പ്രവാസി വിദ്യാർഥികൾക്ക് കുടുംബത്തെ സ്പോൺസർ ചെയ്യാം
text_fieldsശൈഖ് മുഹമ്മദിെൻറ അധ്യക്ഷതയിൽ ചേർന്ന യു.എ.ഇ മന്ത്രിസഭ യോഗം
അബൂദബി: സാമ്പത്തിക ശേഷിയുള്ള പ്രവാസി വിദ്യാർഥികൾക്ക് അവരുടെ കുടുംബത്തെ യു.എ.ഇയിൽ കൊണ്ടുവരാനും സ്പോൺസർ ചെയ്യാനും അനുവദിക്കുന്ന പുതിയ വിസ, റെസിഡൻസി നിയമങ്ങൾക്ക് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭ യോഗം വിസ, റെസിഡൻസി നിയമങ്ങളിലെ പുതിയ മാറ്റങ്ങൾ അംഗീകരിച്ചു. പ്രതിവർഷം 77ലേറെ സർവകലാശാലകളും പതിനായിരക്കണക്കിന് വിദ്യാർഥികളുമുള്ള പ്രാദേശിക വിദ്യാഭ്യാസ കേന്ദ്രമായി യു.എ.ഇ മാറിയതായും ശൈഖ് മുഹമ്മദ് ബിൻ റാശിദ് മന്ത്രിസഭ യോഗ തീരുമാനങ്ങൾ വിവരിച്ചുകൊണ്ടുള്ള ട്വീറ്റിൽ പറഞ്ഞു. 18 വയസ്സിനു മുകളിലുള്ള യു.എ.ഇയിൽ താമസിക്കുന്നതുമായ പ്രവാസി വിദ്യാർഥികൾക്ക് ഒരു വർഷത്തെ സ്റ്റുഡൻറ് വിസ നൽകും. രക്ഷാകർത്താക്കൾക്കോ അല്ലെങ്കിൽ അംഗീകൃത സർവകലാശാലക്കോ വിദ്യാർഥികളെ സ്പോൺസർ ചെയ്യാം. ദീർഘകാല റെസിഡൻസി സ്കീം അല്ലെങ്കിൽ ഗോൾഡ് വിസ പദ്ധതി പ്രകാരം മികച്ച വിദ്യാർഥികൾക്ക് അഞ്ചുവർഷത്തെ ദീർഘകാല വിസക്ക് അപേക്ഷിക്കാം.
ദേശീയ ടൂറിസം പദ്ധതികളെ ഏകോപിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനെ പിന്തുണക്കുന്നതിനുമായി എമിറേറ്റ്സ് ടൂറിസം കൗൺസിൽ രൂപവത്കരിക്കുന്നതിനും ഈ വർഷത്തെ പ്രഥമ മന്ത്രിസഭ യോഗം തീരുമാനിച്ചു. രാജ്യത്തെ എല്ലാ എമിറേറ്റുകളിലെയും ടൂറിസം മേഖലയിൽ യുവാക്കൾക്ക് പുതിയ അവസരങ്ങളിൽ സഹായിക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലെഫ്റ്റനൻറ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി, മറ്റു മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും മന്ത്രി സഭ യോഗത്തിൽ പങ്കെടുത്തു.
ഫെഡറൽ ഗവൺമെൻറിെൻറ പൊതു കട തന്ത്രത്തിനും മന്ത്രിസഭ അംഗീകാരം നൽകി. പ്രാദേശിക കറൻസിയുമായി ബന്ധപ്പെട്ട ബോണ്ട് മാർക്കറ്റ് കെട്ടിപ്പടുക്കുന്നതിലൂടെ രാജ്യത്തെ സാമ്പത്തിക, ബാങ്കിങ് മേഖലയെ ഉത്തേജിപ്പിക്കും.
ശുദ്ധമായ ഉൽപാദനം, സുസ്ഥിര ഗതാഗതം, സുസ്ഥിര ഉപഭോഗം, കാര്യക്ഷമമായ മാലിന്യ സംസ്കരണം, പരിസ്ഥിതി സംരക്ഷിക്കുന്നതിനും പുതിയ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ഒരു ഇക്കോണമി നയം സ്വീകരിക്കും. പൊതുജനാരോഗ്യം സംരക്ഷിക്കുകയെന്നത് മറ്റെന്തിനെക്കാളും മുൻഗണനയായി തുടരും. സമൂഹത്തിെൻറ ഭാവിക്ക് കരുത്തും ഊർജവും പകരുന്ന ആരോഗ്യ സുരക്ഷ പദ്ധതി ഈ വർഷം കൂടുതൽ ഊർജിതമായി കടക്കുമെന്നും ശൈഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

