ഫുജൈറ ശൈഖ് സായിദ് പള്ളി നമസ്കാരത്തിന് തുറന്നു
text_fieldsഷാര്‍ജ: യു.എ.ഇയിലെ രണ്ടാമത്തെ ഏറ്റവും വലിയ പള്ളിയായ ഫുജൈറയിലെ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ പള്ളി നമസ്ക്കാരത്തിനായി സ്ഥിരമായി തുറന്നു. റമദാന്‍ ഒന്നിലെ പ്രഭാത നമസ്കാരത്തിനാണ് പള്ളി തുറന്നത്. പള്ളിയുടെ താത്ക്കാലിക ഉദ്ഘാടനം കഴിഞ്ഞ ബലിപെരുന്നാളിന് നടന്നിരുന്നു. എന്നാല്‍ സ്ഥിരമായുള്ള പ്രാര്‍ഥനക്കായിട്ടാണ് ഇപ്പോള്‍ തുറന്നിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. റമദാനിലെ രാത്രി നമസ്ക്കാരമായ തറാവീഹ് നമസ്കാരവും ഇവിടെ നടക്കുന്നുണ്ട്. റമദാനിലെ അവസാന പത്തില്‍ ഇഅ്ത്തിക്കാഫിനുള്ള (ഭജന) സൗകര്യവും ഒരുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വന്‍ സൗകര്യങ്ങളാണ് പള്ളിക്കകത്ത് ഒരുക്കിയിരിക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കായി 300 പ്രത്യേക ഇരിപ്പിടങ്ങള്‍ ഇവിടെ നിരത്തിയിട്ടുണ്ട്. 23.70 കോടി ദിര്‍ഹം ചെലവിലാണ് പള്ളി നിര്‍മിച്ചത്. 28,000 പേര്‍ക്ക് ഒരേ സമയം നമസ്കരിക്കാം. 2010ലാണ് പള്ളിയുടെ നിര്‍മാണം തുടങ്ങിയത്. 32,000 ചതുരശ്ര മീറ്ററാണ് രണ്ട് നില പള്ളിയുടെ വിസ്തീര്‍ണം.
ലോകത്തിലെ മഹത്തായ ഗ്രന്ഥങ്ങളടങ്ങിയ വിപുലമായ വായനശാലയും പള്ളിക്കകത്തുണ്ട്. പള്ളിക്ക് ചുറ്റും പുല്‍മേടുകളും പൂച്ചെടികളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. മലയടിവാരത്തില്‍ നില്‍ക്കുന്ന ഈ വെണ്ണക്കല്‍ മസ്ജിദില്‍ ആര്‍ക്കും പ്രവേശിക്കാം. ആറ് മിനാരങ്ങളും 65 താഴിക കൂടങ്ങളുമടങ്ങിയ പള്ളിക്ക് 100 മീറ്റര്‍ ഉയരമുണ്ട്. പള്ളി മുറ്റത്ത് 14,000 പേര്‍ക്ക് നിരന്ന് നില്‍ക്കാനുള്ള സൗകര്യവുമുണ്ട്. പള്ളിയുടെ താഴത്തെ നിലയില്‍ സ്ത്രീകള്‍ക്ക് നമസ്ക്കരിക്കുവാനുള്ള വിപുലമായ സൗകര്യമുണ്ട്. ഒട്ടോമന്‍ ശില്‍പ ചാരുതയിലാണ് പള്ളി നിര്‍മിച്ചിരിക്കുന്നത്. പ്രശസ്ത വാസ്തുശില്‍പി സിനാന്‍ രൂപകല്‍പന ചെയ്ത തുര്‍ക്കിയിലെ സുലൈമാന്‍ മസ്ജിദിന്‍െറ രൂപഭംഗിയാണിതിന്. പള്ളി പ്രാര്‍ഥനക്ക് സജ്ജമായതോടെ പ്രദേശത്തെ എല്ലാ പള്ളികളിലും വൈകാതെ ഉപഗ്രഹം വഴിയായിരിക്കും ബാങ്ക് വിളി ഉയരുക. നുറ്റാണ്ടുകളുടെ ചരിത്രം പറയുന്ന നിരവധി ചരിത്ര സ്മാരകങ്ങള്‍ ഫുജൈറയിലുണ്ട്. കോട്ടകള്‍, കിടങ്ങുകള്‍, കിണറുകള്‍, മലകള്‍ തുരന്നുണ്ടാക്കിയ വാസസ്ഥലങ്ങള്‍, അണക്കെട്ടുകള്‍, കാര്‍ഷിക മേഖലകള്‍, തോട്ടങ്ങള്‍, പ്രാചീനതയുടെ സൗന്ദര്യം നെഞ്ചിലേറ്റി നില്‍ക്കുന്ന ബിദിയ മസ്ജിദ്, കടല്‍, കണ്ടല്‍ക്കാടുകള്‍ തുടങ്ങിയവ കാണാന്‍ ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവിടേക്ക് എത്തുന്നു.
