നിങ്ങളുടെ കുട്ടിക്ക് ഗണിതം പ്രയാസമാണോ? കാരണം ഡിസ്കാല്‍ക്കുലിയ‍?

പഠന വൈകല്യങ്ങള്‍ കുട്ടിയുടെ ആത്മവിശ്വാസത്തെ ബാധിക്കാറുണ്ട്. ഇത് നമ്മുടെ മക്കളെ വലിയ മാനസിക സമ്മര്‍ദ്ദത്തിലേക്കും ഉത്കണ്ഠയിലേക്കും നയിക്കും. പഠന സംബന്ധമായ തകരാറുകളില്‍ ഒന്നാണ് ഡിസ്കാല്‍ക്കുലിയ.
ഗണിതശാസ്ത്രം കുട്ടികള്‍ക്ക് പൊതുവെ പ്രയാസമുള്ള വിഷയമാണല്ലോ. ചിലര്‍ വളരെ പതുക്കെ പഠിക്കുന്നവരായേക്കും, പരിശീലനം കൊണ്ടും ആവര്‍ത്തനം കൊണ്ടും അവര്‍ കണക്കിലെ ആശയങ്ങള്‍ പഠിച്ചെടുക്കും. മറ്റു ചില കുട്ടികള്‍ക്ക് ഗണിതശാസ്ത്ര പഠനം മാനസിക പിരിമുറുക്കവും വികാരവിക്ഷോഭവും സൃഷ്ടിക്കും. പരീക്ഷകളില്‍ ദയനീയ പരാജയമാകും ഇതിന്‍റെ പരിണിതഫലം.

 

ചില ലക്ഷണങ്ങൾ
ഗണിതശാസ്ത്രപരമായ പ്രവൃത്തികള്‍ മന്ദഗതിയിലും കൃത്യതയില്ലാതെയും ചെയ്യുന്ന പ്രത്യേകതരം പഠനവൈകല്യമാണ് ഡിസ്കാല്‍ക്കുലിയ. ഒരു കുട്ടിക്ക് സംഖ്യകള്‍ സംബന്ധിച്ച് അടിസ്ഥാന കാര്യങ്ങള്‍ ഓർത്തിരിക്കാന്‍ കഴിയാതെവരുന്നത് ഡിസ്‌കാല്‍ക്കുലിയയുടെ ലക്ഷണമാണ്. ഒരു കുട്ടിക്ക് മറ്റൊരു കുട്ടിയുടേതില്‍ നിന്നും വ്യത്യസ്തമായ സ്വഭാവമാകും ഇത്തരത്തില്‍ കാണുക. ചിലര്‍ക്ക് വഴിക്കണക്ക് പോലെ വാക്കുകള്‍ കൊണ്ടുള്ള കണക്കുകള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പ്രയാസമായിരിക്കും, മറ്റു ചിലര്‍ക്ക് ഒരു കണക്കിന്‍റെ ഉത്തരം കണ്ടെത്തുന്നതിന് ആവശ്യമായ ഓരോ ഘട്ടങ്ങളുടേയും പിന്തുടര്‍ച്ച മനസിലാക്കിയെടുക്കാന്‍ കഴിയാതെ വരും. ചില പ്രത്യേക ഗണിതശാസ്ത്ര ആശയങ്ങള്‍ മനസിലാക്കാനാകും ചിലര്‍ക്ക് ബുദ്ധിമുട്ട്. ഓരോ കുട്ടിയും പാഠങ്ങള്‍ പഠിക്കുന്നതിന്‍റെ വേഗത വ്യത്യസ്തമായിരിക്കും. ഒരു ശരാശരി കുട്ടിക്ക് ഗണിതശാസ്ത്ര ആശയങ്ങളും സാമാന്യസങ്കൽപങ്ങളും മറ്റും മനസിലാക്കാന്‍ കാലതാമസവും ശ്രദ്ധേയമായ അന്തരവും ഉള്ളപ്പോള്‍ പ്രത്യേക പരിശീലനം നല്‍കിയാലും ഫലമില്ലെങ്കില്‍ കുട്ടിക്ക് ഡിസ്‌കാല്‍ക്കുലിയ ആയേക്കാം.

