത്.
വരുമാനസാധ്യത മനസ്സിലാക്കിയ നിരവധി വിനോദസഞ്ചാരികൾ പശുവളർത്തൽ തുടങ്ങിയതായി വല്ലഭ് കത്തിരിയ അവകാശപ്പെട്ടു. ജയിലുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കന്നുകാലി വളർത്തൽ തുടങ്ങാനും ഗൗസേവ ആയോഗ് ചർച്ച നടത്തുന്നുണ്ട്. പശുക്കളെ കൊല്ലുന്നത് ഗുജറാത്തിൽ ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.