പ്രകാശം പരത്തി കുട്ടികളുടെ വായനോത്സവത്തിന് ഇന്ന് തുടക്കം
text_fieldsഷാര്‍ജ: എട്ടാമത് കുട്ടികളുടെ വായനോത്സവത്തിന് ബുധനാഴ്ച്ച രാവിലെ 10ന് തുടക്കമാകും. ‘പ്രകാശം പരത്തുക’ എന്ന ശീര്‍ഷകത്തില്‍ ഷാര്‍ജ അല്‍ താവൂനിലെ എക്സ്പോ സെന്‍ററില്‍ 11 ദിവസം നീളുന്ന പരിപാടി യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ഖാസിമി ഉദ്ഘാടനം ചെയ്യും.
ഇന്ത്യയുള്‍പ്പെടെ 15 രാജ്യങ്ങളില്‍ നിന്നായി 130 പ്രസാധകര്‍ പങ്കെടുക്കും. പുസ്തക പ്രകാശനം, വില്‍പ്പന, പ്രദര്‍ശനം, ശില്‍പ്പശാല, എഴുത്തുകാരുമായി സംവാദം, കവിയരങ്ങ് തുടങ്ങി 1518 പരിപാടികളാണ് 11 ദിവസം നീളുന്ന മേളയില്‍ നടക്കുന്നത്. ഇതില്‍ 1245 പരിപാടികള്‍ കുട്ടികളുടെതാണ്. 74 സാംസ്കാരിക ഇനങ്ങളും, 61 പാചക സംബന്ധമായ പരിപാടികളും 27 ശില്‍പ്പശാലകളും നടക്കും. കുട്ടികളുടെ പുസ്തകങ്ങള്‍ക്കായി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കും.
56 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രകാരന്‍മാരുടെ 1083 ചിത്രങ്ങളുടെ പ്രദര്‍ശനമാണ് നടക്കുക. യു.എ.ഇയില്‍ നിന്ന് 55 പ്രസാധകരുണ്ടാകും. ഇന്ത്യയില്‍ നിന്ന് ഏഴും, ലബനാന്‍ 25, ഈജിപ്ത് 20, ചൈന, കാനഡ, യു.കെ എന്നിവിടങ്ങളില്‍ നിന്നും പ്രസാധകരത്തെുന്നു.
ബിയോണ്ട് പ്ളാനറ്റ് എര്‍ത്ത് എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ബഹിരാകാശ പ്രദര്‍ശനമാണ് ഇത്തവണത്തെ പുതുമ. 35 പരിപാടികളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുക. വരാന്‍ പോകുന്ന 50 മുതല്‍ 100 വര്‍ഷം വരെയുള്ള ലോകത്തിന്‍െറ മാറ്റങ്ങള്‍ മനസിലാക്കാന്‍ ഇത് വഴി ഒരുക്കും.
കുട്ടികളുടെ സംഗമമായ ദി ലിറ്റില്‍ ഇന്നവേറ്റര്‍ കഫെ, കോമിക് കഥകള്‍, സാമൂഹ്യ മാധ്യമ കഫെ, വിദ്യഭ്യാസ പരിപാടികള്‍, ടാലന്‍റ് ഡിസ്കവറി തുടങ്ങിയ പരിപാടികളും വിവിധ ദിവസങ്ങളിലായി നടക്കും. മൊറോക്കന്‍ എഴുത്തുകാരന്‍ അല്‍ അറബി ബിന്‍ ജലൂന്‍, ജോര്‍ദാനിയന്‍ എഴുത്തുകാരി സനാ ആല്‍ ഹത്താബ്, ഇറാഖി എഴുത്തുകാരനും ചിത്രകാരനുമായ അലി ആല്‍ മെന്ദലാവി, സിറിയന്‍ എഴുത്തുകാരി നബീല അഹ്മദ് അലി, ഖത്തര്‍ വിദ്യഭ്യാസ പ്രവര്‍ത്തകന്‍ ഡോ. റബീഅ ബിന്‍ സബാഹ് ആല്‍ കവാരി, ഈജിപ്ഷ്യന്‍ ചലച്ചിത്ര താരവും ടെലിവിഷന്‍ അവതാരകനുമായ നജ്വ ഇബ്രാഹിം, ബഹ്റൈനി നടന്‍ മുഹമദ് യാസിന്‍, ബ്രിട്ടീഷ് നോവലിസ്റ്റുകളായ മിറിയം മോസ്, അഞ്ജല മാക് അലിസ്റ്റര്‍, അമേരിക്കന്‍ നോവലിസ്റ്റുകളായ അലിസണ്‍ മാക് ഗീ, ടോം മാക് നീല്‍, ബ്രിട്ടനില്‍ കഴിയുന്ന ഫിലിപ്പീന്‍സ് എഴുത്തുകാരി കാന്‍ ഗോര്‍ലെ, സിബീബീ കാരി ബേര്‍ണല്‍, ഫിലിപ്പീന്‍ ബാലസാഹിത്യകാരി സേര്‍ജിയോ ബുമറ്റൈ തുടങ്ങി നിരവധി പ്രശസ്തരാണ് ഇത്തവണ കുട്ടികളുടെ വായനയും എഴുത്തും പ്രോത്സാഹിപ്പിക്കാനത്തെുന്നതെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കാദ് ആല്‍ അമീരി പറഞ്ഞു.
ശനി മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടുവരെയും വെള്ളിയാഴ്ച്ച വൈകീട്ട് നാലു മുതല്‍ 10 വരെയുമാണ് വായനോത്സവം നടക്കുക.
പ്രവേശം, വാഹനം നിറുത്തുവാനുള്ള സൗകര്യം എന്നിവ സൗജന്യമാണ്. മേളയുടെ വിളംബരം അറിയിച്ച് കൊണ്ട് പാതയോരങ്ങളിലും ചത്വരങ്ങളിലും കമാനങ്ങളും കൊടി-തോരണങ്ങളും ഉയര്‍ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.