ഈ കരുതലും സ്നേഹവുമാണ് നമ്മുടെ വിജയം

  • ജൂലൈ 1 - ഡോക്ടേഴ്സ് ഡേ

  • കോവിഡ് നോഡൽ ഓഫിസർ അനുഭവങ്ങൾ പങ്കുവെക്കുന്നു

20:48 PM
30/06/2020

കോവിഡിനൊപ്പം ജീവിക്കാൻ പഠിക്കുകയാണ് ലോകം. മാസ്കും സാനിറ്റൈസറും സാമൂഹിക അകലവുമെല്ലാം ഇന്നും എന്നും ഇനി ജീവിതത്തി​​​​​െൻറ ഭാഗമാവുകയാണ്. എത്രകാലം നാം ഇനി ജാഗ്രത തുടരേണ്ടി വരുമെന്ന് നിശ്ചയമില്ല. മഞ്ചേരി മെഡിക്കൽ കോളേജ് കോവിഡ് നോഡൽ ഓഫിസർ ഡോ. ഷിനാസ് ബാബു കോവിഡ് കാല അനുഭവങ്ങൾ ‘മാധ്യമ’ത്തോട് പങ്കുവെക്കുന്നു...


നുവരി 24ന് കോവിഡ് നോഡൽ ഓഫിസറായി ചുമതലയേൽക്കുമ്പോൾ മുന്നിലുള്ള പ്രതിസന്ധിയുടെ ആഴം എത്രത്തോളമുണ്ടെന്ന് അറിഞ്ഞിരുന്നില്ല. അന്നുമുതൽ ഇന്നുവരെ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആഴ്ചകളും മാസങ്ങളും കടന്നുപോകുന്നത് അറിയാതെ കോവിഡിനെ പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങിയ കൂട്ടായ്മക്ക് നേതൃത്വം നൽകുന്നതി‍​​​​െൻറ ആത്മസംതൃപ്തി വാക്കുകൾക്കതീതം.
അരയും തലയും മുറുക്കി ജില്ലയെ കോവിഡിൽനിന്ന് സുരക്ഷിത തീരത്തേക്ക് അടുപ്പിക്കാനുള്ള ശ്രമം നടത്തുകയാണ് ഓരോരുത്തരും. കഴിഞ്ഞ നാലുമാസമായി കോവിഡിനൊപ്പമാണ് ഉറങ്ങുന്നതും ഉണരുന്നതും. മെഡിക്കൽ കോളജിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നു. ജില്ലയെ കോവിഡ് മുക്തമാക്കുന്നതിനോടൊപ്പം ഒരു രോഗിയെ പോലും വെറസിന് വിട്ടുകൊടുക്കില്ലെന്ന ദൃഢനിശ്ചയമായിരുന്നു മനസ്സിലുണ്ടായിരുന്നത്.

കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ലോകം കോവിഡിൽ വിറച്ചപ്പോഴും ദൈവത്തി‍​​​​െൻറ സ്വന്തം നാട് വൈറസിനെ പ്രതിരോധിക്കുന്നതിൽ ലോകത്തിന് മാതൃകയായി. കൃത്യമായ ആസൂത്രണത്തോടെയും അർപ്പണബോധത്തോടെയും കേരളത്തിലെയും ജില്ലയിലെയും ആരോഗ്യപ്രവർത്തകർ സദാസമയം ജാഗരൂകരായി. ഫുട്ബാൾ മത്സരങ്ങളിലെന്ന പോലെ കൂട്ടായ ഉത്തരവാദിത്തം ഓരോ ആരോഗ്യ പ്രവർത്തകരും ഭംഗിയായി നിറവേറ്റി. മുന്നേറ്റനിരയും പ്രതിരോധനിരയും കാവൽക്കാരുമെല്ലാമായി അവർ ജില്ലയെ പൊന്നുപോലെ കാത്തു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന, ജില്ല സർവലയൻസ് ഓഫിസറും ആശുപത്രി സൂപ്രണ്ടുമായ ഡോ. കെ.വി. നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ മറ്റു ഡോക്ടർമാർ, സ്​റ്റാഫ് നഴ്സുമാർ, ഗ്രേഡ് ടു ജീവനക്കാർ, സെക്യൂരിറ്റി തുടങ്ങി ആശുപത്രിയിലെ മുഴുവൻ ജീവനക്കാരും മാലയിൽ കോർത്ത മുത്തുപോലെ അവരുടെ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റി.

