You are here

ആഗോള ഗ്രാമത്തിലേക്ക് സന്ദര്‍ശക ഒഴുക്ക്

  • ആദ്യ രണ്ടു മാസം 23 ലക്ഷം സന്ദര്‍ശകര്‍

11:06 AM
11/01/2017

ദുബൈ: വിനോദത്തിന്‍െറയും ഷോപ്പിങ്ങിന്‍െറയും ആഗോള ഗ്രാമത്തില്‍ ഇത്തവണ റെക്കോര്‍ഡ് സന്ദര്‍ശകര്‍. 21ാമത് പതിപ്പില്‍ ആദ്യ രണ്ടുമാസം 23 ലക്ഷം പേരാണ് ‘ഗ്ളോബല്‍ വില്ളേജ്’ സന്ദര്‍ശിച്ചത്. 2016 നവംബര്‍ ഒന്നിന് തുടങ്ങിയ മേളയില്‍ ഇത്തവണ ഒരുക്കിയ സംവിധാനങ്ങളും വൈവിധ്യമാര്‍ന്ന പരിപാടികളും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ സന്ദര്‍ശകരെ ഏറെ സംതൃപ്തരാക്കിയെന്ന് ഇതുസംബന്ധിച്ച സര്‍വേയില്‍ വ്യക്തമായതായി  സി.ഇ.ഒ അഹ്മദ് ഹുസൈന്‍ ബിന്‍ ഇസ്സ പറഞ്ഞു.
ദുബൈയിലേക്ക് കൂടുതല്‍ കുടുംബ സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ആഗോള ഗ്രാമം ഒരുക്കിയത്. പ്രശസ്ത അറബ് ഗായകരും അന്താരാഷ്ട്ര സംഗീതജ്ഞരും ഇത്തവണ കൂടുതലായി ഗ്ളോബല്‍ വില്ളേജ് വേദികളിലത്തെിയത് സന്ദര്‍ശകരുടെ ഒഴുക്ക് കൂട്ടി. 
സന്ദര്‍ശകരില്‍ അഭിപ്രായ സര്‍വേ നടത്തി തയാറാക്കിയ സന്തോഷ സൂചികയില്‍ പത്തില്‍ ഒമ്പ്ത എന്ന സ്കോറാണ് രേഖപ്പെടുത്തിയത്.അന്താരാഷ്ട്ര നിലാരത്തില്‍  കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയത് ഇതില്‍ പ്രധാന ഘടകമാണ്. മേള നഗരിയില്‍ സന്ദര്‍ശകര്‍ ചെലവഴിക്കുന്ന സമയത്തില്‍ ഈ വര്‍ഷം 20 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയത് അവരുടെ സംതൃപ്തിയുടെ അടയാളമാണ്. ഫാന്‍റസി ഐലന്‍റും വിവിധ രാജ്യങ്ങളുടെ സംസ്കാരവും പൈതൃകവും ഉത്പന്നങ്ങളും നിറഞ്ഞുതുടിക്കുന്ന പവലിയനുകളും ഭോജന ശാലകളും സന്ദര്‍ശകരുടെ മനംകവര്‍ന്നു. 
സന്ദര്‍കര്‍ക്ക് ഏറെ ഇഷ്ടമായ ഒരിനമാണ് കറക്ക് ചായ. ആറു ലക്ഷത്തിലേറെ ചായകളാണ് ഇതുവരെ വിറ്റത്. ഫേസ്ബുകില്‍ പിന്തുടരുന്നവരുടെ എണ്ണം 22 ലക്ഷം കവിഞ്ഞു. ട്വിറ്ററില്‍ രണ്ടു ലക്ഷത്തിലേറെയും ഇന്‍സ്റ്റാഗ്രാമില്‍ ഒരു ലക്ഷത്തിലേറെയും പേര്‍ ആഗോള ഗ്രാമത്തിന്‍െറ ചടലവും വര്‍ണം തുളുമ്പുന്നതുമായ കാഴ്ചകള്‍ പിന്തുടരുന്നു. 
ടിക്കറ്റ് വില്‍പ്പന മുതല്‍ സ്മാര്‍ട്ട് സേവനങ്ങളാണ് ഇത്തവണ ഗ്ളോബല്‍ വില്ളേജില്‍ സംഘാടകര്‍ ഒരുക്കിയത്. വെബ്സൈറ്റ്, ഫോണ്‍, ടിക്കറ്റ്വിതരണ യന്ത്രങ്ങള്‍ എന്നിവ വഴി ടിക്കറ്റ് വാങ്ങാന്‍ സൗകര്യമുണ്ട്. രണ്ടര ലക്ഷം പേരാണ് ഡിജിറ്റല്‍ സംവിധാനം വഴി ടിക്കറ്റ് വാങ്ങിയത്. പാര്‍ക്കിങ് സൗകര്യമാണ് മറ്റൊരു ആകര്‍ഷകഘടകം. പാര്‍ക്കിങ് സ്ഥലത്ത് നിന്ന് നഗരി കവാടങ്ങളിലേക്കുള്ള സൗജന്യ ഷട്ടില്‍ സര്‍വീസ് 5.75 ലക്ഷം പേരാണ് ഇതിനകം ഉപയോഗിച്ചത്. പുതുതായി തയാറാക്കിയ സാംസ്കാരിക ചത്വരവും  ഗ്ളോബല്‍ വില്ളേജ് ബുലേവാര്‍ഡും കണ്ണിനും മനസ്സിനും കുളിര്‍മ പകരുന്നതാണ്. മുഖ്യവേദിയിലെ  പുതിയ വെളിച്ച സംവിധാനം നവ്യാനുഭവം പകരുന്നു. 
ഇത്തവണ വിദേശ സഞ്ചാരി സംഘങ്ങളുടെ എണ്ണവും കൂടി. ഇതിനായി 40ലേറെ ട്രാവല്‍ കമ്പനികളുമായി കരാര്‍ ഒപ്പുവെച്ചിരുന്നു.  ദുബൈ ടൂറിസവുമായി ചേര്‍ന്ന് യൂറോപ്പിലും ആഫ്രിക്കയിലും വിവിധ പ്രചാരണ പരിപാടികളും നടത്തി. ആഗോള ഗ്രാമത്തിലെ പുതുവര്‍ഷാഘോഷ പരിപാടികളില്‍ പങ്കാളികളാകാന്‍  ഇത്തവണ വലിയ ജനക്കൂട്ടമാണ് എത്തിയത്. ദേശീയ ദിനാഘോഷങ്ങളില്‍ അഞ്ചു ലക്ഷത്തിലേറെ പേര്‍ പങ്കാളികളായി. 
ഏപ്രില്‍ എട്ടുവരെ മേള തുടരും. ശനി മുതല്‍ ബുധനാഴ്ച വരെ  വൈകിട്ട് നാലു മുതല്‍ 12 വരെയും വ്യാഴം, വെള്ളി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും നാലു മണി മുതല്‍ ഒരു മണിവരെയുമാണ് പ്രവര്‍ത്തന സമയം. തിങ്കളാഴ്ചകളില്‍ സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും മാത്രമാണ് പ്രവേശനം. 15 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്.
 

COMMENTS