ശൈഖ് മുഹമ്മദ് ബിന്‍ സായിദ് വത്തിക്കാനില്‍ പോപ്പുമായി കൂടിക്കാഴ്ച നടത്തി
text_fieldsഅബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ വത്തിക്കാന്‍ സിറ്റി സന്ദര്‍ശിച്ച് പോപ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി. ലോകത്ത് സമാധാനവും സുരക്ഷയും സുസ്ഥിരതയും വികസനവും പ്രോത്സാഹിപ്പിക്കാന്‍ യു.എ.ഇ ദൃഢനിശ്ചയത്തോടെ നിലകൊള്ളുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പറഞ്ഞു.
മറ്റു വിശ്വാസങ്ങളുമായുള്ള ബന്ധങ്ങള്‍ ശക്തമാക്കാനും സഹവര്‍ത്തിത്വം പ്രോത്സാഹിപ്പിക്കാനുമുള്ള പ്രധാന അവസരമായിരുന്നു വ്യാഴാഴ്ച നടന്ന പോപുമായുള്ള സംഭാഷണം. ലോകത്താകമാനം സമാധാനവും സുസ്ഥിരതയും കൈവരിക്കാനും പ്രോത്സാഹിപ്പിക്കാനും തങ്ങളിരുവരും പ്രവര്‍ത്തിക്കും.
ലോകം ഈയിടെ സാക്ഷിയായിക്കൊണ്ടിരിക്കുന്ന യുദ്ധ, തീവ്രവാദ പ്രവണതകള്‍ പരസ്പര സഹവര്‍ത്തിത്വത്തിന്‍െറയും സംഭാഷണങ്ങളുടെയും സംസ്കാരത്തിന്‍െറ അഭാവം കാരണമാണ്. വ്യത്യസ്ത നാഗരികതകള്‍ക്കും സംസ്കാരങ്ങള്‍ക്കും മതങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ സഹിഷ്ണുതയുടെയും സുതാര്യതയുടെയും അടിത്തറ പാകാനുള്ള ഒരു പ്രയത്നവും യു.എ.ഇ പാഴാക്കുകയില്ല. വിവിധ വിശ്വാസങ്ങള്‍ പുലര്‍ത്തുന്നവര്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ വളര്‍ത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നരില്‍നിന്ന് മതങ്ങളുടെ പരിശുദ്ധി സംരക്ഷിക്കുന്നതിന് ആവശ്യമായ അന്താരാഷ്ട്ര നിയമം വികസിപ്പിച്ചെടുക്കുകയെന്നത് രാജ്യം ലക്ഷ്യം വെക്കുന്നു. വ്യത്യസ്ത മതങ്ങളും വര്‍ഗങ്ങളും സംസ്കാരങ്ങളുമായി 200ലധികം രാജ്യക്കാര്‍ ഐക്യത്തോടെ ജീവിക്കുന്ന നാടെന്ന നിലയില്‍ ഒരു സഹവര്‍ത്തിത്വ മാതൃകയാണ് യു.എ.ഇയെന്ന് ശൈഖ് മുഹമ്മദ് സായിദ് പറഞ്ഞു. വെറുപ്പിനും വിവേചനത്തിനും എതിരായ നിയമം യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ചിരുന്നു.
അസഹിഷ്ണുതയെയും തീവ്രവാദത്തെയും അക്രമത്തെയും മതത്തിന്‍െറ പരിശുദ്ധി കളങ്കപ്പെടുത്താനുള്ള ശ്രമങ്ങളെയും നേരിടാന്‍ പോപ് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നു. ദാരിദ്ര്യം, അജ്ഞത, അക്രമം, അസഹിഷ്ണുതയിലേക്കും തീവ്രവാദത്തിലേക്കും നയിക്കുന്ന വിദ്വേഷ സംസ്കാരം എന്നിവയെ ഇല്ലാതാക്കാനുള്ള പോപിന്‍െറ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം ശ്ളാഘിച്ചു. ഇത്തരം വെല്ലുവിളികളെ നേരിടാന്‍ സഹിഷ്ണുതയും സൗമ്യതയും സഹവര്‍ത്തിത്വവും പ്രോത്സാഹിപ്പിച്ചും ആവശ്യമുള്ളവരിലേക്ക് ജീവകാരുണ്യമത്തെിച്ചും യു.എ.ഇ പ്രവര്‍ത്തിക്കുന്നു.
സംഭാഷണങ്ങള്‍ക്കും സമാധാനത്തിനും ആഹ്വാനം ചെയ്യുന്ന ഇസ്ലാം സഹിഷ്ണുതയുടെ മതമാണ്്. ഇസ്ലാമിന്‍െറ പേരിലെന്ന വ്യാജേന, ഇസ്ലാമിന്‍െറ ശരിയായ പാതയില്‍നിന്ന് വ്യതിചലിച്ചാണ് ഭീകരവാദികള്‍ പ്രവര്‍ത്തിക്കുന്നത്്. ഇത്തരം ഭീകരവാദികള്‍ ഏതെങ്കിലും മതവുമായോ വര്‍ഗവുമായോ ഭൂപ്രദേശവുമായോ ബന്ധമില്ലാത്ത കുറ്റകൃത്യ സംഘങ്ങളാണെന്ന് തിരിച്ചറിയുകയാണ് അവയെ പരാജയപ്പെടുത്താനുള്ള ആദ്യ പടിയെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