ബി പോസിറ്റിവ്
കോവിഡ് സ്ഥിരീകരിക്കുന്നവരെ ആ വിവരം അറിയിക്കേണ്ട ഉത്തരവാദിത്വമുണ്ട്. രോഗികളുടെ മാനസിക നിലനോക്കി പതിയെ അവരെ പറഞ്ഞ് മനസ്സിലാക്കും. ആശുപത്രിയിലെത്തിയ ഓരോരുത്തരുമായും ഫോണിലൂടെ അടുത്തിടപഴകാനും ആത്മബന്ധം പുലർത്താനും സാധിച്ചു. ദിനംപ്രതി രോഗികളുടെ എണ്ണം കൂടിയിട്ടും ആർക്കും പരാതികൾക്ക് ഇടവരുത്താെത മികച്ച ചികിത്സ നൽകി. രോഗമുക്തി നേടിയ വിവരം ഓരോരുത്തരെയും വിളിച്ചു പറയുന്നതാണ് കൂടുതൽ സന്തോഷം നൽകുന്നത്. കാരണം വലിയ ദുരന്തത്തിൽ നിന്നും കരകയറിയ പോലെ അവർ അതിരറ്റ് സന്തോഷിക്കുമ്പോൾ വല്ലാത്ത അനുഭൂതിയാണ് ലഭിക്കുന്നത്. ഓരോരുത്തരുടെയും സങ്കടകരമായ അവസ്ഥയും സന്തോഷകരമായ അവസ്ഥയും കാണാനും അനുഭവിക്കാനും സാധിച്ചു.

ആ നിമിഷം വിറങ്ങലിച്ചു
കേരളത്തി‍​​​​െൻറ കാൽപന്ത് പെരുമ അങ്ങ് മഹാരാഷ് ട്രയിലെ മൈതാനങ്ങളിലുമെത്തിച്ച മുൻ സന്തോഷ് ട്രോഫി താരം പരപ്പനങ്ങാടി സ്വദേശി ഹംസക്കോയയുടെ മരണം മനസ്സിനെ വല്ലാതെ തളർത്തി. സംസ്ഥാനത്ത് ആദ്യമായ പ്ലാസ്മ തെറപ്പി ചികിത്സ നടത്തിയത് ഹംസക്കോയക്കായിരുന്നു. എങ്കിലും കളിമൈതാനം വിട്ട് അദ്ദേഹം എന്നന്നേക്കുമായി യാത്രയായി. ഹംസക്കോയയുടെ ഭാര്യക്കും മകനും മരുമകൾക്കുമടക്കം കുടുംബത്തിലെ ആറ് പേർക്ക് വൈറസ് ബാധയേറ്റിരുന്നു. പിതാവി‍​​​​െൻറ മൃത​േദഹം അവസാനമായി മൊബൈൽ സ്ക്രീനിലൂടെ കാണുന്ന മക‍​​​​െൻറ വേദന എത്രത്തോളമായിരിക്കും. കുടുംബത്തിന് അവസാനമായി ഹംസക്കോയയെ കാണാനായി മകനെ വീഡിയോ കോളിൽ കണക്ട് ചെയ്ത് ഐ.സി.യുവിൽ കയറുമ്പോൾ മനസ്സ് മരവിച്ചിരുന്നു. മികച്ച പരിചരണം നൽകിയിട്ടും വിധി വില്ലനായി.
കീഴാറ്റൂർ സ്വദേശിയ 85കാരനായ വീരാൻകുട്ടി രോഗമുക്തി നേടിയിട്ടും മറ്റു അസുഖങ്ങൾ കാരണമാണ് മരിച്ചത്. ന്യൂമോണിയ, ഹൃദയസംബന്ധമായ അസുഖം എന്നിവയെല്ലാം തിരിച്ചടിയായി. കോവിഡ് ഭേദമായി ആശുപത്രി വിടാൻ തീരുമാനിച്ച ദിവസമാണ് വീരാൻകുട്ടി മരിച്ചത്. കോവിഡ് ഭേദമായതിനാൽ പ്രോട്ടോക്കോൾ പ്രകാരമുള്ള ഖബറടക്കം ഒഴിവാക്കാനായതിൽ കുടുംബത്തിന് ആശ്വാസമായി. ജനനം മരണവും നമ്മുടെ ​ൈകയിൽ അല്ലല്ലോ..!

