‘പെണ്‍കുട്ടികള്‍ സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിവാഹമോചന നിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നു’
text_fieldsചണ്ഡിഗഢ്: പെണ്‍കുട്ടികളെ അച്ചടക്കമുള്ളവരാകാന്‍ പഠിപ്പിക്കണമെന്നും അവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറക്കണമെന്നും ശിരോമണി അകാലിദള്‍ വനിതാ നേതാവ് ജാഗിര്‍ കൗര്‍. ഹിമാചല്‍പ്രദേശിലെ പാവോന്‍റ സാഹിബില്‍ നടക്കുന്ന പാര്‍ട്ടി പരിപാടിയില്‍ എം.എല്‍.എമാര്‍, ജില്ലാ ഭാരവാഹികള്‍, പാര്‍ട്ടിപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ ഇരുനൂറോളം സ്ത്രീകളെ അഭിസംബോധന ചെയ്യവെയാണ് വിവാദ പ്രസ്താവന നടത്തിയത്.
നല്ല രാഷ്ട്രീയക്കാരിയാകാന്‍ ആദ്യം വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ നല്ലതുപോലെ നിര്‍വഹിക്കണം. ഇപ്പോഴത്തെ സ്ത്രീകള്‍ ഭര്‍ത്താവിന് ഒരു ചായ കൊടുക്കാന്‍പോലും മടിക്കുന്നവരാണ്. സ്ത്രീകള്‍ ധാര്‍മികമായി ശക്തരാകണം. നിങ്ങള്‍ നിങ്ങളുടെ നാടുകളിലേക്ക് ചെല്ലുമ്പോള്‍ വോട്ട് ചോദിക്കാന്‍ മാത്രമല്ല, ഇത്തരം മൂല്യങ്ങള്‍ മറ്റു സ്ത്രീകളെ പഠിപ്പിക്കാനും തയാറാകണം. പെണ്‍കുട്ടികള്‍ക്ക് തീരെ സഹനശക്തിയില്ലാതായിരിക്കുകയാണ്.
ഭര്‍ത്താവുമായി ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍പോലും മൊബൈല്‍ ഫോണെടുത്ത് അവര്‍ രക്ഷിതാക്കളെ വിളിക്കുന്നു. നിരവധി ബന്ധങ്ങള്‍ വിവാഹമോചനത്തില്‍ കലാശിക്കുന്നതിന്‍െറ കാരണം മറ്റൊന്നുമല്ല -ജാഗിര്‍ കൗര്‍ പറഞ്ഞു.
2000ത്തില്‍ മരിച്ച മകള്‍ ഹര്‍പീത് കൗറിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സി.ബി.ഐ ജാഗിര്‍ കൗറിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെതിരായ നിയമനടപടികള്‍ നീക്കിക്കൊണ്ടിരിക്കുകയാണിവര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
