Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജയിലഴിക്കുള്ളിലും...

ജയിലഴിക്കുള്ളിലും കൈവിടാത്ത കരുതൽ...

text_fields
bookmark_border
ജയിലഴിക്കുള്ളിലും കൈവിടാത്ത കരുതൽ...
cancel

'ഇൻത മുഹമ്മദ്​ (നീയാണോ മുഹമ്മദ്​).

ഇൻത ബരീഹ്​ (നിന്നെ വിട്ടയച്ചിരിക്കുന്നു)'.

പൊലീസുകാരന്‍റെ ഈ വാക്കുകൾ കേട്ടാണ്​ കാസർകോട്​ ബേഡകം സ്വദേശി മുഹമ്മദ്​ കുഞ്ഞി ജയിലഴിക്കുള്ളിൽ നിന്ന്​ എഴുന്നേൽക്കുന്നത്​. തടവറയിലെത്തിയിട്ട്​ 18 ദിവസം പിന്നിടുന്നു. വിസയും ഇൻഷ്വറൻസും സിംകാർഡുമെല്ലാം അധികൃതർ കാൻസൽ ചെയ്തതു.​ തൊട്ടടുത്ത ദിവസം നാടുകടത്തൽ എന്ന ശിക്ഷ ഏറ്റുവാങ്ങാനിരിക്കുകയാണ്​. ഇതിനിടയിലാണ്​ മാലാഖയെ പോലെ ആ പൊലീസുകാരന്‍റെ വരവ്​. എന്താണ്​ സംഭവിച്ചതെന്ന്​ യാതൊരു പിടിയും കിട്ടാതെ അന്തംവിട്ടുനിന്ന മുഹമ്മദ്​ കുഞ്ഞിയെ സഹതടവുകാർ കെട്ടിപ്പിടിക്കുകയും അഭിനന്ദിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്​. പക്ഷെ, മുഹമ്മദ്​ കുഞ്ഞിക്ക്​ ബോധമുണ്ടായിരുന്നില്ല. ആരാണ്​ തന്‍റെ ജയിൽ മോചനത്തിന്​ ഇടപെട്ടതെന്ന്​ ചോദിച്ചെങ്കിലും പൊലീസുകാർ ഒന്നും പറഞ്ഞില്ല. പിന്നീടാണ്​ തന്‍റെ യഥാർഥ രക്ഷകനെ മുഹമ്മദ്​ കുഞ്ഞി തിരിച്ചറിഞ്ഞത്​. മുഹമ്മദ്​ അലി അൽ ഒവൈസ്​, തന്‍റെ സ്​പോൺസർ. കേരളത്തിലേക്കടക്കം ജീവകാരുണ്യത്തിന്‍റെ കടലൊഴുക്കുന്ന ഇമാറാത്തി. കേവലം വാച്ച്​മാനായ തന്നെ പോലും കൈവിടാതെ ചേർത്തുപിടിച്ച ആ സ്​നേഹത്തിന്‍റെ കഥ പറയുകയാണ്​ മുഹമ്മദ്​ കുഞ്ഞി എന്ന പ്രവാസി.

2008ലാണ്​ ഒവൈസിയുടെ കീഴിൽ മുഹമ്മദ്​ കുഞ്ഞി ജോലിക്ക്​ കയറുന്നത്​. ​മരുഭൂമിയിലെ ജീവിതത്തിന്‍റെ 24ാം വർഷമായിരുന്നു അത്​. റസിഡന്‍റ്​സി ബിൽഡിങിലെ വാച്​മാന്‍റെ ജോലി ആയിരുന്നു. ഇതിനിടയിൽ താമസക്കാരുടെ കാർ കഴുകിക്കൊടുക്കുന്ന പതിവുണ്ട്​. ചെറിയ ടിപ്സും കിട്ടും. ഇത്തരം പ്രവൃത്തികൾ യു.എ.ഇയിൽ നിയമവിരുദ്ധമാണ്​. ഈ ജോലികൾക്ക്​ അംഗീകൃത സംവിധാനങ്ങൾ അവർ ഒരുക്കിയിട്ടുണ്ട്​. താമസക്കാരുടെ സുരക്ഷ കണക്കിലെടുത്താണ്​ ഇങ്ങനെയുള്ള നിയന്ത്രണങ്ങൾ ഏർപെടുത്തിയിരിക്കുന്നത്​.

