Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ് മുഹമ്മദ് ബിന്‍...

ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്‍െറ സന്ദര്‍ശനം: ഇന്ത്യ-യു.എ.ഇ ബന്ധം പുതിയ തലങ്ങളിലേക്ക്

text_fields
bookmark_border
ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്‍െറ സന്ദര്‍ശനം: ഇന്ത്യ-യു.എ.ഇ ബന്ധം പുതിയ തലങ്ങളിലേക്ക്
cancel

എസ്.എം. നൗഫല്‍
അബൂദബി: ഈ വര്‍ഷത്തെ ഇന്ത്യന്‍ റിപബ്ളിക് ദിന പരേഡില്‍ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പങ്കെടുക്കുന്നതോടെ ഇന്ത്യ-യു.എ.ഇ ബന്ധം പുതിയ തലങ്ങളിലേക്ക് ഉയരും. ഒരു വര്‍ഷത്തിനിടെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് നടത്തുന്ന ഇന്ത്യാ സന്ദര്‍ശനത്തെ വളരെ പ്രതീക്ഷയോടെയാണ് ഇരു രാജ്യത്തെയും ജനങ്ങള്‍ കാണുന്നത്. 2015 ആഗസ്റ്റില്‍ നരേന്ദ്രമോദിയുടെ യൂ.എ.ഇ സന്ദര്‍ശനത്തിനും 2016 ഫെബ്രുവരിയില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്‍െറ ഇന്ത്യാ സന്ദര്‍ശനത്തിനും ശേഷം വീണ്ടും ഇത്തരമൊരു കൂടിക്കാഴ്ചക്ക് അവസരമൊരുങ്ങുന്നത് ഉഭയകക്ഷി ബന്ധത്തില്‍ രണ്ട് രാഷ്ട്രങ്ങളുടെയും നേതാക്കള്‍ക്കുള്ള താല്‍പര്യമാണ് പ്രകടമാക്കുന്നതെന്ന് ചുണ്ടിക്കാണിക്കപ്പെടുന്നു.
സന്ദര്‍ശനത്തിന്‍െറ ഭാഗമായുള്ള ആദ്യ നയതന്ത്ര സംഭാഷണം ജനുവരി 20ന് ന്യൂഡല്‍ഹിയില്‍ നടക്കും. വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ തുടങ്ങിയവരായിരിക്കും ഇന്ത്യന്‍ ഭാഗത്തുനിന്ന് സംഭാഷണത്തെ നയിക്കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ വികസിപ്പിക്കുക, ഇന്ത്യയില്‍ യു.എ.ഇയുടെ നിക്ഷേപം വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിലൂന്നിയായിരിക്കും സംഭാഷണം. എണ്ണ, പുനരുപയുക്ത ഊര്‍ജം എന്നീ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. പ്രതിരോധം, സുരക്ഷ, ബഹിരാകാശം തുടങ്ങിയ മേഖലകളില്‍ സഹകരണത്തിനുള്ള കരാറുകളില്‍ ഇരു രാഷ്ട്രങ്ങളും ഒപ്പുവെക്കുമെന്നും പ്രതീക്ഷിക്കുന്നു.
ജോലി ചെയ്ത് താമസിക്കുന്ന രാജ്യത്തെ ഉന്നതനായ നേതാവ് ഈ വര്‍ഷത്തെ ഇന്ത്യന്‍ റിപബ്ളിക് ദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനാല്‍ യു.എ.ഇയിലെ ഇന്ത്യന്‍ സമൂഹത്തിന് ഇത്തവണത്തെ റിപബ്ളിക് ദിനംപതിവിലേറെ വിശിഷ്ടമായ ആഘോഷ വേളയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നതിന്‍െറ ആവേശം യു.എ.ഇയിലെ 26 ലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികള്‍ ഹൃദയത്തിലേറ്റുന്നു.
