അബൂദബി ഐ.എസ്.സിക്ക് അംഗീകാരത്തിന്‍െറ സുവര്‍ണശോഭ
text_fieldsഅബൂദബി: ഈ വര്‍ഷം സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന അബൂദബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍ററിന് (ഐ.എസ്.സി) ലഭിച്ച പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം അര നൂറ്റാണ്ടിന്‍െറ പ്രൗഢമായ പ്രവര്‍ത്തനത്തിനുള്ള പതക്കമായി. 1967ല്‍ ചെറിയൊരു കെട്ടിടത്തിനകത്ത് ഓഫിസ് സജ്ജീകരിച്ച് പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഇന്ത്യന്‍ പ്രവാസി സമൂഹം കണ്ടിരുന്ന സ്വപ്നങ്ങളിലേക്ക് സെന്‍റര്‍ ചടുലമായ പ്രയാണമാണ് നടത്തിയത്. അബൂദബിയിലെ ഇന്ത്യന്‍ സമൂഹത്തിന്‍െറ ആഘോഷങ്ങളിലേക്കും ഉത്സവങ്ങളിലേക്കും വര്‍ണം വിതറി സന്തോഷപ്രദമാക്കിയ സെന്‍റര്‍ സമൂഹത്തിന്‍െറ കലാകായിക വളര്‍ച്ചയിലും വലിയ പങ്ക് വഹിച്ചു. സെമിനാറുകള്‍ക്കും പഠന സെഷനുകള്‍ക്കും ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ക്കും ആതിഥ്യമരുളി സാംസ്കാരിക വികസനത്തിലും ഏറെ സംഭാവനകള്‍ അര്‍പ്പിക്കാന്‍ സെന്‍ററിന് സാധിച്ചിട്ടുണ്ട്.
2500ലധികം അംഗങ്ങളുള്ള സെന്‍ററിന്‍െറ നേതൃനിരയിലെ സജീവമായ മലയാളി സാന്നിധ്യം കേരളീയര്‍ക്ക് പ്രത്യേകം അഭിമാനകരമാണ്. നിലവിലെ പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ജോണ്‍.പി. വര്‍ഗീസ്, വൈസ് പ്രസിഡന്‍റ് രാജന്‍ സകറിയ, ജോയന്‍റ് സെക്രട്ടറി, ട്രഷറര്‍ തുടങ്ങി ഒട്ടുമിക്ക ഭാരവാഹികളും മലയാളികളാണ്.
ഇന്ത്യന്‍ സമൂഹത്തിന്‍െറ പ്രശ്നങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ കഴിയുന്ന ആധികാരിക അതോറിറ്റി കൂടിയാണ് ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍. അബൂദബിയിലെ പ്രവാസികളുടെ പ്രധാന ഒത്തുകൂടല്‍ ഇടമെന്ന നിലക്ക് അവരുടെ സാമൂഹിക വിനിമയത്തിന്‍െറ മധ്യവര്‍ത്തിയായി സെന്‍റര്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യക്കാര്‍ക്ക് സവിശേഷമായ സ്വാതന്ത്ര്യദിനം, റിപബ്ളിക് ദിനം എന്നിവ മാത്രമല്ല, യു.എ.ഇയുടെ ദേശീയദിനവും മറ്റു പ്രധാന അവസരങ്ങളും ആഘോഷിച്ച് ഇന്ത്യ-യു.എ.ഇ ബന്ധത്തിന് ഊഷ്മളത പകരാനും സാധിക്കുന്നു. വിവിധ ഇന്ത്യന്‍ കല-സാംസ്കാരിക പരിപാടികളും രുചികളും കൂട്ടിവെച്ച് സംഘടിപ്പിക്കുന്ന ഇന്ത്യ ഫെസ്റ്റ് ഇതിന് മികച്ച മാതൃകയാണ്. ഇന്ത്യന്‍ സംസ്കാരത്തെ കുറിച്ച് സ്വദേശികള്‍ക്കും വിദേശികള്‍ക്കും അറിവ് പകരാന്‍ സെന്‍ററിന്‍െറ വാര്‍ഷികാഘോഷമായ ഇന്ത്യാ ഫെസ്റ്റ് വലിയ അവസരമാണ് തുറന്നുവെക്കുന്നത്.