രാത്രി സമയങ്ങളിലായിരുന്നു ആരും കാണാതെ കാർ കഴുകിയിരുന്നത്​. ഒരിക്കൽ രാത്രി രണ്ട്​ സി.ഐ.ഡികൾ എത്തി കൈയോടെ പിടികൂടി. സി.ഐ.ഡി ഓഫിസിൽ എത്തിച്ച ശേഷം ഫയലുകളെല്ലാം തയാറാക്കി പൊലീസിന്​ കൈമാറി. 18 ദിവസം വിവിധ സ്​റ്റേഷനുകളിലും ജയിലുകളിലുമായി പാർപ്പിച്ചു. ഒടുവിൽ വിസയും ഇൻഷ്വറൻസ്​ ഐ.ഡിയും സിം കാർഡുമെല്ലാം കാൻസൽ ചെയ്ത്​ നാട്ടിലേക്കയക്കാനുള്ള ഔട്ട്​ ജയിലിൽ എത്തിച്ചു. ഇവിടെ എത്തിയാൽ പിന്നീടൊരു തിരിച്ചുപോക്കുണ്ടാകാറില്ല. ആജീവനാന്ത വില​ക്ക്​ ഏർപെടുത്തി നാട്ടിലേക്ക്​ കയറ്റി അയക്കലാണ്​ പതിവ്​. ടിക്കറ്റെല്ലാം അവർ എടുത്ത്​ തരും. ബാഗ്​ പാക്ക്​ ചെയ്ത്​ ടിക്കറ്റിനായി കാത്തിരിക്കുമ്പോഴാണ്​ ആ പൊലീസുകാരൻ സെല്ലിന്‍റെ ഗേറ്റിലെത്തി മുഹമ്മദ്​ കുഞ്ഞിയുടെ പേര്​ വിളിച്ചത്​. ഞെട്ടൽ മാറിയില്ലെങ്കിലും പാക്ക്​ ചെയ്തുവെച്ച ബാഗുമായി മുഹമ്മദ്​ കുഞ്ഞി പൊലീസുകാരന്‍റെ പിന്നാലെ ​നടന്നു. അവിടെ നിന്ന്​ മറ്റൊരു പൊലീസുകാരന്‍റെ കൈയിൽ പാസ്​പോർട്ടും ഫയലുകളും കൊടുത്ത ശേഷം സെന്‍റർ ജയിലിൽ എത്തിക്കാൻ പറഞ്ഞു. 14 പേർക്കിരിക്കാവുന്ന പൊലീസ്​ വാഹനത്തിൽ ഡ്രൈവറും മുഹമ്മദ്​ കുഞ്ഞിയും മാത്രമാണുണ്ടായിരുന്നത്​. ഡ്രൈവറായ പൊലീസുകാരൻ സ്​പോൺസറെ കുറിച്ച്​ പലതും ചോദിച്ചു. അപ്പോഴാണ്​ തന്‍റെ മോചനം സ്​പോൺസറുടെ ഇടപെടലിലാണ്​ എന്ന്​ മുഹമ്മദ്​ കുഞ്ഞി മനസിലാക്കുന്നത്​. വത്​ബ ജയിലിൽ (സെന്‍റർ പൊലീസ്​ സ്​റ്റേഷൻ) എത്തിച്ച്​​ പാസ്​പോർട്ടും രേഖകകളും മറ്റൊരു ഓഫിസർക്ക്​ കൈമാറിയ ശേഷം സലാം ചൊല്ലി ഡ്രൈവർ സ്ഥലംവിട്ടു.

പാസ്​പോർട്ട്​ വാങ്ങിയ ഓഫിസർ കമ്പ്യൂട്ടറിൽ പേര്​ അടിച്ചു നോക്കിയ ശേഷം പാസ്​പോർട്ട്​ തിരികെ നൽകി. എന്നിട്ട്​ പറഞ്ഞു, 'യാ അള്ളാ, സാർ പൊയ്​ക്കോളൂ. അതാണ്​ വഴി. ഇനി ഇവിടേക്ക്​ വരേണ്ടതില്ല'. തോക്കേന്തിയ പൊലീസുകാരുടെ നടുവിലൂടെ ഗേറ്റ്​ ലക്ഷ്യമാക്കി നടക്കുമ്പോൾ തനിക്ക്​ ബോധമുണ്ടായിരുന്നില്ലെന്ന്​ മുഹമ്മദ്​ കുഞ്ഞി പറയുന്നു.

'18 ദിവസത്തെ ജയിൽവാസത്തിനിടെ ഒരാളും മോശമായി പെരുമാറിയില്ല. ഹാജി എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്​. ജയിൽ ഭക്ഷണമൊക്കെ ബഹുകേമം'-മുഹമ്മദ്​ കുഞ്ഞി തടവറ നാളുകളെ വിശേഷിപ്പിക്കുന്നത്​ ഇങ്ങനെയാണ്​.

36 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ അവസാന 12 വർഷമാണ്​ മുഹമ്മദ്​ അലിക്ക്​ കീഴിൽ ജോലി ചെയ്തത്​. ബന്ധു മുഖേന ഇവിടെ എത്തുന്നതിന്​ മുൻപ്​ തന്നെ അദ്ദേഹത്തെ കുറിച്ച്​ ധാരാളം കേട്ടിരുന്നു. യു.എ.ഇ പ്രസിഡന്‍റിന്‍റെ പ്രത്യേക ഡിപാർട്ട്​മെന്‍റിൽ ജോലി ചെയ്തിരുന്നപ്പോൾ നിരവധി മലയാളികളെ അവിടെ ജോലിക്ക്​ കയറ്റിയ വ്യക്​തിയാണ്​ മുഹമ്മദ്​ അലി. റമദാനിൽ കാസർകോട്​, മലപ്പുറം ജില്ലകളിലെ പള്ളികളിലേക്കും പാവപ്പെട്ടവർക്കും ഇന്നും ഇദ്ദേഹം സഹായം എത്തിച്ചുകൊണ്ടിരിക്കുന്നു.

ഇന്ത്യ, പാകിസ്താൻ, ലബനൻ തുടങ്ങിയ രാജ്യങ്ങളിൽ ഇദ്ദേഹത്തിന്‍റെ ചിലവിൽ നിരവധി ആരാധന, മതപഠന കേന്ദ്രങ്ങൾ ഉണ്ട്. അവ വഴി സഹായവും എത്തിക്കുന്നുണ്ട്​. റിട്ടയർമെന്‍റിന്​ ശേഷം സ്വന്തം ബിസിനസുമായി മുൻപോട്ടുപോകുന്നു. വലുപ്പ ചെറുപ്പ വ്യത്യാസം നോക്കാതെ എല്ലാവരെയും ചേർത്തുപിടിക്കുന്ന ഇമാറാത്തികളുടെ സ്​നേഹത്തിന്‍റെ ഒരു ചെറിയ ഉദാഹരണം മാത്രമാണ്​ തന്‍റെ അനുഭവം എന്ന്​ മുഹമ്മദ്​ കുഞ്ഞി പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Care not to give up even inside jail ...
Next Story