ശൈഖ് സായിദ് പള്ളി തുറന്നതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകും. മലകള്‍ക്കും പട്ടണത്തിനും മധ്യേ നിര്‍മിക്കുന്ന പള്ളിയുടെ സൗന്ദര്യം ഇതിനകം സാമൂഹിക മാധ്യമങ്ങള്‍ വഴി ലോകമാകെ സഞ്ചരിച്ച് കഴിഞ്ഞിട്ടുണ്ട്. ശൈഖ് ഖലീഫ ഫ്രീവേ തുറന്നതോടെ അബൂദബി, ദുബൈ മേഖലകളില്‍ നിന്നുള്ള സഞ്ചാരികളുടെ വഴിദൂരം പകുതിയായി കുറഞ്ഞത് ഫുജൈറയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. പള്ളിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി സമീപത്തെ റൗണ്ടെബൗട്ട് മനോഹരമാക്കിയിരുന്നു. പിരമിഡിന്‍െറ ആകൃതിയില്‍ റൗണ്ടബൗട്ടില്‍ തീര്‍ത്ത ശില്‍പ്പവും അതില്‍ വെച്ച് പിടിപ്പിച്ച ചെടികളും ദീപാലങ്കാരങ്ങളും കണ്ണ് കുളിര്‍പ്പിക്കുന്ന രാക്കാഴ്ച്ചയാണ്. പള്ളിയുടെ സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന സിവില്‍ ഡിഫന്‍സ് കെട്ടിടം ഇവിടെ നിന്ന് മാറ്റി സ്ഥാപിക്കുകയും ഈ ഭാഗം ഇടിച്ച് നിരപ്പാക്കി പൂന്തോട്ടങ്ങളും നടപ്പാതയും ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഫുജൈറയിലെ പ്രധാന പാതയായ അഹ്മദ് ബിന്‍ അബ്ദുല്ല റോഡിലെ എയര്‍പ്പോര്‍ട്ട് റൗണ്ടെബൗട്ടില്‍ നിന്ന് ഇടത് തിരിഞ്ഞ് കിട്ടുന്ന അല്‍ സലാം റോഡിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ഫുജൈറ സിറ്റി സെന്‍റര്‍ കഴിഞ്ഞ് കിട്ടുന്ന ഗലദാരി റൗണ്ടബൗട്ടില്‍ നിന്ന് ഇടത് തിരിഞ്ഞ് മുഹമദ് ബിന്‍ മതാര്‍ റോഡിലൂടെ പോയാലും പള്ളിയിലത്തൊം. പള്ളിക്ക് ഏറെ അകലെയല്ലാതെ ഫുജൈറ കോട്ടയും സ്ഥിതി ചെയ്യുന്നു. കോട്ടക്ക് സമീപം പരമ്പരാഗത ഗ്രാമവുമുണ്ട്. ആയിരക്കണിന് പേരാണ് ആദ്യ ദിവസം പള്ളിയില്‍ നമസ്കരിക്കാനത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
