മോദിയുടെ മൗനത്തിനെതിരെ ചരിത്രകാരന്‍മാര്‍
text_fieldsന്യൂദല്‍ഹി: രാജ്യത്ത് നിലനില്‍ക്കുന്ന മലിനമായ സാമൂഹ്യാന്തരീക്ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെതിരെ 50 ചരിത്രകാരന്‍മാര്‍. എഴുത്തുകാര്‍ക്കും കലാകാരന്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും പുറമെയാണ്് ചരിത്രകാരന്‍മാരും മോദി സര്‍ക്കാരിന്‍െറ നിസംഗതക്കെതിരെ രംഗത്ത് വന്നിട്ടുള്ളത്.
വിയോജിക്കുന്നവരെ ശാരീരികമായി നേരിടുകയും വാദങ്ങളെ എതിര്‍വാദങ്ങള്‍ കൊണ്ട് നേരിടുന്നതിനു പകരം ബുള്ളറ്റ് കൊണ്ട് മറുപടി പറയുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് ചരിത്രകാരന്‍മാര്‍ സംയുക്ത പ്രസ്താവനയില്‍ ചുണ്ടിക്കാട്ടി. ഇതില്‍ പ്രതിഷേധിച്ച് ഒരോ എഴുത്തുകാരും തങ്ങള്‍ക്കു ലഭിച്ച അംഗീകാരവും അവാര്‍ഡുകളും മടക്കി നല്‍കുമ്പോഴും പ്രതിഷേധത്തിന്‍െറ കാരണത്തെകുറിച്ച് പ്രതികരിക്കാതെ കടലാസ് വിപ്ളവമെന്ന് പറഞ്ഞ് പരിഹസിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് റൊമീല ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ്, കെ.എന്‍ പണിക്കര്‍, മൃദുല മുഖര്‍ജി എന്നിവര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു.
സര്‍ക്കാരിനെ നയിക്കുന്ന പ്രധാനമന്ത്രിയാവട്ടെ അനുദിനം വഷളാവുന്ന സാമൂഹ്യ സാഹചര്യത്തെ കുറിച്ച് പറയാതെ പൊതുപ്രശ്നമായ പട്ടിണിയെകുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. സ്വതന്ത്രവും നിര്‍ഭയവുമായ അഭിപ്രായ പ്രകടനത്തിന് സാഹചര്യമൊരുക്കാന്‍ സംസ്ഥാനങ്ങള്‍ തയാറാവണമെന്ന് ചരിത്രകാരന്‍മാര്‍ ആവശ്യപ്പെട്ടു.
ദാദ്രി കൊലപാതകം, കല്‍ബുര്‍ഗി വധം, സുധീന്ദ്ര കുല്‍ക്കര്‍ണിക്കെതിരായ കരി ഓയില്‍ ആക്രമണം തുടങ്ങിയ സംഭവങ്ങളുടെ പശ്ചാതലത്തില്‍ 36 എഴുത്തുകാര്‍ അവാര്‍ഡ് തിരിച്ചുനല്‍കുകയും അഞ്ച് അംഗങ്ങള്‍ സാഹിത്യ അക്കാദമി അംഗത്വം രാജിവെക്കുകയും ചെയ്തിട്ടുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.