കേരളത്തിലെ മഴക്കെടുതി: 25 കുടുംബങ്ങളെ ദത്തെടുക്കുമെന്ന് സി.പി ട്രസ്റ്റ്
text_fieldsസി.പി. മുഹമ്മദ് മെമ്മോറിയൽ ട്രസ്റ്റ് പ്രതിനിധികൾ ദുബൈയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദുബൈ: കേരളത്തിൽ മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ട 25 കുടുംബങ്ങളെ ദത്തെടുക്കുമെന്ന് സി.പി. മുഹമ്മദ് മെമ്മോറിയൽ ട്രസ്റ്റ് പ്രതിനിധികൾ ദുബൈയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വീടുകള് നിര്മിച്ചുനല്കുകയും ജീവിതോപാധി ഒരുക്കിക്കൊടുക്കുകയും ചെയ്യുന്ന പദ്ധതിയാണ് നടപ്പാക്കുക. വ്യവസായിയും സി.പി. ട്രസ്റ്റ് ചെയർമാനുമായ സി.പി. സാലിഹ് തൃശൂർ ജില്ലയിൽ ഇതിനായി ഒരേക്കറിലേറെ വരുന്ന സ്വന്തം സ്ഥലം നീക്കിവെച്ചിട്ടുണ്ടെന്നും അറിയിച്ചു. കുടുംബങ്ങൾക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളോടുംകൂടിയ വീടാണ് ട്രസ്റ്റ് ഒരുക്കുക.
കൃഷി, കന്നുകാലി ഫാം, കെട്ടിടനിർമാണം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യാൻ അവസരവും ഒരുക്കും. കുട്ടികളുടെ വിദ്യാഭ്യാസം, കലാകായിക വിനോദങ്ങൾ, കരകൗശല നിർമാണ പരിശീലനം തുടങ്ങിയ സൗകര്യങ്ങളും മുതിർന്ന കുട്ടികൾക്ക് തൊഴിൽ പരിശീലനകേന്ദ്രവും സ്ഥാപിക്കും. ഇവിടെ പരിശീലനം പൂർത്തിയാക്കുന്നവർക്ക് യു.എ.ഇയിൽ സി.പി. സാലിഹിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ആസ ഗ്രൂപ് സ്ഥാപനങ്ങളിൽ മുൻഗണന നൽകുമെന്നും ട്രസ്റ്റ് പ്രതിനിധികൾ പറഞ്ഞു.
പ്രദേശത്തെ ജനപ്രതിനിധികളുടെയും ജില്ല കലക്ടർമാരുടെയും ശിപാർശ അനുസരിച്ചാവും ഉപഭോക്താക്കളെ കണ്ടെത്തുകയെന്നും ബൃഹത്തായ പദ്ധതി മന്ത്രി കെ. രാജനുമായി പങ്കുവെച്ചിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി. കോവിഡ് കാലത്ത് സൗജന്യ വാക്സിൻ വിതരണം, കേരളത്തിലുടനീളം കുടിവെള്ള വിതരണം, വിധവ പെൻഷൻ വിതരണം തുടങ്ങിയ നിരവധി പദ്ധതികൾ ട്രസ്റ്റ് മുൻകൈയെടുത്ത് കഴിഞ്ഞ കാലത്ത് നടപ്പാക്കിയിട്ടുണ്ട്. ആസ ഗ്രൂപ് സി.ഇ.ഒ ഫാരിസ് അബൂബക്കർ, ജന. മാനേജർ ഇബ്രാഹിംകുട്ടി, ബിസിനസ് ഡെവലപ്മെൻറ് മാനേജർ അറാഫത്ത് എം. അൻസാരി, കമ്പനി സെക്രട്ടറി ഷെമി ജൗഹർ എന്നിവർ പങ്കെടുത്തു.