കുട്ടികൾ പഠനത്തിൽ പിറകിലാണോ? അധ്യാപകരെ മാത്രം പഴിക്കേണ്ട!

‘‘ഇത്രയും കാലമായിട്ടും എന്‍റെ കുട്ടിയെ A B C D മുഴുവായി പഠിപ്പിക്കാൻ പോലും നിങ്ങൾക്ക് പറ്റിയില്ലേ?’’
‘‘രക്ഷിതാക്കളുടെ പൈസ കൊള്ളയടിക്കലാണോ നിങ്ങളുടെ ഉദ്ദേശം?’’
‘‘കുട്ടികളെ പഠിപ്പിക്കാൻ പറ്റുന്നില്ലെങ്കിൽ നിങ്ങൾക്ക് സ്ഥാപനം പൂട്ടി പോയ്ക്കൂടെ...?’’
ഗൾഫിൽ നിന്ന് ലീവിന് എത്തിയ രണ്ടാം ക്ലാസുകാരന്‍റെ രക്ഷിതാവ് അധ്യാപകരോടും പ്രിൻസിപ്പലിനോടും മാനേജ്‌മെന്‍റിനോടും കയർക്കുകയാണ്. അയാളുടെ കൂടെ വേറെയും രണ്ട് രക്ഷിതാക്കൾ ഉണ്ട്. 
ന്യായീകരണങ്ങൾ ഒന്നും പറയാൻ ഇല്ലാതെ, അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ച മാനേജ്മെന്‍റിന് സ്വയ രക്ഷക്ക് അടവ് മാറ്റേണ്ടി വന്നു.
‘‘ക്ലാസിലെ ബാക്കി കുട്ടികളൊക്കെ പഠിക്കുന്നുണ്ടല്ലോ, നിങ്ങളുടെ കുട്ടി മാത്രമാണല്ലോ പഠിക്കാത്തത്. അപ്പോ നിങ്ങളുടെ കുട്ടിയുടെ കുഴപ്പമാണ്...’’
ആ വാദം രക്ഷിതാവ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഉള്ളിലെ സങ്കടം ദേഷ്യമായാണ് പുറത്തു വന്നത്.
‘‘ചില കുട്ടികളെ മാത്രമേ പഠിപ്പിക്കാൻ പറ്റൂ, ചിലരെ പഠിപ്പിക്കാൻ പറ്റില്ലെന്ന് ഒന്നും ആദ്യം പറഞ്ഞില്ലല്ലോ? എല്ലാ കുട്ടികളെയും പഠിപ്പിക്കാൻ പറ്റാത്ത ടീച്ചർമാർ ആണോ ഇവിടെ ഉള്ളത്...? അപ്പോ പിന്നെ പൈസ വാങ്ങിച്ചു പോക്കറ്റിൽ ഇട്ടത് എന്തിനാ..?’’ -വാഗ്വാദം തുടർന്നു.

 

അടുത്തിടെ ഒരു പ്രീ-പ്രൈമറി സ്കൂളിൽ നടന്ന വാക്കേറ്റമാണിത്. രക്ഷിതാവിൽനിന്നും അധ്യാപികയിൽനിന്നും ഒരുപോലെ കേട്ടതാണ്. കുട്ടികൾ പഠനത്തിൽ പുറകിലാകുന്നതിനു കാരണം കുട്ടിയുടെ താൽപര്യകുറവും, അധ്യാപകരുടെ കഴിവ് കേടും മാത്രമാണെന്നതാണ് പൊതു ധാരണ. ഇത് ശരിയാണോ? കുട്ടികൾ പഠനത്തിൽ പുറകിലാവാനുള്ള കാരണങ്ങൾ പരിശോധിക്കാം.

ശാരീരിക വെല്ലുവിളികൾ
കാഴ്ച കുറവ്, കേൾവി കുറവ്, കൈകാലുകളുടെ ചലന ശേഷി കുറവ് തുടങ്ങിയ കാരണങ്ങൾ കൊണ്ട് കുട്ടി പഠനത്തിൽ പിന്നിലാവാം.