ഇന്ത്യ-യൂ.എ.ഇ വ്യവഹാരങ്ങളില്‍ വലിയ പുരോഗതിയാണ് അടുത്ത കാലത്തായി ഉണ്ടായിട്ടുള്ളത്. യു.എ.ഇയും ഇന്ത്യയും ചേര്‍ന്ന് സംയുക്ത പാര്‍ലമെന്‍ററി കമ്മിറ്റിക്ക് രൂപം നല്‍കാനും ഇരു രാജ്യങ്ങളിലെയും പാര്‍ലമെന്‍േററിയന്മാര്‍ പരസ്പര സന്ദര്‍ശനം നടത്താനും 2016 ജൂണില്‍ തീരുമാനമെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച ആരംഭിച്ച ഗുജറാത്ത് വൈബ്രന്‍റ് നിക്ഷേപക സംഗമത്തില്‍ യു.എ.ഇ സര്‍ക്കാര്‍ പങ്കെടുക്കുന്നുണ്ട്. സംഗമത്തില്‍ പങ്കെടുക്കുന്ന ആദ്യ മുസ്ലിം രാഷ്ട്രമാണ് യു.എ.ഇ. 2016 ഒക്ടോബര്‍ 22, 23 തീയതികളില്‍ മധ്യപ്രദേശിലെ ഇന്ദോറില്‍ നടന്ന ആഗോള നിക്ഷേപ സംഗമത്തിലും യു.എ.ഇ പങ്കെടുത്തിരുന്നു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള പരസ്പര വ്യാപാരം ഏകദേശം നാലു ലക്ഷം കോടി രൂപയുടേതാണ്.
 കര്‍ണാടകയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഭൂഗര്‍ഭ സംഭരണശാലയില്‍ ഇന്ധനം സൂക്ഷിക്കാന്‍ യു.എ.ഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്നോക് തത്വത്തില്‍ സമ്മതിച്ചിട്ടുണ്ട്. 53 ലക്ഷം ടണ്‍ ഇന്ധനം ഇത്തരത്തില്‍ സൂക്ഷിക്കാനാണ് പദ്ധതി. ഏതെങ്കിലും കാരണത്താല്‍ ഇന്ത്യയിലേക്കും സമീപ രാജ്യങ്ങളിലേക്കുമുള്ള ഇന്ധന വിതരണത്തില്‍ തടസ്സം നേരിടുകയാണെങ്കില്‍ ഉപയോഗിക്കാനാണ് ഈ കരുതല്‍ ശേഖരം. ആവശ്യമുള്ള സമയത്ത് പണം കൊടുത്ത് ഇതില്‍നിന്ന് ഇന്ധനം എടുക്കാന്‍ ഇന്ത്യക്ക് സാധിക്കും. പണച്ചെലവില്ലാതെ തന്നെ കരുതല്‍ ശേഖരം ഒരുക്കാം എന്നതാണ് ഇതില്‍ ഇന്ത്യക്കുള്ള നേട്ടം. വിതരണത്തില്‍ തടസ്സം നേരിട്ടാല്‍ വ്യാപാരത്തെ ബാധിക്കരുതെന്നാണ് ഇതുകൊണ്ട് യു.എ.ഇ ലക്ഷ്യമാക്കുന്നത്.
ഇത്തരത്തില്‍ ശക്തമായ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് വേണ്ടിയാണ് ഇന്ത്യ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനെ റിപബ്ളിക് ദിന മുഖ്യാതിഥിയായി ക്ഷണിച്ചത്. ഇന്ത്യന്‍ റിപബ്ളിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ യു.എ.ഇ നേതാവാണ് ഇദ്ദേഹം. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഇന്ത്യന്‍ റിപബ്ളിക് ദിനത്തില്‍ മുഖ്യാതിഥിയാവുന്ന പ്രസിഡന്‍േറാ പ്രധാനമന്ത്രിയോ രാജാവോ അല്ലാത്ത ആദ്യ രാഷ്ട്ര നേതാവാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്ന പ്രത്യേകതയുമുണ്ട്. 1965ല്‍ പാകിസ്താന്‍ കൃഷിമന്ത്രി റാണ അബ്ദുല്‍ ഹാമിദ് പങ്കെടുത്തതാണ് ഇതിനു മുമ്പുള്ള സമാന അനുഭവം.



 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - uae
Next Story