You are here

ടെലിഫോണ്‍ കമ്പനിയുടെ പേരില്‍  തട്ടിപ്പ് വ്യാപകമാവുന്നു 

സലീംനൂര്‍ 
11:46 AM
12/07/2018
അജ്മാന്‍ : യു.എ.ഇ യിലെ ടെലിഫോണ്‍ കമ്പനികളുടെ പേരില്‍ തട്ടിപ്പ് വ്യാപകമാവുന്നു. ടെലിഫോണ്‍ കമ്പനികളില്‍ നിന്നെന്ന് പറഞ്ഞ് സ്ഥാപനങ്ങളില്‍ കയറി ഇറങ്ങിയാണ്‌ ഒരു കൂട്ടം തട്ടിപ്പ് നടത്തുന്നത്. സിം കാർഡ്​ നൽകാനെന്ന പേരില്‍ സ്ഥാപനങ്ങളില്‍ കയറുന്ന ഇവര്‍ തരം  കിട്ടിയാല്‍ പല തരത്തിലും തട്ടിപ്പ് നടത്തുകയാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. അജ്മാന്‍ ടൗണിലെ കമ്പനിയില്‍ ജോലി ചെയ്യുന്ന മലയാളി യുവാക്കൾ  ഇത്തരക്കാരുടെ കെണിയില്‍ വീണു.  സിം കാര്‍ഡ് വേണോ എന്ന് ചോദിച്ചു കൊണ്ടാണ്​ പാകിസ്ഥാനി എന്ന് തോന്നിക്കുന്ന യുവാവ്   കടയില്‍ വന്നത്.   സിം കാര്‍ഡ് വേണ്ടെന്ന്​ കടയിലുള്ളവര്‍ പറഞ്ഞപ്പോള്‍ തവണ വ്യവസ്ഥയില്‍ ഫോണ്‍ നല്‍കാമെന്നായി.  ആയിരം ദിര്‍ഹം വില വരുന്ന സ്മാര്‍ട്ട് ഫോണ്‍ എട്ട് മാസം കൊണ്ട്​ പണമടച്ചു തീർക്കുന്ന രീതിയിൽ  നല്‍കാമെന്നായിരുന്നു വാഗ്​ദാനം. ഇതിനൊപ്പം   ഒരു ജി.ബി. ഡാറ്റയും മുന്നൂറ് മിനുട്ട്  കോളും  സൗജന്യ സിം കാര്‍ഡും  നല്‍കുന്നുണ്ടെന്ന് പറഞ്ഞ ഇയാള്‍ ആളുകളിൽ നിന്ന്​ രേഖകളും ആക്റ്റിവേഷന്  130 ദിര്‍ഹവും വാങ്ങി. എമിരേറ്റ്സ് ഐഡി വാങ്ങി പൂരിപ്പിച്ച് നല്‍കിയ അപേക്ഷയില്‍  ഫോണിനെ കുറിച്ച് പ്രതിപാദിക്കാത്തത് അന്വേഷിച്ചപ്പോള്‍ അടുത്ത ദിവസം കമ്പനിയില്‍ നിന്ന് വെരിഫിക്കേഷന്‍ കോള്‍ വരുമെന്നാണ്​ മറുപടി നൽകിയത്​.   പിറ്റേ ദിവസം വെരിഫിക്കേഷന്‍ കോള്‍ വന്നെങ്കിലും ഫോണിനെ കുറിച്ച് പറയാത്തത് സംശയങ്ങള്‍ക്ക് ഇടനല്‍കി. കടയില്‍ വന്നയാളെ ബന്ധപ്പെട്ടപ്പോള്‍ ഒളിച്ച് കളി തുടങ്ങി. ഇതോടെ തങ്ങൾ   ടെലിഫോണ്‍ കമ്പനിയെ നേരിട്ട് സമീപിക്കുകയായിരുന്നെന്ന്​ ചാവക്കാട്​ സ്വദേശി ശിഹാബ് പറയുന്നു. എന്നാല്‍ ഇങ്ങിനെ  ഫോണ്‍ നല്‍കുന്ന പദ്ധതി തങ്ങൾക്കില്ലെന്ന്​ കമ്പനി വ്യക്​തമാക്കി. അതേ സമയം ഇവരുടെ പേരില്‍ 150 ദിര്‍ഹം പ്രതിമാസ വാടകയില്‍  സിം കാര്‍ഡ്  ആക്റ്റിവേറ്റ് ആക്കിയിട്ടുമുണ്ട്. ഇത് ഒഴിവാക്കണമെങ്കില്‍ മുന്നൂറ് ദിര്‍ഹവും നടപ്പ് മാസത്തെ  150 ദിര്‍ഹവും ഈടാക്കുമെന്ന് ടെലിഫോണ്‍ കമ്പനി അറിയിച്ചു. ഈ അനുഭവം സുഹൃത്തുക്കളോട് വിവരിച്ചപ്പോള്‍ അവരില്‍ പലര്‍ക്കും ഇതേ അനുഭവമുണ്ടായിട്ടുണ്ടെന്നു പറഞ്ഞു. എന്നാല്‍ ഇതിന്‍റെയൊക്കെ പിറകില്‍ നടക്കാന്‍ സമയമില്ലാത്തതിനാല്‍ ആരോടും പരാതിപ്പെടാന്‍ പോയതുമില്ല. ഇത്തരത്തില്‍ തട്ടിപ്പുമായി ഇറങ്ങി തിരിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്ന ലക്ഷ്യത്തില്‍ പൊലീസില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് ഇവര്‍. അടുത്തിടെ തനിക്കും ഇതേ അനുഭവം ഉണ്ടായതായി അജ്മാന്‍ അല്‍ സഹറയില്‍ സ്​റ്റുഡിയോ നടത്തുന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയും   വിവരിക്കുന്നു. തട്ടിപ്പുകാർ സൗജന്യമാണെന്ന് ധരിപ്പിച്ച് പലർക്കും നൽകുന്ന സിം കാര്‍ഡ് ഇയര്‍ പ്ലാനിലുള്ളതാനെന്നു അറിയുന്നത് ഏറെ വൈകിയാണ്. ക്യാന്‍സല്‍ ചെയ്യാന്‍ പോയപ്പോള്‍ വര്‍ഷത്തിനു ബാക്കിയുള്ള മാസങ്ങളുടെ തുക കൂടി അടക്കണമെന്ന വിവരമാണ് ലഭിക്കുക. ടെലിഫോണ്‍ കമ്പനിയുടെ യുണിഫോം ധരിച്ച് എത്തുന്നവരാണ്  ഇതേ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തവരെ  കബളിപ്പിക്കുന്നത്. ടെലിഫോണ്‍  കമ്പനിയില്‍ നിന്നും ഓഫര്‍ പ്ലാന്‍ വിവരിക്കുന്ന വിളി കേട്ട് മറുപടി പറയുന്നതിനിടെ അറിയാതെ  ഒക്കെ പറഞ്ഞതിന് ഇയര്‍ പ്ലാനില്‍ പെട്ട് പോയവരുമുണ്ട്. 
 
Loading...
COMMENTS