ഡിസ്‌ക്കാല്‍ക്കുലിയ കണ്ടെത്താന്‍ പരിശോധന?
ഡിസ്കാല്‍ക്കുലിയയുടെ ലക്ഷണങ്ങള്‍ ഓരോ കുട്ടിയുടെയും വളര്‍ച്ചാഘട്ടത്തില്‍ വ്യത്യസ്തമായിരിക്കും. ജീനും പാരമ്പര്യവും ഡിസ്കാല്‍ക്കുലിയക്കുള്ള കാരണങ്ങളില്‍ ഒന്നായി ഗവേഷകര്‍ പറയുന്നുണ്ടെങ്കിലും കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഡിസ്കാല്‍ക്കുലിയ കണ്ടെത്താന്‍ പരിശോധനകളും ലഭ്യമല്ല. പരസ്പരം ബന്ധപ്പെടുത്തിയുള്ള ഒരു കൂട്ടം വിലയിരുത്തലുകളും പരിശോധനകളുമാണ് ഈ അവസ്ഥ കണ്ടെത്താൻ ചെയ്യുന്നത്.
ഡിസ്കാല്‍ക്കുലിയ മറ്റു തരത്തിലുള്ള പഠനവൈകല്യങ്ങള്‍ക്കൊപ്പവും ഉണ്ടാകാം. ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുവാന്‍ പ്രത്യേക പരിശീലനം നേടിയ വിദഗ്ധര്‍ ഈ അവസ്ഥ കണ്ടെത്തുന്നതിനു പ്രത്യേക പരിശോധനകള്‍ നടത്തും. കുട്ടിയുടെ പഠന മികവും പരിഗണനക്കെടുക്കും. കുട്ടിയെ സഹായിക്കാന്‍ ബദല്‍ പഠന രീതികളും മറ്റും ഉപയോഗിക്കാം.

കുട്ടികളെ പിന്തുണക്കാം
മാതാപിതാക്കള്‍ കുട്ടിയുടെ അവസ്ഥയെപ്പറ്റി അധ്യാപകരോട് വിശദീകരിക്കുകയും സഹായം തേടുകയും വേണം. സ്‌കൂളില്‍ കുട്ടിക്ക് പിന്തുണയുണ്ടാകണം. ഇത്തരം കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ കൂടുതല്‍ സമയം നല്‍കുക. കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാനുള്ള അനുവാദം തുടങ്ങിയവ നല്‍കണം. സൈക്കോളജിസ്റ്റിന്‍റെയോ കൗണ്‍സിലറുടെയോ സഹായം തേടാം.  
കണക്കിലെ കളികള്‍, കളിപ്പാട്ടങ്ങള്‍, പാത്രങ്ങള്‍, തുടങ്ങി വീട്ടിലെ വസ്തുക്കള്‍ ഉപയോഗപ്പെടുത്തിയുള്ള കണക്ക് ചെയ്യിക്കുക. കുട്ടിയുടെ അഭിരുചികളും ശേഷിയും തിരിച്ചറിഞ്ഞ് അവന് / അവള്‍ക്ക് താല്പര്യമുളള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോള്‍ കുട്ടിയില്‍ ആത്മാഭിമാനം വർധിക്കുകയും ആത്മവിശ്വാസം ഉണ്ടാകുകയും ചെയ്യും.
കുട്ടികൾക്ക് സ്‌നേഹവും പിന്തുണയും സുരക്ഷയും നല്‍കണം. അവരുടെ പ്രയാസങ്ങള്‍ മാതാപിതാക്കളായ നമ്മൾ മനസ്സിലാക്കുന്നുണ്ട് എന്ന് അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുകയും വേണം.
 

Loading...
COMMENTS