അബൂദബിയില്‍ അനധികൃത താമസത്തിനെതിരെ കര്‍ശന നടപടിയുമായി നഗരസഭ
text_fieldsഅബൂദബി: തലസ്ഥാന നഗരിയിലും പ്രാന്തപ്രദേശങ്ങളിലും അനധികൃത താമസത്തിന് എതിരെ അബൂദബി മുനിസിപ്പാലിറ്റി നടപടി ശക്തമാക്കുന്നു. കുടുംബങ്ങളും ബാച്ചിലര്‍ താമസക്കാരും അനധികൃതമായി താമസിക്കുന്നത് ഒഴിവാക്കുന്നതിനും നിയമവിധേയമാക്കുന്നതിന്‍െറയും ഭാഗമായാണ് നടപടി. ആളുകള്‍ അനധികൃതമായി തിങ്ങിതാമസിക്കുന്ന മേഖലകളിലാണ് പരിശോധന നടത്തുക. താമസ, സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് കെട്ടിടത്തില്‍ ആളെ താമസിപ്പിച്ചാല്‍ വന്‍തുകയാണ് പിഴ. ഫ്ളാറ്റുകള്‍ ഷെയര്‍ ചെയ്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് ഇത് തിരിച്ചടിയാകും.
അബൂദബി മുനിസിപ്പിലാറ്റിയും തന്ത്രപ്രധാന പങ്കാളികളും സഹകരിച്ചാണ് നടപടി സ്വീകരിക്കുക. അബൂദബി സിറ്റി, അല്‍ ബത്തീന്‍, അല്‍ വത്ബ, ഷഹാമ, മുസഫ എന്നിവിടങ്ങളിലെ മുനിസിപ്പല്‍ സെന്‍ററുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുക.
ഒരു താമസ യൂനിറ്റില്‍ ഒരു കുടുംബം എന്ന നിയമം അബൂദബി മുനിസിപ്പാലിറ്റി വീണ്ടും കര്‍ശനമായി നടപ്പാക്കുകയാണ്. കെട്ടിടങ്ങളില്‍ അനുമതിയില്ലാതെ താല്‍കാലിക ചുമരുകള്‍ നിര്‍മിച്ച് നിരവധി കുടുംബങ്ങളെ ഒന്നിച്ച് താമസിപ്പിക്കുന്ന പ്രവണത തടയുകയാണ് ലക്ഷ്യം. ഇത്തരം താമസയിടങ്ങള്‍ ആരോഗ്യ, സുരക്ഷാ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കുടുംബങ്ങള്‍ക്കായി അനുവദിച്ച കെട്ടിടങ്ങളില്‍ ബാച്ചിലര്‍മാരെ താമസിപ്പിക്കുന്നതും പിടികൂടും. കൊമേഴ്സ്യല്‍ കെട്ടിടങ്ങളില്‍ ഒരു മുറിയില്‍ മൂന്ന് ബാച്ചിലര്‍മാരെ മാത്രമാണ് താമസിപ്പിക്കാന്‍ അനുമതിയുള്ളത്. 2015ല്‍ മാത്രം അബൂദബി മുനിസിപ്പാലിറ്റിക്ക് കീഴില്‍ 3328 താമസ നിയമ ലംഘനങ്ങളാണ് പിടികൂടിയത്. വത്ബയില്‍ നിന്ന് മാത്രം 1952 നിയമലംഘനങ്ങളാണ് പിടികൂടിയത്. മുസഫയില്‍ നിന്ന് 621 നിയമലംഘനങ്ങളും ഷഹാമയില്‍ നിന്ന് 302 കേസുകളും അല്‍ബത്തീനില്‍ നിന്ന് 124 ലംഘനങ്ങളും കണ്ടത്തെി. നിയമം ലംഘിച്ച് ആളെ താമസിപ്പിച്ചാല്‍ പതിനായിരം ദിര്‍ഹം മുതല്‍ ലക്ഷം ദിര്‍ഹം വരെയാണ് പിഴ.
ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെയാകും. നിയമലംഘനങ്ങള്‍ ഒരു മാസത്തിനുള്ളില്‍ ഒഴിവാക്കുന്നവര്‍ക്ക് പിഴയില്‍ 50 ശതമാനം ഇളവ് നല്‍കുന്നുണ്ട്.
മുനിസിപ്പാലിറ്റി സാക്ഷ്യപ്പെടുത്തിയ വാടകകരാറോടെയാണ് താമസക്കാര്‍ കെട്ടിടത്തില്‍ തങ്ങേണ്ടത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് താമസയിടം ഒരുക്കി കൊടുക്കണമെന്ന് മുനിസിപ്പാലിറ്റി നിര്‍ദേശിച്ചു. വില്ലകളിലും വീടുകളിലും മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ താല്‍ക്കാലിക ചുമരുകള്‍ നിര്‍മിച്ച് ആളുകളെ താമസിപ്പിക്കുന്നത് കര്‍ശനമായി തടയും. ഇതോടൊപ്പം കെട്ടിടങ്ങളുടെ ഹാളുകളിലും ഇടനാഴികളിലും ആളുകളെ താമസിപ്പിക്കാന്‍ അനുവദിക്കില്ല. ഇത്തരം കേസുകളില്‍ മുനിസിപ്പാലിറ്റിയുടെ അനുമതി ആദ്യം വാങ്ങിയിരിക്കണം. സര്‍ക്കാര്‍ സ്ഥാപനങ്ങളും കമ്പനികളും കോര്‍പറേഷനുകളും ജീവനക്കാര്‍ക്ക് താമസ സൗകര്യം ലഭ്യമാക്കി നിയമലംഘനം ഒഴിവാക്കണമെന്ന് മുനിസിപ്പാലിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
കുറഞ്ഞവരുമാനക്കാരായ പ്രവാസി കുടുംബങ്ങള്‍ വാടക താങ്ങാന്‍ കഴിയാത്തതിനാല്‍ പലപ്പോഴും ഷെയറിങ് അക്കോമഡേഷനെയാണ് ആശ്രയിക്കുന്നത്. പരിശോധന ശക്തമായാല്‍ ഈ കുടുംബങ്ങള്‍ക്ക് പുതിയ താമസയിടങ്ങള്‍ തേടേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.