അഡ്നോകുമായുള്ള കരാര്‍ ഇന്ത്യയുടെ ഇന്ധന സുരക്ഷിതത്വം വര്‍ധിപ്പിക്കും
text_fieldsഅബൂദബി: അബൂദബിയിലെ ദേശീയ എണ്ണകമ്പനിയായ അഡ്നോകുമായി ബുധനാഴ്ച ഉണ്ടാക്കിയ കരാര്‍ ഇന്ത്യയുടെ ഇന്ധന സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഉപകരിക്കും. കര്‍ണാടകയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഭൂഗര്‍ഭ സംഭരണശാലയില്‍ ഇന്ധനമത്തെിക്കാന്‍ ഇതോടെ ഇന്ത്യക്ക് വഴിയൊരുങ്ങുകയാണ്.
ആവശ്യമുള്ള സമയത്ത് പണം കൊടുത്ത് ഇതില്‍നിന്ന് ഇന്ധനം എടുക്കാന്‍ ഇന്ത്യക്ക് സാധിക്കും. ആവശ്യമുള്ള എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് പണച്ചെലവില്ലാതെ തന്നെ കരുതല്‍ ശേഖരം ഒരുക്കാം എന്നതാണ് ഇതിലുള്ള നേട്ടം. ഏതെങ്കിലും കാരണത്താല്‍ യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്കും സമീപ രാജ്യങ്ങളിലേക്കുമുള്ള ഇന്ധന വിതരണത്തില്‍ തടസ്സം നേരിടുകയാണെങ്കില്‍ ഈ കരുതല്‍ ശേഖരത്തില്‍നിന്ന് എടുത്ത് വിതരണം ചെയ്യാന്‍ സാധിക്കുമെന്നതാണ് യു.എ.ഇക്ക് ഇതിലുള്ള നേട്ടം.
ക്രൂഡ് ഓയില്‍ സംഭരണ പദ്ധതിക്കായി ഇന്ത്യ ‘ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്സ്’ എന്ന കമ്പനിക്ക് രൂപം നല്‍കിയിട്ടുണ്ട്. കര്‍ണാടകയിലെ സംഭരണശാലയില്‍ 53 ലക്ഷം ടണ്‍ ഇന്ധനം സൂക്ഷിക്കാന്‍ സാധിക്കും. രണ്ടാം ഘട്ടത്തില്‍ 125 ലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കാനാണ് ഇന്ത്യ പദ്ധതി തയാറാക്കുന്നത്. ഒറീസയിലെ ചണ്‍ഡികോലില്‍ 44 ലക്ഷം ടണ്‍, രാജസ്ഥാനിലെ ബികാനീറില്‍ 56 ലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ സംഭരണികള്‍ ഇതിനായി നിര്‍മിക്കും.
യു.എ.ഇയും ഇന്ത്യയും തമ്മിലെ ബന്ധത്തില്‍ ഊര്‍ജ പങ്കാളിത്തം ശക്തമായ പാലമായി വര്‍ത്തിക്കുന്നുവെന്നാണ് അഡ്നോകുമായുള്ള കരാര്‍ ഒപ്പിടലിന് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. വ്യക്തമായ പദ്ധതികളിലൂടെ ഇന്ധന കരാറുകള്‍ നയതന്ത്ര ദിശകളിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിനെ കുറിച്ച് താനും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനും ചര്‍ച്ച നടത്തിയതായും നരേന്ദ്ര മോദി അറിയിച്ചു.
ഇന്ത്യക്ക് കൂടുതല്‍ ക്രൂഡ് ഓയില്‍ നല്‍കുന്ന രാജ്യങ്ങളില്‍ ആറാം സ്ഥാനം യു.എ.ഇക്കാണ്. യു.എ.ഇയില്‍നിന്ന് കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.