ഇഖാമ, എക്സിറ്റ്, റീഎൻട്രി വിസ പുതുക്കലിന് ഫീസ് ഒഴിവാക്കിയ നടപടി പ്രാബല്യത്തിൽ

ജിദ്ദ: കോവിഡ് 19 പശ്ചാത്തലത്തിൽ വിദേശ തൊഴിലാളികളുടെ ഇഖാമയും എക്സിറ്റ്, റീഎൻട്രി വിസകളും പുതുക്കുന്നതിനോ റദ്ദാക്കുന്നതിനോ ഫീസ് ഒഴിവാക്കിയ നടപടി പ്രാബല്യത്തിലായതായി പാസ്‌പോർട്ട് വിഭാഗം (ജവാസാത്ത്) അറിയിച്ചു. ഇൗ വർഷം ജൂൺ അവസാനം വരെയുള്ള കാലയളവിലാണ് ഇൗ ആനുകൂല്യം ലഭിക്കുന്നത്.  ആഭ്യന്തര മന്ത്രാലയത്തി​െൻറ അബ്ഷീർ, മുഖീം പോർട്ടലുകൾ വഴി സേവനങ്ങൾ ലഭ്യമാണെന്നും ഇതിനായി പാസ്പോർട്ട് ഓഫീസുകൾ സന്ദർശിക്കേണ്ട ആവശ്യമില്ലെന്നും പാസ്‌പോർട്ട് വിഭാഗം ട്വിറ്റർ വഴി അറിയിച്ചു.


മാർച്ച് 18നും ജൂൺ 30നും ഇടയിൽ കാലാവധി അവസാനിക്കുന്ന ഇഖാമയാണ് മൂന്നു മാസത്തേക്ക് ലെവിയില്ലാതെ പുതുക്കാനാവുക. ഫെബ്രുവരി 25 മുതൽ മാർച്ച് 20 വരെയുള്ള കാലയളവിൽ എക്സിറ്റ്, റീഎൻട്രി വിസകൾ അടിക്കുകയും എന്നാൽ രാജ്യത്തിന് പുറത്തുപോകാൻ കഴിയാതിരിക്കുകയും ചെയ്തവർക്ക് പ്രത്യേക ഫീസില്ലാതെ കാലാവധി അടുത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകും. ഇതിനോടകം ഫൈനൽ എക്സിറ്റ് വിസ അടിക്കുകയും ഇഖാമയിലെ കാലാവധി തീരുന്നതിന് മുമ്പ് യാത്ര ചെയ്യാൻ സാധിക്കാതെ വരികയും ചെയ്തവരുടെ ഫൈനൽ എക്സിറ്റ് വിസ റദ്ദാക്കി അവർക്ക് അടുത്ത മൂന്ന് മാസത്തേക്ക് കൂടി രാജ്യത്ത് താമസിക്കാൻ അവസരം നൽകും. ഇതിനൊന്നും പ്രത്യേക ഫീസ് അടക്കേണ്ടതില്ല എന്നാണ് പാസ്പോര്ട്ട് വിഭാഗം അറിയിച്ചിരിക്കുന്നത്.

പ്രതിരോധ മുൻകരുതൽ നടപടികളുടെ ഭാഗമായി രാജ്യത്തുനിന്നുള്ള അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തിവച്ചതിനെ തുടർന്ന് ബുദ്ധിമുട്ടിലായവർക്കാണ് ഇൗ സമാശ്വാസ പദ്ധതി. എക്സിറ്റ്, റീഎൻട്രി വിസകളുടെയും ഫൈനൽ എക്സിറ്റ് വിസയുടെയുമെല്ലാം കാലാവധി പരിശോധിക്കാനും നിയമാനുസൃതമായ മറ്റു പിഴകൾ വരുന്നത് ഒഴിവാക്കാനുമായി അത്തരം വിസകൾ അബ്ഷീർ, മുഖീം പോർട്ടലുകൾ വഴി റദ്ദ് ചെയ്യാനും രാജ്യത്തെ വിദേശ തൊഴിലാളികളോട് പാസ്പോർട്ട് വിഭാഗം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

Loading...
COMMENTS