പെട്ടികെട്ടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക: കുത്തി നിറച്ച ലഗേജുകള്‍ ഇനി ദുബൈ വിമാനത്താവളം വഴി പറക്കില്ല
text_fieldsദുബൈ: ലഗേജുകള്‍ ഒരുക്കുമ്പോള്‍ ഇനി പ്രത്യേകം ഓര്‍ക്കുക. കുത്തി നിറച്ചതും ഏണുംകോണും തെറ്റിയ രൂപത്തിലുള്ളതുമായ ബാഗുകളും പെട്ടികളും ഇനി ദുബൈ വിമാനത്താവളം വഴി കടത്തിവിടില്ല. ഈ മാസം എട്ടു മുതല്‍ കര്‍ശനമായി നടപ്പാക്കുന്ന നിയമങ്ങള്‍ പ്രകാരം എല്ലാ ബാഗുകളും പരന്ന രീതിയിലുള്ളതാവണം. റൗണ്ട് ബാഗുകളോ അസാധാരണ വലിപ്പവും രൂപവുമുള്ള പെട്ടികളോ അനുവദനീയമല്ല.
ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക തികവോടെ ബാഗേജ് ശാസ്ത്രീയമായി കൈകാര്യം ചെയ്തിട്ടും ദുബൈ വിമാനത്താവളത്തിലെ ബെല്‍റ്റുകളില്‍ കുത്തിനിറച്ചതും അമിതവലിപ്പമുള്ളതുമായ ബാഗുകളും പെട്ടികളും സ്തംഭനം സൃഷ്ടിക്കാറുണ്ട്. ബാഗേജ് നീക്കം വൈകുന്നത് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വിമാനക്കമ്പനികള്‍ക്കും ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. ഈ സാഹചര്യത്തില്‍ ശരിയായ വലിപ്പത്തിലും രൂപത്തിലുമല്ലാത്ത ബാഗേജുകള്‍ സ്വീകരിക്കേണ്ടതില്ല എന്ന് അധികൃതര്‍ വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. ശരിയായ രീതിയിലല്ലാത്ത ബാഗുകളുമായി എത്തുന്നവര്‍ അവ അഴിച്ച് വിമാനത്താവളത്തില്‍ നിന്ന് ലഭിക്കുന്ന ചതുരപ്പെട്ടികളില്‍ പാക്ക് ചെയ്യേണ്ടി വരും. 75 ഫുട്ബാള്‍ മൈതാനങ്ങളുടെ വിസ്തൃതിയോടെ 140 കിലോമീറ്ററിലായി പരന്നു കിടക്കുന്നതാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബാഗേജ് സിസ്റ്റം. 15000 ട്രേകളുള്ള ഈ സിസ്റ്റം 21000 മോട്ടറുകളാലാണ് പ്രവര്‍ത്തിക്കുന്നത്.