മകളെ ഉപദ്രവിച്ച കേസ്: യു.എസിൽ അറസ്റ്റിലായ ദമ്പതികൾക്ക് ജാമ്യം
text_fieldsചെന്നൈ: ആറുമാസം പ്രായമായ മകളെ ഉപദ്രവിച്ച കേസിൽ അമേരിക്കയിൽ അറസ്റ്റിലായ ഇന്ത്യൻ ദമ്പതികൾ ജാമ്യത്തിലിറങ്ങി. തമിഴ്നാട് സ്വദേശികളായ പ്രകാശ് സേത്തു, ഭാര്യ മാല പന്നീർശെൽവം എന്നിവരാണ് പ്രതികൾ. സെപ്റ്റംബർ ഏഴിനാണ് ഇവർ അറസ്റ്റിലായത്.
ഇരട്ടക്കുട്ടികളിലൊരാളായ ഹിമിഷയെ ഇടതുകൈക്ക് പരിക്കേറ്റനിലയിൽ ഫ്ലോറിഡ ബ്രൊവാഡ് കൗണ്ടിയിലെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംശയം ഉയർന്നത്. ഡോക്ടർ നിർദേശിച്ച പരിശോധനകൾ നടത്താൻ വിസമ്മതിക്കുകയും കുട്ടിയെ ഡോക്ടറുടെ അനുമതിയില്ലാതെ ആശുപത്രിയിൽനിന്ന് കൊണ്ടുപോകാൻ ശ്രമിച്ചതുമാണ് ഇവർക്ക് വിനയായത്.
കുഞ്ഞിന് ഫലപ്രദ ചികിത്സ ലഭ്യമാക്കുന്നതിൽ ദമ്പതികൾ വീഴ്ചവരുത്തിയതായാണ് കേസ്. ദമ്പതികൾ അറസ്റ്റിലായപ്പോൾ കുട്ടികളുടെ സംരക്ഷണം ചൈൽഡ് പ്രൊട്ടക്ടിവ് സർവിസസ് ഏറ്റെടുത്തിരുന്നു. ദമ്പതികൾ 30,000 ഡോളർ കെട്ടിവെച്ചാണ് വ്യാഴാഴ്ച ജാമ്യത്തിലിറങ്ങിയത്.