ബുദ്ധികുറവ്
പഠനത്തിൽ പിന്നിലാകുന്ന കുട്ടികളിൽ ചെറിയ ശതമാനമെങ്കിലും ബുദ്ധികുറവ് ഉള്ളവരായിരിക്കും. അതേ പ്രായത്തിലെ മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രഹിക്കുന്നതിലും അവ മറ്റൊരാവസരത്തിൽ ഉപയോഗിക്കുന്നതിലും പുറകിലായിരിക്കും. പ്രായത്തിനനുസരിച്ചുള്ള മാനസിക വളർച്ച ഇല്ല എന്നു കാണാം.
ബുദ്ധി അളക്കുന്ന മാനദണ്ഡം ഐ.ക്യു (ഇന്‍റലിജൻസ് ഖൊഷ്യന്‍റ്) ആണ്. ഐ.ക്യു സ്കോർ 90 മുതൽ 110 വരെ പൊതുവെ ആവറേജ് ബുദ്ധി ആയിട്ടാണ് കണക്കാക്കുന്നത്. അതിനു മുകളിലോട്ട് കിട്ടുന്നതിനനുസരിച്ചു ബുദ്ധിക്കൂടുതൽ എന്നു പറയും. എന്നാൽ സ്കോർ 70 നു താഴെ ആണെങ്കിൽ നമ്മൾ അതിനെ ബുദ്ധിമാന്ദ്യം/ ബുദ്ധികുറവ് എന്നു പറയും. അനുയോജ്യമായ ഐ.ക്യു ടെസ്റ്റ് നടത്തിയാൽ കുട്ടിയുടെ ബുദ്ധി അറിയാൻ പറ്റും. 70 നു താഴെ സ്കോർ ഉള്ള കുട്ടിക് മറ്റുള്ള കുട്ടികളെ പോലെ കാര്യങ്ങൾ മനസിലാക്കി എടുക്കാനുള്ള ശേഷി കുറവായിരിക്കും. അതോടൊപ്പം ഒരു കാര്യം പടിച്ചെടുക്കാൻ കൂടുതൽ സമയവും ആവശ്യമായി വരും.

