You are here

സി.എ.എ പ്രതിഷേധം: യു.പി കോൺഗ്രസ്​ ന്യൂനപക്ഷ സെൽ തലവൻ അറസ്​റ്റിൽ

07:37 AM
30/06/2020
shanavas

ലഖ്​നോ: ഉത്തർപ്രദേശ്​ കോൺഗ്രസ്​ ന്യൂനപക്ഷ സെൽ തലവൻ ഷാനവാസ്​ ആലം അറസ്​റ്റിൽ. തിങ്കളാഴ്​ചയാണ്​ ലഖ്​നോ പൊലീസ്​ അദ്ദേഹത്തെ അറസ്​റ്റ്​ ചെയ്​തത്​. ഡിസംബറിൽ നടത്തിയ സി.എ.എ സമരങ്ങളിൽ പ​ങ്കെടുത്തതിനാണ്​ നടപടി​. 

ആലത്തെ അറസ്​റ്റ്​ ചെയ്​ത വിവരം സെൻട്രൽ ഡി.സി.പി ദിനേഷ്​ സിങ്​ സ്ഥിരീകരിച്ചു. ഡിസംബർ 19ന്​ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ്​ അറസ്​റ്റ്​. ആലത്തിനെതിരെ തെളിവുകളുണ്ടെന്നും ഡി.സി.പി അറിയിച്ചു. അദ്ദേഹത്തെ പൊലീസ്​ കൊണ്ടു പോകുന്നതിൻെറ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത്​ വന്നിട്ടുണ്ട്​.

ആലത്തിൻെറ അറസ്​റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളറിയാൻ യു.പി കോൺഗ്രസ്​ അധ്യക്ഷൻ അജയ്​ ലല്ലുവും നിയമസഭാ കക്ഷി നേതാവ്​ ആരാധന മിശ്രയും ​ പൊലീസ്​ സ്​റ്റേഷനിലെത്തി. പൊലീസ്​ സ്​റ്റേഷന്​ മുന്നിൽ തടിച്ചു കൂടിയ കോൺഗ്രസ്​ പ്രവർത്തകരെ പിരിച്ച്​ വിടാൻ ലാത്തിചാർജ്​ നടത്തേണ്ടി വന്നു. 

ഷാനവാസ്​ ആലത്തേയും രണ്ട്​ പേരെയും തിങ്കളാഴ്​ച വൈകീ​ട്ടോടെയാണ്​ കസ്​റ്റഡിയിലെടുത്തത്​. പിന്നീട്​ മറ്റ്​ രണ്ട്​ പേരെ വിട്ടയച്ച്​  ആലത്തിൻെറ അറസ്​റ്റ്​ മാ​ാത്രം രേഖപ്പെടുത്തുകയായിരുന്നു. നേരത്തെ പാർട്ടി അധ്യക്ഷൻ അജയ്​ ലല്ലുവിനെതിരേയും ​പൊലീസ്​ കള്ളകേസ്​ എടുത്തിരുന്നുവെന്നും യു.പി കോൺഗ്രസ്​ വക്​താവ്​ അശോക്​ സിങ്​ പറഞ്ഞു. 
 

Loading...
COMMENTS