2017 ജനുവരി 26, 27, 28 തീയതികളില്‍ ‘യു.എ.ഇ-ഇന്ത്യ ഫെസ്റ്റ്’ എന്ന പേരിലാണ് ഈ വര്‍ഷത്തെ വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നത്. ജനുവരി 26ന് നടക്കുന്ന ഇന്ത്യന്‍ റിപബ്ളിക് ദിനാഘോഷത്തില്‍ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ മുഖ്യാതിഥി ആകുന്നതിലുള്ള ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്‍െറ സന്തോഷവും അഭിമാനവും പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് വാര്‍ഷികാഘോഷം ആസൂത്രണം ചെയ്തിരിക്കുന്നത്.
എം.എ.ടി. റാവു, ജോണ്‍ വി. ജേക്കബ്, എം.എന്‍. കരാതിയ, എന്‍. പദ്മനാഭന്‍, എച്ച്.വി. നായക്, കെ.എന്‍. കുട്ടി, എം.പി. തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അബൂദബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ സ്ഥാപിതമായത്. സ്ഥാപിക്കപ്പെടുമ്പോള്‍ ഇന്ത്യന്‍ സമൂഹത്തിന് ഒത്തുചേരാനും ആഘോഷങ്ങളും ഉത്സവങ്ങളും കൊണ്ടാടാനുമുള്ള ഏക വേദിയായിരുന്നു ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍. രൂപവത്കരണ കാലത്ത് മിക്ക അംഗങ്ങളും എമിറേറ്റിലെ രണ്ട് മുഖ്യ എണ്ണക്കമ്പനികളിലെ ഉദ്യോഗസ്ഥരായിരുന്നു.
പരിമിതമായ സൗകര്യങ്ങളേ അക്കലാത്തുണ്ടായിരുന്നുള്ളൂ. വോളിബാള്‍, ബാഡ്മിന്‍റണ്‍ കോര്‍ട്ടുകളും ബില്യാര്‍ഡ്സ്, ശീട്ട് എന്നിവ കളിക്കാനുള്ള മുറികളുമുണ്ടായിരുന്നു.
അബൂദബിയുടെ ഭാവി വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന മിന റോഡില്‍ കണ്ണായ സ്ഥലത്ത് 1,05,550 വിസ്തൃതിയുള്ള വിശാലമായ കെട്ടിടത്തിലാണ് ഇന്ന് ഐ.എസ്.സി പ്രവര്‍ത്തിക്കുന്നത്. ടെന്നീസ്, ബാഡ്മിന്‍റണ്‍, സ്ക്വാഷ് കോര്‍ട്ടുകളും ടേബിള്‍ ടെന്നിസ്, സ്നൂക്കര്‍ മുറികളും നീന്തല്‍ക്കുളവും ജിംനേഷ്യവും ലൈബ്രറിയും ഇന്‍റര്‍നെറ്റ് കഫേയും കുട്ടികളുടെ കളിസ്ഥലവും റെസ്റ്റോറന്‍റും ബിവറേജസ് മുറിയും ഓഡിറ്റോറിയവും സെമിനാര്‍ മുറികളും ബോര്‍ഡ് റൂമും തുടങ്ങി നിരവധി സൗകര്യങ്ങള്‍ നിലവിലുണ്ട്.
പ്രമുഖ വ്യവസായികളായ എം.എ. യൂസുഫലി, ബി.ആര്‍. ഷെട്ടി എന്നിവര്‍ നേതൃത്വം നല്‍കുന്ന സെന്‍ററിന്‍െറ പേട്രണ്‍ ഗവേണേഴ്സ് ഫ്രാന്‍സിസ് ക്ളീറ്റസ്, കെ, മുരളീധരന്‍, ഡോ. ഷംസീര്‍ വയലില്‍, സായിദ് എം. സലാഹുദ്ദീന്‍, സിദ്ധാര്‍ഥ് ബാലചന്ദ്രന്‍, ജെ.ആര്‍. ഗംഗാരമണി, അദീബ് അഹമ്മദ് തുടങ്ങിയവരാണ്. സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ ലഭിച്ച അംഗീകാരം നിര്‍ണായകമാണെന്ന് ഐ.എസ്.സി ചെയര്‍മാന്‍ എം.എ. യൂസുഫലി പറഞ്ഞു.