പഠന വൈകല്യം
മുകളിൽ പറഞ്ഞ ബുദ്ധിയുടെ അളവ് ആവേറേജോ അതിന്‍റെ മുകളിലോ വരികയും പഠനമൊഴിച്ചു ബാക്കി എല്ലാ മേഖലകളിലും വളരെ നല്ല പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നുമുണ്ടെങ്കിൽ നമുക്ക് പഠന വൈകല്യം സംശയിക്കാം. അവരുടെ കളികളിൽ, സുഹൃദ് ബന്ധങ്ങളിൽ, ദൈനംദിന കാര്യങ്ങളിൽ എല്ലാം പ്രായത്തിനനുസരിച്ച പ്രവർത്തനം ഉണ്ടാവണം എന്നു ചുരുക്കം. പഠന വൈകല്യത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു.
1. ഡിസ്‌ലക്സിയ (Dyslexia)
വായനയിൽ അനുഭവപെടുന്ന പ്രയാസങ്ങളാണിത്. മന്ദഗതിയിലും തപ്പിത്തടഞ്ഞും വായിക്കുക, വായിക്കുമ്പോൾ അക്ഷരങ്ങൾ വിട്ടു പോവുക, എഴുതിയിട്ടില്ലാത്ത അക്ഷരങ്ങൾ വായിക്കുക, വിരാമങ്ങളും, അർദ്ധ വിരാമങ്ങളും ചിഹ്നങ്ങളും പരിഗണിക്കാതെ വായിക്കുക, വായിക്കുമ്പോൾ വരികൾ തെറ്റി പോവുക.
2. ഡിസ്ഗ്രാഫിയ (dysgraphia) 
എഴുത്തുമായി ബന്ധപ്പെട്ട പ്രയാസങ്ങളാണിത്. വളരെ മന്ദഗതിയിൽ എഴുതുക, അക്ഷര തെറ്റുകൾ വരുത്തുക, മോശം കൈയ്യക്ഷരം, വരികൾക്ക് ഇടയിൽ സ്ഥലം വിടുന്നതിലും, മാർജിൻ ഇടുന്നതിലുമുള്ള അപാകതകൾ, തുടർച്ചയായി അക്ഷര തെറ്റുകൾ, വ്യാകരണ പിശകുകൾ, ഒരു പ്രാവശ്യം ശരിയായി എഴുതിയ വാക്കുകൾ പിന്നീട് എഴുതുമ്പോൾ തെറ്റിക്കുക, എഴുതുമ്പോൾ ചിഹ്നകളും വിരാമങ്ങളും അർദ്ധ വിരാമങ്ങളും വിട്ടുപോകുക, പകർത്തി എഴുതാൻ പ്രയാസം അനുഭവപ്പെടുക, പകർത്തി എഴുതുന്നത്തിലും തെറ്റുകൾ, ക്ലാസ് നോട്ടുകൾ എഴുതിയെടുക്കാൻ സാധിക്കാതെ വരിക.
3. ഡിസ്കാൽകുലിയ (dyscalculia)
ഗണിതവുമായ ബന്ധപ്പെട്ട പ്രയാസങ്ങളാണിത്. ഗണിതപരമായ ആശയങ്ങളെ മനസിലാക്കി എടുക്കാനുള്ള ബുദ്ധിമുട്ട്, അക്കങ്ങൾ എഴുതുമ്പോൾ തെറ്റു വരുത്തുക, അക്കങ്ങളെ തിരിച്ചറിയാനും ഉപയോഗിക്കാനും ഉള്ള ബുദ്ധിമുട്ട്.

വൈകാരികവും സമൂഹികവും കാരണങ്ങൾ
കുട്ടി അനുഭവിക്കുന്ന ശാരീരികമോ മാനസികമോ ആയ പീഠനങ്ങളും സാമൂഹിക ചുറ്റുപാടുകളും ഇതിൽ വരും. ഉറ്റവരുടെ വേർപാട്, അച്ഛനമ്മമാരുടെ വഴക്ക്, വീട്ടിലെ അവഗണന, വർഗീയമായതോ മറ്റേതെങ്കിലും രീതിക്കുള്ള വേർതിരിവ്, പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കുട്ടിക്ക് കിട്ടിയ ശിക്ഷകൾ, പഠനവുമായി ബദ്ധപ്പെട്ടു രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഭാഗത്തുന്നുള്ള അമിത സമ്മർദ്ദം, മോശപ്പെട്ട സാമൂഹിക അവസ്ഥ, പഠനത്തിന് പ്രാധാന്യം കൊടുക്കാത്ത സാമൂഹിക ചുറ്റുപാട് തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടുന്നു.

മറ്റു കാരണങ്ങൾ
-ശ്രദ്ധക്കുറവും ഹൈപ്പർ ആക്ടിവും ആയ കുട്ടികൾ (എ.ഡി.എച്ച്.ഡി.)
-ഹോർമോണുകളിലെ തകരാറുകൾ
-ഓട്ടിസം
-വിഷാദം, ഒ.ഡി.ഡി., ഉത്കണ്ഠ രോഗം തുടങ്ങിയ പ്രശനങ്ങൾ

പഠനപരമായ പ്രശ്​നങ്ങളുടെ ശാസ്ത്രീയ നിർണയത്തിനും പരിഹാരത്തിനും റെഗുലറായി പഠനം പൂർത്തിയാക്കിയ യോഗ്യതയുള്ളവരെ തന്നെ സമീപിക്കുക.

Loading...
COMMENTS