അതിരറ്റ ആഹ്ലാദം
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ തെറപ്പിയിലൂടെ കോവിഡ് ഭേദമായി ആശുപത്രിവിട്ട സൈനുദ്ധീന് പ്ലാസ്മ നൽകിയത് എടപ്പാൾ സ്വദേശിയായ വിനീതാണ്. വിനീതിനോട് രക്തം ആവശ്യപ്പെട്ടപ്പോൾ ‘എത്ര വേണമെങ്കിലും എടുത്തോ സാറേ..’ എന്നാണ് അവൻ പറഞ്ഞത്. എടപ്പാളിൽ നിന്നും ബൈക്കിലെത്തിയാണ് വിനീത് രക്തം നൽകിയത്. ആശുപത്രിയിലെത്തിവർക്ക് നൽകിയ കരുതലും സ്നേഹവും അവർ തിരിച്ച് തരുമ്പോൾ ഇതിൽപരം എന്തുവേണം. ഹംസക്കോയക്കും പ്ലാസ്മ തെറപ്പി അടക്കമുള്ള വിദഗ്ധ ചികിത്സ നടത്തിയിരുന്നു. പ്ലാസ്മ തെറപ്പിക്കായി കോവിഡ് മുക്തമായവരിൽ നിന്നും ഒരേ രക്ത ഗ്രൂപ്പുള്ള രണ്ട് പേരെ കണ്ടെത്തി വിവരമറിയിച്ചു. വിളിക്കേണ്ട താമസം, നേരത്തെ കോവിഡ് ഭേദമായ പയ്യനാട് സ്വദേശി മുഹമ്മദ് ബഷീർ, തിരൂർ സ്വദേശി അലിഷാൻ എന്നിവർ ആശുപത്രിയിലെത്തി പ്ലാസ്മ നൽകി. സഹജീവി സ്നേഹത്തി‍​​​​െൻറ ഉത്തമ ഉദാഹരണമാണ് അന്ന് കാണാൻ സാധിച്ചത്. ഈ കരുതലും സ്നേഹവുമാണ് നമ്മുടെ വിജയം.

ഈ കാലവും കടന്നുപോകും...
ജൂലൈ, ആഗസ്​റ്റ്​ മാസത്തിൽ രോഗികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നാം ഓരോരുത്തരും വേണ്ട ജാഗ്രത കൈക്കൊള്ളണം. രോഗ വ്യാപനത്തിന് നിങ്ങൾ കാരണക്കാരാകാതിരിക്കാൻ ശ്രദ്ധിക്കണം. വിദേശത്തുനിന്നും അന്തർ സംസ്ഥാനങ്ങളിൽനിന്നും വരുന്നവർ പുറത്തിറങ്ങി നടക്കരുത്. ക്വാറൻറീൻ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. 40 മുതൽ 60 ശതമാനം വരെ ഒരു ലക്ഷണവും ഇല്ലാതെയണ് വൈറസ് ബാധയേൽക്കുന്നത്. അതുകൊണ്ടുതന്നെ രോഗവ്യാപന സാധ്യത വർധിപ്പിക്കുന്നു. പ്രായമായവർ, മറ്റു അസുഖങ്ങളുള്ളവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ അനാവശ്യമായി വീടിന് പുറത്തിറങ്ങരുത്. മറ്റുള്ളവരോടും സമ്പർക്കം പുലർത്താതിരിക്കുക. വ്യക്തി ശുചിത്വം പാലിക്കണം. ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തത്തെ വിളിച്ചുവരുത്തും. സമൂഹിക വ്യാപനത്തിലേക്ക് തള്ളിവിടരുത്. ഈ കാലവും കടന്നുപോകും. നാം അതിജീവിക്കും. നല്ല നാളേക്കായി കാത്തിരിക്കാം.
 

Loading...
COMMENTS